സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാനും ലൈക്കുകൾ വാരിക്കൂട്ടനുമായി എന്ത് അഭ്യാസത്തിനും മുതിരുന്ന നിരവധി ആളുകളുണ്ട്. മുൻപൊക്കെ പൊതുസ്ഥലങ്ങളിലാണ് റീൽസ് ഷൂട്ട് നടന്നിരുന്നതെങ്കിൽ ഇന്ന് ആളുകൾ വിശുദ്ധമെന്ന് കരുതുന്ന സ്ഥലങ്ങളിൽ പോലും കയറിച്ചെന്ന് ഇത്തരത്തിലുള്ള ചിത്രീകരണങ്ങൾ നടത്തുന്ന കാഴ്ച്ചയാണ് കാണുന്നത്.
ഇപ്പോഴിതാ സമാനമായ ഒരു റീൽസ് ചിത്രീകരണമാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായ വിമർശനങ്ങൾക്ക് കാരണമാകുന്നത്. ഡൽഹിയിലെ ഇന്ത്യാ ഗേറ്റിൽ ഒരു റഷ്യൻ വിനോദസഞ്ചാരിക്ക് ചുറ്റും ഒരു കണ്ടന്റ് ക്രീയേറ്റർ നൃത്തം കളിക്കുന്ന വീഡിയോയാണ് ഇത്.
നിമിഷനേരങ്ങൾക്കുള്ളിൽ വീഡിയോ വൈറലായതോടെ, ‘ഇന്ത്യയെ തരംതാഴ്ത്തി’ എന്നാരോപിച്ച് കണ്ടന്റ് ക്രീയേറ്ററിനെതിരെ നടപടിയെടുക്കണമെന്ന് നെറ്റിസൺസ് ആവശ്യപ്പെടാൻ തുടങ്ങി. വീഡിയോയിൽ, കണ്ടന്റ് ക്രീയേറ്ററായ സച്ചിൻ രാജ് ഒരു വിനോദസഞ്ചാരി ഫോട്ടോ ക്ലിക്കുചെയ്യുന്നതിനിടയിൽ പെട്ടെന്ന് അവളുടെ അടുത്തേക്ക് വരുന്നത് കാണാം. തുടർന്ന് അവർക്ക് ചുറ്റും നൃത്തം ചെയ്യുകയാണ്.
പിന്നാലെ സച്ചിൻ രാജ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഒരു അശ്ലീല ഗാനത്തോടെ റീൽ അപ്‌ലോഡ് ചെയ്യുകയും അടിക്കുറിപ്പിൽ സ്ത്രീ റഷ്യൻ ആണെന്ന് പരാമർശിക്കുകയും ചെയ്തു.
“ഡൽഹി പോലീസ്, ദയവായി അവനെ ഒരു പാഠം പഠിപ്പിക്കൂ, ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ ആരും ധൈര്യപ്പെടരുത്!” സോഷ്യൽ മീഡിയയിൽ മാക്‌സ്റ്റേൺ എന്ന പേരിൽ അറിയപ്പെടുന്ന സാഗർ ഠാക്കൂർ വീഡിയോ പങ്കുവെച്ചുകൊണ്ട് എക്‌സ് പോസ്റ്റിൽ പറഞ്ഞു. താമസിയാതെ, മറ്റ് എക്സ് ഉപഭോക്താക്കളും സച്ചിനെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി