Featured Spotlight

സതീശന്‍ പറഞ്ഞ ആദ്യം ‘വിസ്മയം’? 30വര്‍ഷം നീണ്ട സിപിഎം ബാന്ധവം അവസാനിപ്പിച്ചു ; ഐഷാപോറ്റി കോണ്‍ഗ്രസില്‍

കൊട്ടാരക്കര: കേരളത്തിൽ വിസ്മയമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രാവിലെ പറഞ്ഞതിന്റെ തുടര്‍ച്ചയായി ആദ്യ വിസ്മയം ഉച്ചയ്ക്ക് മുന്‍പ്. മുപ്പത് വര്‍ഷം നീണ്ട സിപിഐഎം ബാന്ധവം അവസാനിപ്പിച്ച് മുന്‍ എംഎല്‍എ കൂടിയായ ഐഷാപോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നു. കൊട്ടാരക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. മൂന്ന് പതിറ്റാണ്ട് പിന്നിട്ട സിപിഎം ബന്ധം മുറിച്ച് കോണ്‍ഗ്രസില്‍ എത്തിയ ഐഷാ പോറ്റിയെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.

മൂന്ന് തവണ കൊട്ടാരക്കര എംഎല്‍എ ആയിരുന്ന ഐഷാ പോറ്റി ഇന്നലെ രാത്രി കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് പാര്‍ട്ടി മാറിയത്. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊട്ടാരക്കര യുഡിഎഫ് പിടിച്ചെടുക്കുമെന്ന് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. കെപിസിസി അദ്ധ്യക്ഷന്‍ സണ്ണിജോസഫ് ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളെത്തിയാണ് സ്വീകരിച്ചത്.

കുട്ടിക്കാലം മുതല്‍ക്കു തന്നെ കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്ന അയിഷാ പോറ്റി 1991 ലാണ് സി.പി.എം-ല്‍ അംഗമായത്. 2006 ല്‍ കൊട്ടാരക്കരയില്‍ കോണ്‍ഗ്രസ് ബി നേതാവും മുന്‍ മന്ത്രിയുമായിരുന്ന ആര്‍. ബാലകൃഷ്ണപിള്ളയെ പരാജയപ്പെടുത്തിക്കൊണ്ടാണ് അയിഷാ പോറ്റി പന്ത്രണ്ടാം നിയമസഭയില്‍ അംഗമായത്. 2011 ലും 2016 ലും ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി നിയമസഭയിലെത്തി.

കൊല്ലം ജില്ലാപഞ്ചായത്തിലേക്ക് കൊട്ടാരക്കരയില്‍ നിന്ന് 2000-ല്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു, പിന്നീട് കൊല്ലം ജില്ലാപഞ്ചായത്തിന്റെ പ്രസിഡന്റ് സ്ഥാനത്ത് 2005 വരെ പ്രവര്‍ത്തിച്ചു. 2005-ല്‍ നടന്ന തിരഞ്ഞെടുപ്പിലും ജില്ലാപഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപെട്ടെങ്കിലും 2006-ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിനേ തുടര്‍ന്ന് ഈ സ്ഥാനം രാജിവച്ചു. നിലവില്‍ സി.പി.ഐ.എം കൊട്ടാരക്കര ഏരിയകമ്മിറ്റിയംഗമായിരുന്നു.