Crime Featured

കാമുകനൊപ്പം ജീവിക്കാന്‍ ഒന്നര വയസുകാരനെ കടലിലെറിഞ്ഞ് കൊന്ന കേസ്: അമ്മ കുറ്റക്കാരി, കാമുകനെ വെറുതെവിട്ടു

കണ്ണൂര്‍: പിഞ്ചുകുഞ്ഞിനെ കടലിലെറിഞ്ഞു കൊന്ന കേസില്‍ ഒന്നാം പ്രതിയായ അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കോടതി. രണ്ടാം പ്രതിയും ശരണ്യയുടെ കാമുകനുമായിരുന്ന നിധിനെ വെറുതെ വിട്ടു. ഗൂഢാലോചന, കുറ്റകൃത്യം ചെയ്യാനുള്ള സഹായം, പ്രേരണ എന്നീ കുറ്റങ്ങള്‍ തെളിയിക്കാനായില്ലെന്ന് കോടതി കണ്ടെത്തി. ഇക്കാര്യത്തില്‍ പ്രോസിക്യൂഷനും പൊലീസിനും വീഴ്ച പറ്റിയെന്നും കോടതി വിലയിരുത്തി. പോലീസ് സദാചാര പോലീസ് ചമഞ്ഞതായും കോടതി വിമര്‍ശിച്ചു. തളിപ്പറമ്പ് അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ.എന്‍. പ്രശാന്താണ് ശരണ്യ കുറ്റക്കാരിയാണെന്ന് വിധിച്ചത്. ശിക്ഷ വെള്ളിയാഴ്ച വിധിക്കും.

ബുധനാഴ്ച ശിക്ഷാ വിധിയിന്മേല്‍ വാദം കേള്‍ക്കും. എന്തെങ്കിലും പറയാനുണ്ടോ എന്ന് ശരണ്യയോട് കോടതി ചോദിച്ചു. 27 വയസ്സ് മാത്രമാണുള്ളതെന്നും സഹായിക്കാന്‍ ആരുമില്ലെന്നും ശരണ്യ പറഞ്ഞു. മറ്റൊരു കേസിലും പ്രതിയല്ല. മാനസിക പിരിമുറുക്കം ഉള്‍പ്പെടെ നേരിടുന്നുണ്ട്. കോടതി ദയ കാണിക്കണമെന്നും ശരണ്യ പറഞ്ഞു.

2020 ഫെബ്രുവരി 17നാണ് ശരണ്യ, മകന്‍ തയ്യില്‍ കൊടുവള്ളി ഹൗസില്‍ വിയാനെ (ഒന്നര) തയ്യില്‍ കടല്‍ത്തീരത്തെ പാറയില്‍ എറിഞ്ഞു കൊലപ്പെടുത്തിയത്. നാട്ടുകാരും പോലീസും നടത്തിയ തിരചിലിനൊടുവില്‍ ശരണ്യയുടെ വീട്ടില്‍ നിന്നും 50 മീറ്റര്‍ അകലെയുള്ള കടല്‍ ഭിത്തിയില്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.