പാര്‍ലമെന്റില്‍ ഉജ്വല വാദങ്ങള്‍ ഉയര്‍ത്തി ഭരണകൂടത്തെ വിറപ്പിക്കുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ കോണ്‍ഗ്രസിന്റെ തീപാറുന്ന നേതാവായി ഇന്ത്യ മുഴുവന്‍ അറിയാം. എന്നാല്‍ അദ്ദേഹമൊരു മാര്‍ഷ്യല്‍ ആര്‍ട്‌സ് വിദഗ്ദ്ധനാണെന്ന് ഒന്നു മുട്ടിനോക്കിയാല്‍ മാത്രമേ മനസ്സിലാകൂ. എന്തായാലും ദേശീയ സ്‌പോര്‍ട്‌സ് ദിനത്തില്‍ രാഹുലിന്റെ മാര്‍ഷ്യല്‍ ആര്‍ട്‌സ് സ്‌കില്‍ ഇന്ത്യാക്കാര്‍ക്ക് മുന്നിലേക്ക് വെച്ചു നീട്ടിയിരിക്കുകയാണ് കോണ്‍ഗ്രസ്. സാമൂഹ്യമാധ്യമമായ എക്‌സില്‍ താരത്തിന്റെ മാര്‍ഷ്യല്‍ ആര്‍ട്‌സ് വീഡിയോ അവര്‍ പങ്കുവെച്ചു.
ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടയില്‍ താരം ജാപ്പനീസ് മാര്‍ഷ്യല്‍ ആര്‍ട്‌സായ ജിയു ജിറ്റ്‌സു പരിശീലിക്കുന്നതിന്റെ വീഡിയോയാണ് കോണ്‍ഗ്രസ് പങ്കുവെച്ചിരിക്കുന്നത്. ഒരു ക്യാമ്പ് സൈറ്റില്‍ വെച്ചു രാഹുല്‍ കുട്ടികളുമായി ആയോധനകല പരിശീലിക്കുന്നതാണ് വീഡിയോയിലുള്ളത്. സഹയാത്രികരും പ്രാദേശിക യുവ ആയോധനകല വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്ന ഒരു കമ്മ്യൂണിറ്റി പ്രവര്‍ത്തനമായി ഈ ദിനചര്യ.
ജിയു-ജിറ്റ്സു, ഐകിഡോ, ധ്യാനം എന്നിവയുടെ സമന്വയം ഉള്‍പ്പെടുന്ന ‘ജെന്റില്‍ ആര്‍ട്ട്’ യുവാക്കള്‍ക്ക് പരിചയപ്പെടുത്താനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ, ആയിരക്കണക്കിന് കിലോമീറ്ററുകള്‍ താണ്ടി ഞങ്ങള്‍ യാത്ര ചെയ്യുമ്പോള്‍, ഞങ്ങളുടെ ക്യാമ്പ് സൈറ്റില്‍ എല്ലാ വൈകുന്നേരവും ജിയു-ജിറ്റ്‌സു പരിശീലിക്കുന്ന ദിനചര്യ ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു.
ഫിറ്റ്‌നസ് നിലനിര്‍ത്താനുള്ള ലളിതമായ മാര്‍ഗം ഒരു കമ്മ്യൂണിറ്റി പ്രവര്‍ത്തനമായി പരിണമിച്ചു. ജനുവരി 14-ന് മണിപ്പൂരില്‍ നിന്ന് ആരംഭിച്ച് മുംബൈയില്‍ സമാപിച്ച ഭാരത് ജോഡോ ന്യായ് യാത്ര രണ്ട് മാസത്തോളം നീണ്ടുനിന്നു. 2022 സെപ്റ്റംബര്‍ മുതല്‍ 2023 ജനുവരി വരെ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ പദയാത്രയുടെ രണ്ടാം ഘട്ടവും വിജയകരമായി നടന്നിരുന്നു.