ഓഫീസ് മേശപ്പുറത്ത് തലവെച്ച് ഉറങ്ങിയതിന് ജോലിയില്‍ നിന്ന് പിരിച്ചു വിടപ്പെട്ട ജീവനക്കാരന് കോടതി നഷ്ടപരിഹാരം വിധിച്ചത് 40 ലക്ഷം രൂപ. ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ തായ്സിംഗിലുള്ള ഒരു കെമിക്കല്‍ കമ്പനിക്ക് വേണ്ടി 20 വര്‍ഷത്തെ സേവനം ചെയ്ത ഷാങ് എന്ന് മാത്രം തിരിച്ചറിഞ്ഞയാള്‍ക്കാണ് കോടതി 350,00 യുവാന്‍ (ഏകദേശം 40 ലക്ഷം രൂപ) സമ്മാനമായി വിധിച്ചത്.
ഈ വര്‍ഷമാദ്യം, കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി വരെ ജോലി ചെയ്ത ശേഷം ഒരു മണിക്കൂറോളം ഷാങ് തന്റെ മേശപ്പുറത്ത് ഉറങ്ങുന്നത് നിരീക്ഷണ ക്യാമറകളില്‍ പതിഞ്ഞിരുന്നു. രണ്ടാഴ്ചയ്ക്ക് ശേഷം, കമ്പനിയുടെ എച്ച്ആര്‍ ഡിപ്പാര്‍ട്ട്മെന്റ് ഷാങ്ങിന്റെ ഉറക്കത്തിന് കാരണം ക്ഷീണമാണെന്ന് ഉദ്ധരിച്ച് കമ്പനി ‘സീറോ ടോളറന്‍സ് പോളിസി’ ലംഘിച്ചുവെന്ന് ആരോപിച്ച് പിരിച്ചുവിട്ടു.
”സഖാവ് ഷാങ്, നിങ്ങള്‍ 2004 ല്‍ കമ്പനിയില്‍ ചേര്‍ന്നപ്പോള്‍ ഒരു തൊഴില്‍ കരാറില്‍ ഒപ്പുവച്ചിരുന്നു. എന്നാല്‍ ജോലിയില്‍ ഉറങ്ങുന്ന നിങ്ങളുടെ പെരുമാറ്റം കമ്പനിയുടെ സീറോ ടോളറന്‍സ് അച്ചടക്ക നയത്തിന്റെ ഗുരുതരമായ ലംഘനമാണ്. തല്‍ഫലമായി, യൂണിയന്റെ അംഗീകാരത്തോടെ, കമ്പനി നിങ്ങളുമായുള്ള എല്ലാ തൊഴില്‍ ബന്ധങ്ങളും അവസാനിപ്പിച്ചിരിക്കുന്നു” പിരിച്ചുവിടല്‍ കത്തില്‍ പറഞ്ഞു.
കമ്പനിയുടെ നടപടി അംഗീകരിക്കാന്‍ തയ്യാറല്ലാത്ത ഷാങ് കോടതിയെ സമീപിച്ചു. പിരിച്ചുവിടല്‍ അനുചിതമാണെന്ന് കണ്ടെത്തിയ ടൈക്‌സിംഗ് പീപ്പിള്‍സ് കോടതി എസ്സിഎംപി പ്രകാരം, കമ്പനികള്‍ക്ക് നിയമങ്ങള്‍ നടപ്പിലാക്കാന്‍ അവകാശമുണ്ടെങ്കിലും, പിരിച്ചുവിടലുകള്‍ തൊഴിലുടമയ്ക്ക് ഉണ്ടാക്കുന്ന നഷ്ടം കൂടി കണക്കാക്കണമെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.
‘ജോലിക്കിടെ ഉറങ്ങുന്നത് കുറ്റമാണെങ്കിലും അതുകൊണ്ട് കമ്പനിക്ക് ഗുരുതരമായ ദോഷം വരുത്തിയിട്ടില്ലെന്നും’ ജഡ്ജി പറഞ്ഞു. ഒരൊറ്റ ‘ലംഘനത്തിന് പിരിച്ചുവിട്ടത് യുക്തിരഹിതമാണ് എന്ന് കോടതി നിരീക്ഷിക്കുകയും നഷ്ടപരിഹാരം നല്‍കാന്‍ കമ്പനിയോട് ഉത്തരവിടുകയും ചെയ്തു. പ്രമോഷനുകളും സ്ഥിരതയാര്‍ന്ന പ്രകടനവും ഉള്‍പ്പെട്ട ഷാങ്ങിന്റെ രണ്ട് പതിറ്റാണ്ടിന്റെ കുറ്റമറ്റ ട്രാക്ക് റെക്കോര്‍ഡ് അദ്ദേഹത്തിന്റെ വാദത്തെ കൂടുതല്‍ ശക്തിപ്പെടുത്താനും ഗുണകരമായി മാറി.