Featured Oddly News

അതിര്‍ത്തി കടന്നുള്ള പ്രണയം വീണ്ടും; പാകിസ്താനിലേക്ക് കടന്ന യുപികാരന്‍ അവിടെ അറസ്റ്റിലായി


അതിര്‍ത്തി കടന്നുള്ള ഓണ്‍ലൈന്‍ പ്രണയവും അതിന് ശേഷം അവരെ തേടി മറ്റൊരു രാജ്യത്തിലേക്കുള്ള വരവും പോക്കുമൊക്കെ ഇപ്പോള്‍ ഇന്ത്യയില്‍ പതിവ് വിഷയം പോലെയായിട്ടുണ്ട്. പക്ഷേ ഉത്തര്‍പ്രദേശിലെ ഒരു യുവാവിനെ ഇത് കൊണ്ടെത്തിച്ചത് പാകിസ്താനിലെ ജയിലിലാണ്. പ്രണയിനിയെ കാണാനായി അനധികൃതമായി അതിര്‍ത്തി കടന്ന യുപി യുവാവ് പാകിസ്താനില്‍ അറസ്റ്റിലായി.

ഉത്തര്‍പ്രദേശിലെ അലിഗഢ് ജില്ലയില്‍ നിന്നുള്ള ഇയാള്‍ ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിക്കുകയും പ്രണയിക്കുകയും ചെയ്തത് പാകിസ്താന്‍കാരിയെയാണ്. അവളെ കാണാന്‍ അനധികൃതമായി അതിര്‍ത്തി കടന്നതിന് പാകിസ്ഥാനില്‍ അറസ്റ്റിലായി. നഗ്ല ഖത്കാരി ഗ്രാമത്തില്‍ താമസിക്കുന്ന 30 കാരനായ ബാദല്‍ ബാബുവാണ് പാക്കിസ്ഥാനിലെ പഞ്ചാബ് പോലീസ് മാണ്ഡി ബഹാവുദ്ദീന്‍ നഗരത്തില്‍ പിടിയിലായത്.

സോഷ്യല്‍ മീഡിയയില്‍ യുവതിയുമായി പ്രണയബന്ധം വളര്‍ത്തിയെടുത്തെന്നും അവരെ നേരില്‍ കാണണമെന്ന ആഗ്രഹത്തില്‍ സാധുവായ വിസയോ യാത്രാ രേഖകളോ ഇല്ലാതെയാണ് രാജ്യത്തേക്ക് കടന്നതെന്നും ചോദ്യം ചെയ്യലില്‍ ബാബു സമ്മതിച്ചതായി പാകിസ്ഥാന്‍ അധികൃതര്‍ പറഞ്ഞു. മതിയായ യാത്രരേഖകള്‍ ഹാജരാക്കാത്തതിനെ തുടര്‍ന്ന് ഡിസംബര്‍ 27നാണ് ബാബുവിനെ അറസ്റ്റ് ചെയ്തത്. 1946ലെ പാകിസ്ഥാന്‍ ഫോറിനേഴ്സ് ആക്ടിന്റെ 13, 14 വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു, പിന്നീട് കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 2025 ജനുവരി 10 ന് അദ്ദേഹം വീണ്ടും ഹാജരാകണം.

മുമ്പ് രണ്ട് തവണ ഇയാള്‍ ഇന്ത്യ-പാക് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. തന്റെ മൂന്നാമത്തെ ശ്രമത്തില്‍, അദ്ദേഹം വിജയകരമായി പാകിസ്ഥാനിലേക്ക് കടന്നു, മണ്ടി ബഹാവുദ്ദീനില്‍ എത്തി, അവിടെ അദ്ദേഹം ഓണ്‍ലൈനില്‍ ആശയവിനിമയം നടത്തിയിരുന്ന സ്ത്രീയെ കണ്ടുമുട്ടി. ബാബുവിന്റെ പാകിസ്ഥാനിലേക്കുള്ള അനധികൃത പ്രവേശനം അദ്ദേഹത്തിന്റെ പ്രണയബന്ധം കൊണ്ടാണോ അതോ മറ്റെന്തെങ്കിലും പ്രേരണകള്‍ ഉണ്ടോയെന്നാണ് ഇപ്പോള്‍ അധികൃതര്‍ അന്വേഷിക്കുന്നത്.

ഇതാദ്യമായല്ല ഒരു ഇന്ത്യക്കാരന്‍ അതിര്‍ത്തി കടന്ന് പാക്കിസ്ഥാനിലെത്തി പങ്കാളിയെ കാണാന്‍ ശ്രമിക്കുന്നത്. ഈ വര്‍ഷം ജൂലൈയില്‍ സമാനമായ സംഭവത്തില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരാള്‍ ഓണ്‍ലൈനില്‍ പരിചയപ്പെട്ട പാകിസ്ഥാന്‍ യുവതിയെ വിവാഹം കഴിക്കാന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്) ഉദ്യോഗസ്ഥര്‍ ഇയാളുടെ ശ്രമം പരാജയപ്പെടുത്തി, ജമ്മു കശ്മീരിലെ ഖോഖര്‍ ബോര്‍ഡര്‍ ഔട്ട്പോസ്റ്റില്‍ വെച്ച് ഇയാളെ തടഞ്ഞുവെച്ച് പ്രാഥമിക അന്വേഷണത്തിന് ശേഷം പോലീസിന് കൈമാറി.