Oddly News

ലൈവ് സ്ട്രീമിനിടെ വിമാനം തകര്‍ന്ന് ചൈനീസ് ഇന്‍ഫ്‌ളുവന്‍സര്‍ മരിച്ചു- വീഡിയോ

ബെയ്ജിങ്: ലൈവ് സ്ട്രീമിങ് നടത്തി വിമാനം പറത്തുന്നതിനിടെയുണ്ടായ അപകടത്തില്‍ ചൈനീസ് ഇന്‍ഫ്ളുവന്‍സര്‍ മരിച്ചു. ചൈനീസ് കണ്ടന്റ് ക്രിയേറ്റര്‍ ആയ ടാങ് ഫെയ്ജി(55) ആണു മരിച്ചത്.

മധ്യചൈനയിലെ ജിയാങ് കൗണ്ടിയില്‍ ചെറുവിമാനം പറത്തുന്നതിനിടെയാണ് അപകടമുണ്ടായത്. ഇദ്ദേഹത്തിന്റെ നൂറു കണക്കിനു ഫോളോവേഴ്സ് അപകടദൃശ്യം ലൈവായി കണ്ടിരുന്നു. അപകടത്തിനു പിന്നാലെ ടാങ് ഫെയ്ജിയുടെ സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ പ്രൈവറ്റ് വേര്‍ഷനിലേക്കു മാറി. നിലവിലുള്ള ഫോളോവേഴ്സിനു മാത്രമാണ് അക്കൗണ്ടുകളിലെ ഉള്ളടക്കങ്ങള്‍ കാണാന്‍ കഴിയുക.

ടിക്ടോക്കിന്റെ ചൈനീസ് വേര്‍ഷനായ ഡൗയിനില്‍ ഒരു ലക്ഷത്തിലേറെപ്പേരാണ് ടാങ് ഫെയ്ജിയെ പിന്തുടരുന്നത്. വിമാനം തകര്‍ന്നുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങള്‍ എക്സ് ഉള്‍പ്പെടെയുള്ള സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മണിക്കൂറില്‍ 96 കിലോമീറ്റര്‍ വേഗത്തില്‍ പറന്നിരുന്ന ചെറുവിമാനത്തിന്റെ നിയന്ത്രണം നഷ്ടമാകുകയും തകര്‍ന്ന് തീപിടിക്കുകയായുമായിരുന്നു. ടാങ് ഫെയ്ജി അപകടസ്ഥലത്തുവച്ചുതന്നെ മരിച്ചതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഏകദേശം 49,000 ഡോളറിനാണ്(ഏകദേശം 43.52 ലക്ഷം രൂപ) ചെറുവിമാനം വാങ്ങിയതെന്നു മൂന്‍വീഡിയോകളില്‍ ടാങ് ഫെയ്ജി പറഞ്ഞിരുന്നു. ആറു മണിക്കൂര്‍ പരിശീലനത്തിനുശേഷം വിമാനം പറത്തുന്നതില്‍ പ്രാവീണ്യം നേടിയതായും ടാങ് അവകാശപ്പെട്ടിരുന്നു. അതേസമയം, അപകടസമയത്ത് അദ്ദേഹം ഹെല്‍മെറ്റോ പാരച്യൂട്ടോ ധരിച്ചിരുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം.