ഉത്തർപ്രദേശിലെ മൊറാദാബാദിൽ സ്വന്തം സഹോദരിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം അമ്മയെയും വകവരുത്താൻ ശ്രമിച്ച യുവാവ് പിടിയിലായി. ‘വീട്ടിലൊരു സർപ്രൈസുണ്ട്’ എന്ന് പറഞ്ഞ് ജോലിസ്ഥലത്തെത്തി അമ്മ നീലിമയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നാണ് എൻജിനീയറായ ഹാർദിക് ഈ ക്രൂരത ചെയ്തത്. വീട്ടിലെത്തിയ അമ്മ കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന മകൾ ഹിമാഷികയെയാണ്. നിലവിളിച്ച അമ്മയെ ഹാർദിക് ആക്രമിക്കുകയും ചെയ്തു. കരിയറിനെയും പ്രണയത്തെയും ചൊല്ലിയുള്ള തർക്കമാണ് ഈ കൊലപാതകത്തിൽ കലാശിച്ചത്.
ഹാർദിക്കും ഇരട്ടസഹോദരി ഹിമാഷികയും 25 വയസ്സുള്ള എൻജിനീയർമാരാണ്. ഇരുവരും നേരത്തെ ഗുരുഗ്രാമിൽ ജോലി ചെയ്തിരുന്നു. എന്നാൽ ഒന്നര വർഷത്തിന് ശേഷം ഹാർദിക് ജോലി ഉപേക്ഷിച്ചു. പിന്നീട് മുഴുവൻ സമയവും സോഷ്യൽ മീഡിയയിലും മൊബൈൽ ഫോണിലും ചെലവഴിക്കാൻ തുടങ്ങിയത് വീട്ടുകാർ ശ്രദ്ധിച്ചു. ഇതിനിടെ പൂണെ സ്വദേശിയായ ഒരു യുവതിയുമായി ഹാർദിക് പ്രണയത്തിലാവുകയും അവരെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയും ചെയ്തു.
ജോലി ഉപേക്ഷിച്ചതിനെക്കുറിച്ചും പ്രണയബന്ധത്തെക്കുറിച്ചും സഹോദരിയും അമ്മയും ഹാർദിക്കിനെ നിരന്തരം ഉപദേശിക്കാറുണ്ടായിരുന്നു. മാർച്ച് ആറിന് വൈകിട്ട് ഇതേ കാര്യത്തെച്ചൊല്ലി സഹോദരങ്ങൾ തമ്മിൽ വലിയ വഴക്കുണ്ടായി. ഇതിനിടെ പ്രകോപിതനായ ഹാർദിക് അടുക്കളയിൽ നിന്ന് കത്തിയെടുത്ത് സഹോദരിയെ തുരുതുരാ വെട്ടുകയായിരുന്നു. ഹിമാഷികയുടെ ശരീരത്തിൽ 84 മുറിവുകളുണ്ടായിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
സഹോദരിയെ കൊന്ന ശേഷം ഹാർദിക് നേരെ അമ്മയുടെ ഓഫിസിലെത്തി ഒരു സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞ് അവരെ വീട്ടിലേക്ക് കൂട്ടി. വീട്ടിലെത്തിയ ഉടൻ അമ്മയെയും ആക്രമിച്ചു. പരിക്കേറ്റ നീലിമ ഇപ്പോൾ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ 24 മണിക്കൂറിനുള്ളിൽ തന്നെ പോലീസ് ഹാർദിക്കിനെ പിടികൂടി. കരിയറിലും വിവാഹത്തിലും വീട്ടുകാർ നിരന്തരം ഇടപെടുന്നതിലുള്ള ദേഷ്യമാണ് കൊലപാതകത്തിന് കാരണമെന്ന് ഹാർദിക് പോലീസിനോട് സമ്മതിച്ചു.




