ട്വന്‍റി–20 ലോകകപ്പിൽ വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തി ഇന്ത്യ സെമി ഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെ, വിവാദ പ്രസ്താവനയുമായി മുൻ പാക് താരം മുഹമ്മദ് ആമിർ രംഗത്ത്. മത്സരത്തിൽ വിൻഡീസ് താരം ഷിമ്രോൺ ഹെറ്റ്മെയർ പുറത്തായ രീതി സംശയാസ്പദമാണെന്നാണ് ആമിറിന്‍റെ ആരോപണം. ഇന്ത്യ സെമിയിൽ കടന്നെങ്കിലും ഇത്തവണ കിരീടം നേടാൻ സാധ്യതയില്ലെന്നും പാക്കിസ്ഥാൻ മുൻ പേസർ പ്രവചിക്കുന്നു.
ഹെറ്റ്മെയർ ക്രീസിൽ തുടന്നിരുന്നെങ്കിൽ ഇന്ത്യ ടൂർണമെന്റിൽ നിന്ന് പുറത്താകുമായിരുന്നു എന്നാണ് ആമിർ വാദിക്കുന്നത്. ജസ്പ്രീത് ബുംറയുടെ പന്തിൽ സഞ്ജു സാംസൺ പിടികൂടി പുറത്താകുമ്പോൾ 11 പന്തിൽ 27 റൺസുമായി താരം മികച്ച ഫോമിലായിരുന്നു. പന്ത് ബാറ്റിൽ തട്ടിയെന്ന് അൾട്രാ എഡ്ജിലൂടെ വ്യക്തമായതിനെ തുടർന്ന് തേർഡ് അംപയർ ഔട്ട് ശരിവച്ചിരുന്നു. എന്നാൽ, ഹെറ്റ്മെയർ ഔട്ടല്ലായിരുന്നുവെന്നും അദ്ദേഹം കുറച്ചുനേരം കൂടി ബാറ്റ് ചെയ്തിരുന്നെങ്കിൽ വിൻഡീസ് സ്കോർ 230 കടക്കുമായിരുന്നു എന്നുമാണ് ആമിറിന്റെ പക്ഷം.
മുൻ പാക് താരത്തിന്റെ ഈ പ്രസ്താവനയ്ക്കെതിരെ ഇന്ത്യൻ ആരാധകർ ശക്തമായി പ്രതികരിക്കുന്നുണ്ട്. സെമി പ്രവചനം തെറ്റിയതിന്റെ നിരാശയിലാണ് ആമിർ ഇത്തരം വിഡ്ഢിത്തരങ്ങൾ പറയുന്നതെന്ന് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയർന്നു. വരാനിരിക്കുന്ന സെമി ഫൈനലിൽ വാംഖഡെ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെയാണ് ഇന്ത്യ നേരിടുന്നത്. തുടർച്ചയായ മൂന്നാം തവണയാണ് ലോകകപ്പ് സെമിയിൽ ഇരു ടീമുകളും ഏറ്റുമുട്ടാനൊരുങ്ങുന്നത്.




