Lifestyle

പശുവിനെ വളര്‍ത്തുന്നുണ്ട്, രണ്ടുലക്ഷം ശമ്പളമുള്ള മകന് 5,000 അമ്മയ്ക്ക് ചെലവിനു കൊടുക്കാനില്ല, ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി: വിവാഹിതനെന്നും സ്വന്തം കുടുംബത്തെ നോക്കണമെന്ന കാരണംപറഞ്ഞും പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാനുള്ള ബാധ്യതയില്‍ നിന്നു മക്കള്‍ക്കു മാറിനില്‍ക്കാനാവില്ലെന്നു ഹൈക്കോടതി.

ഭര്‍ത്താവ്‌ ചെലവിനു നല്‍കുന്നില്ലെങ്കില്‍ മക്കളില്‍നിന്നു ജീവനാംശം ലഭിക്കാന്‍ അമ്മയ്‌ക്ക്‌ അര്‍ഹതയുണ്ടെന്നും സ്വയം സംരക്ഷിക്കാനോ ഭര്‍ത്താവ്‌ ആവശ്യമായ പിന്തുണ നല്‍കുന്നില്ലെങ്കിലോ അമ്മയ്‌ക്ക്‌ അതു നല്‍കാന്‍ മകനു നിയമപരമായ ബാധ്യതയുണ്ടെന്നും കോടതി വ്യക്‌തമാക്കി. അമ്മയ്‌ക്കു മാസം 5000 രൂപ ജീവനാംശം നല്‍കാനുള്ള തിരൂര്‍ കുടുംബ കോടതി ഉത്തരവിനെതിരേ മകന്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തള്ളിക്കൊണ്ടാണു ജസ്‌റ്റിസ്‌ കൗസര്‍ എടപ്പഗത്തിന്റെ വിധി.
ഗള്‍ഫില്‍ ജോലി ചെയ്യുന്ന മകനു മാസം രണ്ടുലക്ഷം രൂപ ശമ്പളമുണ്ടെന്നും അതിനാല്‍ തനിക്കു മാസം 25,000 രൂപ വീതം ചെലവിനത്തില്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു പൊന്നാനി സ്വദേശിയായ 60 വയസുകാരിയാണു കുടുംബ കോടതിയെ സമീപിച്ചത്‌.
തനിക്ക്‌ ഒരുവിധത്തിലുള്ള വരുമാനവുമില്ലെന്നും അവര്‍ വ്യക്‌തമാക്കിയിരുന്നു. തുടര്‍ന്ന്‌ 5,000 രൂപ അമ്മയ്‌ക്കു മാസം തോറും നല്‍കാന്‍ കുടുംബ കോടതി ഉത്തരവിട്ടു.
ഇതിനെതിരേ മകന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അമ്മ പശുവിനെ വളര്‍ത്തുന്നുണ്ടെന്നും ഇതില്‍നിന്ന്‌ നല്ല ആദായം ലഭിക്കുന്നുണ്ടെന്നും മകന്‍ വാദിച്ചു. മാത്രമല്ല, ഇവരുടെ ഭര്‍ത്താവിനു സ്വന്തമായി മത്സ്യബന്ധന ബോട്ടുണ്ടെന്നും അദ്ദേഹം അമ്മയ്‌ക്കു ചെലവിനു നല്‍കുന്നുണ്ടെന്നും അതിനാല്‍ താന്‍ പണം നല്‍കണമെന്ന കാര്യം നിയമപരമായി നിലനില്‍ക്കില്ലെന്നുമായിരുന്നു മകന്റെ വാദം. എന്നാല്‍, കോടതി ഇതു തള്ളി.

ബി.എന്‍.എസ്‌.എസ്‌. സെക്‌ഷന്‍ 144 അനുസരിച്ചു മക്കളില്‍നിന്നു ജീവനാംശം ലഭിക്കാന്‍ അമ്മയ്‌ക്ക്‌ അര്‍ഹതയുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. ഭര്‍ത്താവ്‌ സംരക്ഷിക്കുന്നുണ്ടോ എന്നതു മക്കള്‍ ചെയ്യേണ്ട കാര്യത്തില്‍ നോക്കേണ്ടതില്ല. അങ്ങനെ ഉണ്ടെങ്കില്‍പോലും മക്കളില്‍നിന്നു ചെലവിനത്തില്‍ അമ്മയ്‌ക്ക്‌ അവകാശപ്പെടാന്‍ കഴിയും. അതിനാല്‍ ഭര്‍ത്താവ്‌ ചെലവിനു നല്‍കുന്നതിനാല്‍ താന്‍ നല്‍കേണ്ടതില്ലെന്ന മകന്റെ വാദം നിലനില്‍ക്കില്ലെന്നുമാണു ഹൈക്കോടതിയുടെ വിധി.