Crime

അകന്ന് കഴിയുന്ന ഭാര്യയുടെ വളര്‍ത്തു പിതാവിനേയും മാതാവിനേയും വെട്ടിക്കൊന്നു, നാലുവയസുകാരന്‍ മകന് ഗുരുതര പരിക്ക്; യുവാവ് പിടിയില്‍

ഒറ്റപ്പാലം: തോട്ടക്കരയില്‍ ദമ്പതികള്‍ വെട്ടേറ്റ്‌ മരിച്ചു. ഒരാള്‍ അറസ്‌റ്റില്‍. തോട്ടക്കര നാലകത്ത്‌ വീട്ടില്‍ നസീര്‍ (63), ഭാര്യ സുഹറ (55) എന്നിവരാണ്‌ മരിച്ചത്‌. ഇവരുടെ വളര്‍ത്തുമകള്‍ സുല്‍ഫിയത്തിന്റെ നാല്‌ വയസുകാരനായ മകനും ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റു.
സംഭവത്തില്‍ സുല്‍ഫിയത്തിന്റെ ഭര്‍ത്താവും പൊന്നാനി സ്വദേശിയുമായ മുഹമ്മദ്‌ റാഫി(30)ആണ്‌ പിടിയിലായത്‌. അക്രമത്തിനിടെ കൈ ഞരമ്പ്‌ മുറിച്ച്‌ ആത്മഹത്യക്ക്‌ ശ്രമിച്ച ഇയാളെ പള്ളി ഖബര്‍സ്‌ഥാനില്‍നിന്നാണ്‌ നാട്ടുകാരുടെ സഹായത്തോടെ പോലീസ്‌ പിടികൂടിയത്‌.

തോട്ടക്കര സെന്ററിലുള്ള വീട്ടില്‍വച്ച്‌ 18 ന്‌ അര്‍ധരാത്രി 12 ന്‌ ആണ്‌ നാടിനെ നടുക്കിയ കൊലപാതകം നടന്നത്‌. എട്ട്‌ മാസത്തോളമായി അകന്നു കഴിയുന്ന റാഫിയും സുല്‍ഫിയത്തും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ്‌ കൊലപാതകത്തിന്‌ കാരണമായതെന്നാണു പോലീസ്‌ നിഗമനം. മകന്‍ ഇഷാന്റെ അവകാശത്തെ ചൊല്ലിയുള്ള കേസും കോടതിയില്‍ നടക്കുന്നുണ്ടെന്ന്‌ പോലീസ്‌ പറഞ്ഞു.

കഴിഞ്ഞ 18നു രാത്രി തോട്ടക്കരയില്‍ എത്തിയ റാഫി നസീറിനെയും സുഹറയെയും കൈയില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച്‌ ആക്രമിക്കുകയായിരുന്നു. റാഫിയെ കണ്ട്‌ ഓടിയെത്തിയ മകന്‍ ഇഷാനെയും ആക്രമിച്ചു. വീണ്ടും ദമ്പതികളെ ആക്രമിക്കാന്‍ ശ്രമിക്കുന്നതിനിടെ കുട്ടിയെ എടുത്തു ഓടി രക്ഷപ്പെട്ട സുല്‍ഫിയത്ത്‌ റോഡിലിറങ്ങി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയുടെ ദേഹത്ത്‌ രക്‌തം നാട്ടുകാര്‍ കണ്ടപ്പോഴാണ്‌ കുട്ടിക്കും വെട്ടേറ്റ വിവരം സുല്‍ഫിയത്ത്‌ തിരിച്ചറിയുന്നത്‌. തുടര്‍ന്ന്‌ നാട്ടുകാര്‍ പോലീസിനെ വിവരമറിയിച്ച്‌ വീട്ടിലെത്തിയപ്പോഴേക്കും ദമ്പതികളെ കൊല്ലപ്പെട്ടിരുന്നു.

മുഹമ്മദ്‌ റാഫിയെ കൈ ഞരമ്പു മുറിച്ച നിലയില്‍ സ്‌ഥലത്തു കണ്ടെത്തിയെങ്കിലും പോലീസ്‌ എത്തിയതോടെ ഓടി രക്ഷപ്പെട്ടു. പ്രദേശത്തെ ഖബര്‍സ്‌ഥാനിലേക്ക്‌ പോയ ഇയാളെ പോലീസും നാട്ടുകാരും ചേര്‍ന്നു പുലര്‍ച്ചെ നാലോടെയാണു പിടികൂടിയത്‌.
പരുക്കേറ്റ കുട്ടിയെ ആദ്യം താലൂക്ക്‌ ആശുപത്രിയില്‍ എത്തിച്ചശേഷം വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. മരിച്ച ദമ്പതികളുടെ മൃതദേഹം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പോസ്‌റ്റ്‌ മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.