ധർമസ്ഥല കേസിൽ നിര്‍ണായക വെളിപ്പെടുത്തല്‍. ആക്‌ഷൻ കൗൺസിൽ പ്രസിഡന്റ് മഹേഷ് ഷെട്ടി തിമ്മരോടിക്കെതിരെ കേസിലെ നിർണായക സാക്ഷിയായ ചിന്നയ്യയാണ് മൊഴി നല്‍കിയത്. തലയോട്ടി നൽകിയത് തിമ്മരോടിയാണെന്നാണ് ചിന്നയ്യയുടെ മൊഴി. തിമ്മരോടിയുടെ റബ്ബർ തോട്ടത്തിൽ നിന്നായിരുന്നു തലയോട്ടി എടുത്തതെന്നും ചിന്നയ്യ വെളിപ്പെടുത്തി.
റബ്ബർ തോട്ടത്തിലെ മണ്ണ് പ്രത്യേക അന്വേഷണ സംഘം ശേഖരിച്ചു. തലയോട്ടിയിലെ മണ്ണുമായി ഇത് ഒത്തുനോക്കുമെന്നാണ് അറിയുന്നത്. തെളിവുകളെല്ലാം ശേഖരിച്ച ശേഷം, ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് മഹേഷ് ഷെട്ടി തിമ്മരോടിക്ക് നോട്ടിസ് നൽകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസിൽ തുടർച്ചയായ മൂന്നാം ദിവസവും സുജാത ഭട്ടിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യൽ പൂർത്തിയായാൽ സുജാത ഭട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് റിപ്പോർട്ട്.
നേരത്തെ, കേസുമായി ബന്ധപ്പെട്ട് ചിന്നയ്യ ഉപയോഗിച്ചത് ഉൾപ്പെടെ ആറു ഫോണുകൾ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ധർമസ്ഥല ആക്‌ഷൻ കൗൺസിൽ പ്രസിഡന്റ് മഹേഷ് തിമ്മരോടിയുടെയും സഹോദരൻ മോഹൻ ഷെട്ടിയുടെയും വീടുകളിൽ നിന്നാണ് ഈ ഫോണുകൾ കണ്ടെടുത്തത്. ഗൂഢാലോചന തെളിയിക്കുന്ന വിഡിയോകൾ ഫോണിൽ ഉണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ചിന്നയ്യയെ തിമ്മരോടിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പും നടത്തിയിരുന്നു.
ചിന്നയ്യയുടെ മൊഴിയിലെ വൈരുദ്ധ്യമാണ് ധർമസ്ഥല കേസിൽ വഴിത്തിരിവായതെന്നാണ് പൊലീസ് പറയുന്നത്. പീഡിപ്പിക്കപ്പെട്ട നൂറുകണക്കിന് സ്ത്രീകളെ ആരുമറിയാതെ ധർമസ്ഥലയിൽ താൻ മറവു ചെയ്തെന്നായിരുന്നു ചിന്നയ്യയുടെ ആദ്യ വെളിപ്പെടുത്തൽ. എന്നാൽ, ചിന്നയ്യ ഹാജരാക്കിയ തലയോട്ടി സ്ത്രീയുടെതല്ല, പുരുഷന്റേതാണെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി. അതേസമയം, ചിന്നയ്യക്കെതിരെ അദ്ദേഹത്തിന്റെ ഭാര്യ രംഗത്തെത്തി. പബ്ലിസിറ്റിക്ക് വേണ്ടിയാണ് കോളിളക്കം ഉണ്ടാക്കുന്ന വെളിപ്പെടുത്തൽ നടത്തിയതെന്നും ചിന്നയ്യക്ക് മാനസിക പ്രശ്നമുണ്ടെന്നും ഭാര്യ പറയുന്നു.




