വിലകൂടിയ വസ്ത്രങ്ങള്‍ വാങ്ങാനും ലൈവ് സ്ട്രീമർമാർക്ക് പണം നൽകുന്നതിനുമായി രണ്ട് മക്കളെ വിറ്റ ചൈനീസ് യുവതിക്ക് അഞ്ചു വർഷം തടവ് ശിക്ഷ. 26 വയസ്സുകാരിയായ ഹുവാങ് എന്ന യുവതിയാണ് ഈ ക്രൂരകൃത്യം ചെയ്തത്. ദക്ഷിണ ചൈനയിലെ ഗുവാങ് പ്രവിശ്യയിലാണ് സംഭവം . പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ഹുവാങ്ങിന് ജോലിയോ സാമ്പത്തിക ഭദ്രതയോ ഉണ്ടായിരുന്നില്ല.
2020 ഒക്ടോബറിലാണ് ഹുവാങ് തന്റെ ആദ്യത്തെ കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിന്റെ പിതാവ് ഇവർക്കൊപ്പമുണ്ടായിരുന്നില്ല. കുട്ടിയെ വളർത്താൻ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതിനാൽ, വീട്ടുടമയുടെ സഹായത്തോടെ യുവതി കുഞ്ഞിനെ വിൽക്കാൻ തീരുമാനിച്ചു. ഇയാളുടെ ബന്ധുവിന്റെ മകന് കുട്ടികളില്ലാത്തതുകൊണ്ട് അവർ കുഞ്ഞിനെ ദത്തെടുക്കാൻ തയ്യാറായി. അഞ്ച് ലക്ഷം രൂപയ്ക്കാണ് ആദ്യത്തെ കുഞ്ഞിനെ വിറ്റത്. ഈ പണം യുവതി ലൈവ് സ്ട്രീമർമാർക്ക് ‘ടിപ്പ്’ നൽകാനാണ് ഉപയോഗിച്ചത്.
ആദ്യത്തെ കുഞ്ഞിനെ വിറ്റ പണം തീർന്നപ്പോൾ, യുവതി വീണ്ടും ഗർഭം ധരിക്കാൻ തീരുമാനിച്ചു. നിരവധി പുരുഷന്മാരുമായി ബന്ധപ്പെട്ട ശേഷം, 2022-ൽ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകി. ഈ കുഞ്ഞിനെ നാലര ലക്ഷം രൂപയ്ക്കാണ് വിറ്റത്. എന്നാൽ, ഈ കുഞ്ഞിനെ വാങ്ങിയയാൾ അത് 12 ലക്ഷം രൂപയ്ക്ക് മറ്റൊരാൾക്ക് മറിച്ചുവിറ്റു. ഈ തുക ഉപയോഗിച്ച് ഹുവാങ് വിലകൂടിയ വസ്ത്രങ്ങൾ വാങ്ങുകയും ലൈവ് സ്ട്രീമർമാർക്ക് നൽകുകയും ചെയ്തു.
കുട്ടികളെ വിറ്റതുമായി ബന്ധപ്പെട്ട ചാറ്റ് വിവരങ്ങൾ അധികൃതർക്ക് ലഭിക്കുകയും, രണ്ട് കുഞ്ഞുങ്ങളെയും കണ്ടെത്തുകയും ചെയ്തു. നിലവിൽ, ഔദ്യോഗികമായി ദത്തെടുക്കാൻ സഹായിക്കുന്ന ലോക്കൽ സിവിൽ അഫയേഴ്സ് വകുപ്പുകളുടെ സംരക്ഷണയിലാണ് കുട്ടികളുള്ളത്. ഹുവാങ്ങിന് അഞ്ചുവർഷം തടവ് ശിക്ഷയാണ് ലഭിച്ചത്.




