Crime

ഭാര്യയെ കൊലപ്പെടുത്തിയ കേസ്; ഓപ്പറേഷന്‍ സിന്ദൂര്‍ കമാന്‍ഡോയായതിനാല്‍ ഇളവില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസില്‍ കമാന്‍ഡോയ്ക്ക് പ്രത്യേക ഇളവു നല്‍കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. പഹല്‍ഗാം ഭീകരാക്രമണത്തിനു മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ താന്‍ പങ്കാളിയാണെന്ന കമാന്‍ഡോയുടെ വാദം കോടതി അംഗീകരിച്ചില്ല.

ദൗത്യത്തിന്റെ ഭാഗമായത് നിങ്ങള്‍ക്കുപ്രത്യേക പ്രതിരോധം നല്‍കുന്നില്ലെന്നും രണ്ടംഗ ബെഞ്ച് പറഞ്ഞു. പോലീസിനു മുന്നില്‍ കീഴടങ്ങുന്നതില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കമാന്‍ഡോ സമര്‍പ്പിച്ച പ്രത്യേക അവധിഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

ബ്ലാക്ക് ക്യാറ്റ് കമാന്‍ഡോയാണെന്നു ഹര്‍ജിക്കാരന്‍ വാദിച്ചപ്പോള്‍ ശാരീരികമായി എത്ര യോഗ്യനാണെങ്കിലും ഭാര്യയെ കഴുത്തു ഞെരിച്ച് കൊല്ലുന്നതിനു ന്യായീകരണമില്ലെന്ന് കോടതി നിലപാടെടുത്തു. കൊലപാതകത്തിന്റെ ഭീകരമായ രീതി ചൂണ്ടിക്കാട്ടിക്കൊണ്ട് ഒഴിവാക്കാവുന്ന കേസല്ലിതെന്നും ജസ്റ്റിസ് ഉജ്ജ്വല്‍ ഭുയാനും ജസ്റ്റിസ് വിനോദ് ചന്ദ്രനുമടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

കമാന്‍ഡോയ്ക്കു ഹൈക്കോടതി ആശ്വാസം നിഷേധിച്ച കാര്യവും കോടതി ചൂണ്ടിക്കാട്ടി. സ്ത്രീധന മരണങ്ങള്‍ കൈകാര്യം ചെയ്യുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 304 ബി പ്രകാരമുള്ള കുറ്റമാണ് കമാന്‍ഡോയ്‌ക്കെതിരേ ചുമത്തിയിരിക്കുന്നത്.

എന്നാല്‍ സ്ത്രീധനമായി മോട്ടോര്‍ സൈക്കിള്‍ ആവശ്യപ്പെട്ടെന്നാണ് ഇയാള്‍ക്കെതിരേയുള്ള ഏക ആരോപണമെന്നും മരിച്ചുപോയ ഭാര്യയുമായി ബന്ധമുള്ള രണ്ടു സാക്ഷികളാണ് ഇതിനു പിന്നിലെന്നും കമാന്‍ഡോയുടെ അഭിഭാഷകന്‍ പറഞ്ഞു.

ഈ സാക്ഷികള്‍ അഭിപ്രായസ്ഥിരത ഇല്ലാത്തവരാണെന്ന് അദ്ദേഹം വാദിച്ചെങ്കിലും കോടതി ഇളവ് നല്‍കാന്‍ വിസമ്മതിക്കുകയായിരുന്നു. പ്രത്യേക അവധി ഹര്‍ജിയില്‍ പ്രോസിക്യൂഷന്റെ പ്രതികരണം തേടി കോടതി നോട്ടീസയച്ചു. കീഴടങ്ങാന്‍ കമാന്‍ഡോയ്ക്ക് രണ്ടാഴ്ച സമയം അനുവദിച്ചു.