Lifestyle

ആര് വാതില്‍ ചവിട്ടിപൊളിച്ചു? MLAയെ കണ്ടിട്ടില്ല, വ്യക്തിഹത്യ ചെയ്യുന്നു; കെ.ജെ. ഷൈനിന്റെ ഭര്‍ത്താവ്

അപവാദ പ്രചാരണത്തിൽ പ്രതികരിച്ച് സി.പി.എം. വനിതാ നേതാവ് കെ.ജെ. ഷൈനും ഭര്‍ത്താവും. ഇപ്പോള്‍ നടക്കുന്ന പ്രചാരണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്നും രൂക്ഷമായ സൈബര്‍ അറ്റാക്കാണ് നടക്കുന്നതെന്നും ഇവര്‍ പറഞ്ഞു. പേരും ചിത്രവും വച്ച് അപമാനിക്കാൻ ശ്രമം നടന്നപ്പോള്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയെന്നും കെ.ജെ. ഷൈന്‍ പറഞ്ഞു.

പ്രചരിക്കുന്ന ആരോപണത്തില്‍ സത്യമില്ലെന്നും മോശമായ പ്രചാരണങ്ങളാണ് നടക്കുന്നതെന്നും കെ.ജെ. ഷൈന്റെ ഭര്‍ത്താവ് കൂട്ടിച്ചേര്‍ത്തു. ‘നിങ്ങള്‍ ഈ വാതില്‍ കണ്ടോ? പരിശോധിച്ച് നോക്ക് ചവിട്ടിപൊളിച്ച നിലയിലാണോ? എത്രയോ ആളുകൾ കൂടി അടുത്ത് താമസിക്കുന്ന ഒരു പ്രദേശം കൂടിയാണ് ഇവിടെ, ചെറിയ ശബ്ദം കേട്ടാല്‍ പോലും എല്ലാവരും നോക്കും ,

അങ്ങനെയുള്ളയിടത്ത് ഇത്തരത്തിൽ ഒരു വലിയൊരു കഥ മെനഞ്ഞുകൊണ്ട് ഞങ്ങളെ വ്യക്തിഹത്യ ചെയ്യുന്നതിന് വേണ്ടിയിട്ടുള്ള ശ്രമമാണ് നടന്നത്. ഇതില്‍ പറയുന്ന എംഎല്‍എയെ നേരില്‍ കണ്ടിട്ട് കുറെയായി. ഷൈൻ സൂചിപ്പിച്ചത് പോലെ ഇതിന് നേതൃത്വം നൽകുന്നത് പറവൂരിൽ നിന്നാണ്.’

രാഷ്ട്രീയത്തില്‍ വന്ന ജീര്‍ണ്ണതയുടെ ഭാഗമായിയാണ് ഇത്തരം സൈബര്‍ ആക്രമണമെന്ന് ഭര്‍ത്താവ് ഡൈന്യൂസും പ്രതികരിച്ചു. തങ്ങളുടെ ജീവിതം തുറന്ന പുസ്തകമാണെന്നും അദ്ദേഹം പറഞ്ഞു. ‘ആരോപണങ്ങളില്‍ ആദ്യം മാനസിക ബുദ്ധിമുട്ടുണ്ടായി. ആരെയും എങ്ങനെ വേണമെങ്കിലും ആക്രമിക്കാമെന്ന രീതിയാണ്. വലതുപക്ഷ രാഷ്ട്രീയത്തിന് ജീര്‍ണത സംഭവിച്ചു. പറവൂരിലെ ഒരു വ്യക്തിയുടെ ഫേസ്ബുക്കില്‍ ഈ പോസ്റ്റ് വന്നു. നാളെയും തമ്മില്‍ കാണേണ്ടവരാണ് പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നത്. ഇതിന് നേതൃത്വം നല്‍കുന്നവര്‍ അവര്‍ക്കും മക്കളും ഭാര്യയുമുണ്ട് എന്ന് ഓര്‍ക്കണം’, ഡൈന്യൂസ് പറഞ്ഞു.

തനിക്കെതിരെ ബോംബ് വരുന്നുവെന്ന സൂചന സുഹൃത്തായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നല്‍കിയിരുന്നുവെന്ന് ഷൈന്‍ പറഞ്ഞു. കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്നാണ് ഈ ആരോപണങ്ങള്‍ വന്നതെന്നും അവര്‍ വ്യക്തമാക്കി.

‘എനിക്കെതിരെ ഒരു ബോംബ് വരുമെന്ന് സുഹൃത്തായ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ധൈര്യമായിരിക്കണം, പതറരുതെന്ന് പറഞ്ഞു. ഇത്തരത്തിലുള്ള ആക്രമണം ആദ്യമായാണ്. സ്ത്രീകളെക്കുറിച്ച് പറയുമ്പോള്‍ ആത്മരതിയില്‍ ആറാടുന്ന മാനസികാവസ്ഥയുള്ളയാളുകളുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അറിയാതെ ഒന്നും സംഭവിക്കില്ല. പൊതുരംഗത്ത് നില്‍ക്കുന്ന സ്ത്രീകള്‍ ഇതെല്ലാം പ്രതീക്ഷിക്കണം’, കെ ജെ ഷൈന്‍ പറഞ്ഞു.