ഭക്ഷണത്തിന് ശേഷം കുറച്ച് മധുരം കഴിക്കാനായി ആഗ്രഹിക്കാത്തവരായി ആരുണ്ട്? ഒരു പക്ഷെ ഭക്ഷണം കഴിച്ച് വയര്‍ നിറഞ്ഞാലും നമ്മള്‍ക്ക് മധുരം നിര്‍ബന്ധമാണ്. വയര്‍ നിറഞ്ഞെന്ന സന്ദേശം നല്‍കുന്ന തലച്ചോറിലെ അതേ കോശങ്ങള്‍ തന്നെയാണ് മധുരം തേടി പോകാനായി പ്രേരിപ്പിക്കുന്നതുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.
മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെറ്റബോളിസം റിസര്‍ച്ചിലെ ഡോ ഹെന്നിങ് ഫെന്‍സെലോയുടെ നേതൃത്വത്തിലുള്ള ഗവേഷണസംഘമാണ് പഠനം നടത്തിയത്. പി ഒഎം സി ന്യൂറോണുകളുടെ ഈ ഇരട്ട മുഖമാണ് നമ്മുടെ ഭക്ഷണശേഷമുള്ള മധുരകൊതിയ്ക്ക് പിന്നിലെന്ന് സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് വ്യക്തിമാക്കുന്നു.
പഠനം നടത്തിയത് ആരോഗ്യമുള്ള മനുഷ്യരിലും എലികളിലുമാണ്. പരിണാമപരമായ പ്രത്യേകതകളും ഈ മധുര കൊതിയ്ക്ക് പിന്നിലുണ്ടാകാമെന്ന് ഡോ ഹെന്നിങ് വ്യക്തമാക്കുന്നു. പ്രകൃതിയില്‍ മനുഷ്യര്‍ക്ക് അപൂര്‍വമായി ലഭിച്ചിരുന്നതും എന്നാല്‍ പെട്ടെന്ന് ഊര്‍ജ്ജം പ്രദാനം ചെയ്യുന്നതുമായ വിഭവമാണ് മധുരം. അതുകൊണ്ട് തന്നെ എപ്പോള്‍ കിട്ടിയാലും കഴിക്കാന്‍ പാകത്തിനാണ് മധുരത്തിനെ തലച്ചോര്‍ കണക്കാക്കിയിരിക്കുന്നത്. ഇത് ആയിരിക്കാം മനുഷ്യരുടെ ഇനിയും വിട്ടുമാറാത്ത മധുരത്തിനോടുള്ള ആസക്തിയ്ക്ക് കാരണം.