തലയില്‍ കത്തി കുത്തിനിര്‍ത്തിയ നിലയിലെ ഒരു കുട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. തെക്ക് പടിഞ്ഞാറന്‍ ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ കുമിങ് നഗരത്തിലാണ് സംഭവം നടന്നത്. അവിടത്തെ ഡോംഗ്‌ചുങ് പീപ്പിള്‍സ് ആശുപത്രിയിലാണ് അമ്മയുടെ കൈയും പിടിച്ച് ഒരു കുട്ടി എത്തിയത്.
കുട്ടിയെ കണ്ട ഡോക്‌ടര്‍മാരടക്കം അമ്പരന്നു. സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പ്രതികരണങ്ങളാണ് വരുന്നത്. കത്തി തലയില്‍ തറച്ചിട്ടും മുറിവില്‍നിന്ന് രക്‌തം വരുന്നില്ലായിരുന്നു. അതുപോലെ തന്നെ ഒന്നും സംഭവിക്കാത്ത പോലെയാണ് ആ കുട്ടി അമ്മയുടെ കൈയില്‍ പിടിച്ച് ആശുപത്രിയില്‍ നടന്നത്. ഓഗസ്‌റ്റ് 15നാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്.
ഹു എന്ന് പേരുള്ള മൂന്ന് വയസുകാരിയാണ് വീഡിയോയിലുള്ള കുട്ടി. വീട്ടിലെ കിടക്ക വിരി അമ്മ വിരിക്കുന്നതിനിടെ പഴങ്ങള്‍ മുറിക്കുന്ന കത്തി കിടക്കയില്‍ ഉണ്ടായിരുന്നു.ഇത് അറിയാതെ അമ്മ കിടക്ക കുടഞ്ഞതും കത്തി അടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ തലയില്‍ തറച്ചുകയറുകയായിരുന്നു.
ആദ്യം കത്തി ഊരാന്‍ അമ്മ ശ്രമിച്ചെങ്കിലും മകള്‍ക്ക് വേദനയെടുത്തതോടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 15 സെന്റീ മീറ്റര്‍ നീളമുള്ള കത്തിയാണ് കുട്ടിയുടെ തലയില്‍ തറച്ചത്. കുട്ടിയുടെ തലയില്‍നിന്ന് കത്തി മാറ്റിയതായും കുട്ടി സുഖം പ്രാപിച്ചുവരുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.




