ജോലി ഭാരം കുറയ്ക്കാനായി സമൂഹ മാധ്യമങ്ങളില്‍ കണ്ടന്റ് സൃഷ്ടിക്കുന്നവര്‍ നിരവധിയാണ്. പിന്നീട് അത് തന്നെ തലവേദനയായാലോ? അത്തരത്തിലുള്ള ഒരു അനുഭവമാണ് ചൈനക്കാരായ ഇന്‍ഫ്‌ളുവന്‍സര്‍ ദമ്പതികള്‍ക്കുണ്ടായത്. ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സിനെ നിരാശരാക്കി വര്‍ഷങ്ങളായി തുടര്‍ന്നിരുന്ന ലൈവ് സ്ട്രീമിങ് നിര്‍ത്തിയതായി ഇവര്‍ അറിയിച്ചിരിക്കുന്നു.
ചൈനക്കാരുടെ ഇടയില്‍ സെലിബ്രൈറ്റി സ്റ്റാറ്റസ് നേടിയത് 32 കാരനായ ഗുവോ ബിന്നും ഭാര്യ സണ്‍ കെയ്‌ഹോങ്ങുമാണ് ഈ ദമ്പതികള്‍. സ്വന്തം പ്രണയകഥ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചുകൊണ്ടാരുന്നു തുടക്കം. ഒറ്റ വര്‍ഷം കൊണ്ട് ഫോളോവേഴ്‌സിന്റെ എണ്ണം മൂന്ന് ദശലക്ഷം കവിഞ്ഞു.2025 എത്തുമ്പോഴേക്കും 15 ദശലക്ഷം കടന്ന് ഫോളോവേഴ്‌സിന്റെ എണ്ണം മുന്നോട്ട് പോയി.
ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നിന്നും വരുമാനം നേടിതുടങ്ങിയതിന് പിന്നാലെ ഇരുവരും പഴയ ജോലി ഉപേക്ഷിച്ച് ലൈവ് സ്ട്രീമിങ് തുടര്‍ന്നു. പിന്നീട് ഓണ്‍ലൈന്‍ സൈറ്റ് ആരംഭിച്ച് ബിസിനസ് രംഗത്തിലേക്കും കടന്നു. ഇന്‍ഫ്‌ളുവന്‍സറുമാരാകുന്നതിന് മുമ്പ് വളരെ ലളിതമായി ജീവിതമായിരുന്നു ഇവരുടേത്.
ഒരു വാടക മുറിയിലായിരുന്നു താമസം. പണം സമ്പാദിക്കാനായി തുടങ്ങിയതിന് പിന്നാലെ ഫ്‌ളാറ്റിലേക്ക് താമസം മാറി. കുടിയേറ്റ തൊഴിലാളിയായിരുന്ന മാതാപിതാക്കളെയും സഹോദരങ്ങളെയും ബിസിനസ് സംരംഭത്തില്‍ സഹായിക്കുന്നതിനായി വീട്ടിലേക്ക് കൊണ്ടുവന്നു. ഇതിനിടെ കുട്ടികളും ജനിച്ചു.
ഈ അഞ്ചു വര്‍ഷം കൊണ്ട് ഒരുപാട് സമ്പാദിക്കാനായി സാധിച്ചെന്നും ജോലിയും കുടുംബവും നന്നായി കൊണ്ടുപോകാന്‍ കഴിഞ്ഞട്ടില്ലെന്ന കുറ്റബോധമാണ് സണ്ണിനെ അലട്ടിയത്. തിരക്കിട്ട ജീവിതം ഇവര്‍ക്ക് ബുദ്ധിമുട്ടായി തോന്നി. ഇനി അല്‍പം വിശ്രമിക്കണം. ഭര്‍ത്താവിനും കുടുംബത്തിനുമായി സമയംനീക്കി വെക്കണം. അതിനാലാണ് ലൈവ് സ്ട്രീമിങ് അവസാനിപ്പിക്കുന്നതെന്നും ഇവര്‍ അറിയിച്ചു.
ആരോഗ്യവും സന്തോഷവും തിരിച്ച് പിടിച്ചതിന് ശേഷം വീണ്ടും ലൈവ് സ്ട്രീമിങ്ങിലേക്ക് മടങ്ങിവരാനുള്ള പദ്ധതിയാണെന്നും ദമ്പതികള്‍ അറിയിച്ചു. ഇവരെ പിന്തുണയ്ക്കുകയാണ് ആരാധകര്‍. അവര്‍ ആവശ്യത്തിലധികം പണം സമ്പാദിച്ചുവെന്നും അത്യാഗ്രഹം ഇല്ലാതെ പിന്തിരിയുന്നുവെന്നും അഭിപ്രായങ്ങളുണ്ട്.