Oddly News

മാസശമ്പളം 24,000 രൂപ; പ്രേതഭയം പാടില്ല, അഭിമുഖത്തില്‍ 10 മിനിറ്റ് ​മോര്‍ച്ചറിയില്‍ നില്‍ക്കണം…!

ചൈനയിലെ ഒരു ഫ്യൂണറല്‍ ഹോം, 2,200 യുവാന്‍ (300 ഡോളര്‍) പ്രതിമാസ ശമ്പളമുള്ള ഒരു ജോലിക്ക് വേണ്ടി നല്‍കിയ പരസ്യം ഓണ്‍ലൈനില്‍ വന്‍ ചര്‍ച്ചയാകുന്നു. മോര്‍ച്ചറിയില്‍ മാനേജരാകാനുള്ള ജോലിക്ക് വേണ്ടിയുള്ള പരസ്യത്തില്‍ അഭികാമ്യമായ യോഗ്യതയായി കണക്കാക്കുക 10 മിനിറ്റ്
​മോര്‍ച്ചറിയില്‍ കൊടും തണുപ്പില്‍ കഴിയണമെന്നതാണ്. ഇങ്ങിനെ ചെയ്യുന്നവരേ അഭിമുഖത്തില്‍ പാസ്സാകു.

എന്തിനാണ് അപേക്ഷകർ 10 മിനിറ്റ് മോർച്ചറിയിൽ ചെലവഴിക്കേണ്ടത് എന്ന ചോദ്യത്തിന് സ്റ്റാഫ് അം​ഗങ്ങളുടെ മറുപടി, ചിലർക്ക് മോർച്ചറിയിൽ‌ നിൽക്കാൻ ഭയമോ എന്തെങ്കിലും തരത്തിലുള്ള വിലക്കുകളോ ഒക്കെ ഉണ്ടായേക്കാം. എന്നാൽ, ഈ ജോലിയിൽ ചേരുന്ന ഒരാൾക്ക് 10 മിനിറ്റോ അതിലധികമോ മോർച്ചറിയിൽ ചെലവഴിക്കേണ്ടി വരും. അതിന് മുന്നോടിയായുള്ള ഒരു ടെസ്റ്റ് മാത്രമാണ് ഇത് എന്നാണ്.

ഡിസംബര്‍ 11 ന്, വടക്കന്‍ ചൈനയിലെ ഷാന്‍ഡോംഗ് പ്രവിശ്യയിലെ റുഷനില്‍ നിന്നുള്ള ഒരു നെറ്റിസണ്‍, അവരുടെ നിയമന പ്രക്രിയയുടെ ഓണ്‍-സൈറ്റ് ടെസ്റ്റിന്റെ വിശദാംശങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തതോടെയാണ് ചര്‍ച്ചയ്ക്ക് തുടക്കമായത്. ഡിസംബര്‍ 6 ന് റുഷന്‍ മുനിസിപ്പല്‍ ബ്യൂറോ ഓഫ് ഹ്യൂമന്‍ റിസോഴ്സ് ആന്‍ഡ് സോഷ്യല്‍ സെക്യൂരിറ്റി പുറത്തിറക്കിയ തൊഴില്‍ വിവരത്തില്‍ ജോലിക്ക് അപേക്ഷകര്‍ റുഷനില്‍ സ്ഥിരമായ ഗാര്‍ഹിക രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണമെന്ന് പറയുന്നു.

ഉദ്യോഗാര്‍ത്ഥി 24 മണിക്കൂറും ഷിഫ്റ്റില്‍ ജോലി ചെയ്യാന്‍ കഴിയുന്ന 45 വയസ്സില്‍ താഴെ പ്രായമുള്ള പുരുഷനും ജൂനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസമെങ്കിലും ഉള്ളയാളുമായിരിക്കണം. മൂന്നു വര്‍ഷത്തേക്ക് കരാര്‍ നിയമനം ആയിരിക്കും. ഇതില്‍ 70 യുവാന്‍ (10 ഡോളര്‍) പരീക്ഷാഫീസും നല്‍കണം. യോഗ്യതാ പരീക്ഷകളില്‍ മോര്‍ഗ് റൂം ടെസ്റ്റ്, അഭിമുഖങ്ങള്‍, പശ്ചാത്തല പരിശോധനകള്‍, വൈദ്യ പരിശോധന, ആറ് മാസത്തെ പ്രൊബേഷന്‍ കാലയളവ് എന്നിങ്ങനെ നിരവധി ഘട്ടങ്ങള്‍ ഉള്‍പ്പെടുന്നു.

പ്രേതഭയം, ആരോഗ്യസ്ഥിതി എന്നിവയെല്ലാം കണക്കാക്കുമ്പോള്‍ പലര്‍ക്കും ഈ ജോലിയോട് ആഭിമുഖ്യം കുറഞ്ഞേക്കാന്‍ ഇടയുണ്ടെന്ന് കമ്പനി വിചാരിക്കുന്നു. രാത്രി ഷിഫ്റ്റുകള്‍ക്കുള്ള അധിക അലവന്‍സുകളോടൊപ്പം നികുതി, സോഷ്യല്‍ ഇന്‍ഷുറന്‍സ് പേയ്മെന്റുകള്‍ക്ക് ശേഷമുള്ള 2,200 യുവാന്‍ ആണ് ഈ തസ്തികയുടെ പ്രതിമാസ ശമ്പളം എന്നും പറയുന്നു. അതേസമയം ഈ ഓണ്‍-സൈറ്റ് ടെസ്റ്റ് ഒരു സ്ഥാനാര്‍ത്ഥിയുടെ മനഃശാസ്ത്രപരമായ പ്രതിരോധം വിലയിരുത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്നും അത് അധാര്‍മ്മികമാണെന്നുമുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. ചൈനയുടെ ശവസംസ്‌കാര സേവന വിപണി 2015 ല്‍ 169.5 ബില്യണ്‍ യുവാന്‍ ( 22 ബില്യണ്‍ യുഎസ് ഡോളര്‍) ആയിരുന്നത് 2022 ആകുമ്പോഴേക്കും 310.2 ബില്യണ്‍ യുവാന്‍ ആയി വികസിച്ചു.