Sports

എങ്ങിനെയും റയലിലേയ്ക്ക് മടങ്ങിപ്പോകണം; തുറന്നുപറഞ്ഞ് ക്രിസ്ത്യാനോ റൊണാള്‍ഡോ

റയല്‍മാഡ്രിഡിലേക്ക് ഏതുരീതിയിലും ഒരു മടങ്ങിവരവ് ആഗ്രഹിക്കുന്നയാളാണ് താനെന്ന് ഫുട്‌ബോളിലെ സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോ. മടങ്ങിവരാനായാല്‍ താന്‍ അത് ഏറ്റവും ആഗ്രഹിക്കുന്ന കാര്യമാണെന്നും ഫുട്‌ബോളില്‍ നിന്നും വിരമിച്ചാല്‍ പോലും റയല്‍മാഡ്രിഡ് വിളിച്ചാല്‍ ഓടിയെത്തുമെന്നും താരം പറഞ്ഞു. ഒരു ദശാബ്ദക്കാലമാണ് ക്രിസ്ത്യാനോ സാന്‍ിയാഗോ ബെര്‍ണെബുവില്‍ കളിച്ചത്.

പിന്നീട് ഇറ്റലിയില്‍ യുവന്റസിനൊപ്പവും അതിന് ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് തിരിച്ചുവരികയും അവിടെ നിന്നും വമ്പന്‍ തുകയ്ക്ക് അല്‍-നാസറിലേക്ക് പോകുകയും ചെയ്തു. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന ഫുട്‌ബോള്‍ കളിക്കാരനായ അദ്ദേഹം ബൂട്ടുകള്‍ അഴിച്ചാല്‍ പോലും ഏതെങ്കിലും തരത്തില്‍ മാഡ്രിഡിലേക്കുള്ള തിരിച്ചുവരവിന് അവസരം കിട്ടിയാല്‍ തള്ളിക്കളയില്ലെന്ന് സമ്മതിച്ചു. സ്പാനിഷ് പത്രപ്രവര്‍ത്തകനായ എഡ്വാര്‍ഡോ അഗ്വിറെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു: ”ഒരുപക്ഷേ എന്റെ കരിയര്‍ അവസാനിച്ചതിന് ശേഷം എന്തെങ്കിലും സംഭവിച്ചേക്കാം. റയല്‍ മാഡ്രിഡില്‍, ഫുട്‌ബോളിന്റെ കാര്യത്തില്‍ തന്റേത് ഏറ്റവും മികച്ച സമയമായിരുന്നു,” സ്പാനിഷ് വമ്പന്മാര്‍ക്ക് വേണ്ടി 438 മത്സരങ്ങളില്‍ നിന്ന് 451 തവണ റൊണാള്‍ഡോ ഗോള്‍ നേടി.

ക്ലബ്ബിനൊപ്പം നാല് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ നേടിയ അദ്ദേഹം അവിടെയുള്ള സമയത്ത് നാല് തവണ ബാലണ്‍ ഡി ഓര്‍ സമ്മാനം നേടി. മൂന്ന് വര്‍ഷത്തിന് ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ വീണ്ടും ചേരുന്നതിന് മുമ്പ് ആഗോള സൂപ്പര്‍ താരം 2018 ല്‍ യുവന്റസിലേക്ക് പോകാനാണ് റയല്‍ വിട്ടത്. അല്‍-നാസറിന് വേണ്ടി 24 മത്സരങ്ങളില്‍ നിന്ന് 21 ഗോളുകള്‍ നേടിയ റൊണാള്‍ഡോ ഈ സീസണില്‍ തന്റെ മികച്ച ഗോളുകള്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ കിരീടം നേടിയ അല്‍-ഹിലാലിനെക്കാള്‍ എട്ട് പോയിന്റ് അകലെയാണ് അദ്ദേഹത്തിന്റെ ടീം.