Crime

ഹണിട്രാപ്പില്‍ കുടുക്കി 60 ലക്ഷവും 61 പവനും തട്ടി; പ്രതി പൊലീസുകാരനെ കേസിൽ കുടുക്കിയ യുവതി

കോട്ടയം സ്വദേശിയായ യുവതിയും ഭര്‍ത്താവും ചേര്‍ന്നു യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി 60 ലക്ഷവും 61 പവനും തട്ടിയെടുത്തതായി പരാതി. തുടര്‍ന്നു ഗാന്ധിനഗര്‍ പോലീസ് കേസെടുത്തു. ആലപ്പുഴ സ്വദേശിയും എന്‍ജീനീയറുമായ യുവാവാണ് പരാതിക്കാരന്‍. ദമ്പതികള്‍ക്കൊപ്പം തിരുവഞ്ചൂര്‍ സ്വദേശിയായ യുവാവും പ്രതിയാണ്.

ഭാര്യ എം.ജി. സര്‍വകലാശാലയില്‍ പഠിച്ചിരുന്ന 2021 കാലത്ത് പരാതിക്കാരനും കുടുംബവും അമ്മഞ്ചേരിയിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. ഈ സമയത്ത് അയല്‍വാസിയായിരുന്ന യുവതി, അടുത്ത് ഇടപഴകിയ ശേഷം പരാതിക്കാരന്റെ സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് 2022 മുതല്‍ ഈ ചിത്രങ്ങള്‍ പരാതിക്കാരന്റെ ബന്ധുക്കള്‍ക്കും മറ്റും അയച്ചുകൊടുക്കും എന്നു ഭീഷണിപ്പെടുത്തി പണം വാങ്ങുകയായിരുന്നു. ഇതിനിടെ പ്രതികളുടെ സുഹ്യത്തായ മണർകാട് സ്വദേശി അലൻ തോമസ് എന്നയാൾ പരാതിക്കാരനെ ഭീഷണിപ്പെടുത്തി തന്റെ അക്കൗണ്ടിലേക്കും പണം വാങ്ങിയെടുത്തു.

പരാതിയിൽ അതിരമ്പുഴ അമ്മഞ്ചേരി സ്വദേശി ധന്യ, ഭർത്താവ് അർജുൻ, സുഹൃത്ത് തിരുവഞ്ചൂർ സ്വദേശി അലൻ തോമസ് എന്നിവർക്കെതിരേ കോട്ടയം ഗാന്ധിനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരാതിക്കാരന്റെ കൈവശമുള്ള പണം തട്ടിയെടുത്തശേഷം പ്രതികൾ വീണ്ടും ഭീഷണിപ്പെടുത്തി ബാങ്ക് ലോക്കർ തുറപ്പിച്ച് അതിലുണ്ടായിരുന്ന കുടുംബാംഗങ്ങളുടെ 61 പവൻ സ്വർണാഭരണങ്ങളും വാങ്ങിയെടുത്തുവെന്നും പരാതിയിൽ പറയുന്നു. ഭീഷണി തുടർന്നപ്പോൾ പരാതിക്കാരൻ ഉന്നത പൊലീസ് അധികൃതരെ സമീപിക്കുകയായിരുന്നു.

ലൈംഗികബന്ധവും മദ്യവും കൈക്കൂലിയായി ആവശ്യപ്പെട്ടതായി ആരോപിച്ച് ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനിലെ പോലീസുകാരെ വിജിലന്‍സില്‍ അറസ്റ്റ് ചെയ്ത സംഭവത്തിലെ പരാതിക്കാരിയായ യുവതിയ്‌ക്കെതിരേയാണ് ഇപ്പോള്‍ കേസ് എടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *