ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിൽ നിന്നും പുറത്തുവരുന്ന അതിദാരുണ വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഞെട്ടൽ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. വിറക് ശേഖരിക്കാൻ വനത്തിലേക്ക് പോയ അച്ഛനെയും മകനെയും രോഷാകുലനായ ഒരു കരടി ആക്രമിച്ചു കൊലപെടുത്തിയ വാർത്തയാണിത്. ശുക്‌ലാൽ ദാരോ (45), അജ്ജു കുരേതി (22) എന്നിവരാണ് ശനിയാഴ്ച കരടി ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
സംസ്ഥാനത്തെ ഡോംഗർകട്ട ഗ്രാമത്തിനടുത്തുള്ള ജയിൽങ്കസ എന്ന കുന്നിൻ മുകളിലെ വനത്തിൽ നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്തത്. കരടിയുടെ ആക്രമണത്തിൽ മകൻ സംഭവസ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു. അച്ഛൻ
ദാരോ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണപ്പെട്ടത്.
കരടിയുടെ പിടിയിൽ നിന്ന് ദാരോയെയും കുരേതിയെയും രക്ഷിക്കാൻ കരടിക്ക് മുന്നിലേക്ക് ചാടിയ വനംവകുപ്പ് ഉദ്യോഗസ്ഥനും ഗുരുതപരുക്കുകൾ ഏറ്റിട്ടുണ്ട്.
സംഭവത്തിൻ്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ ഓൺലൈനിൽ വ്യാപകമായി പ്രചരിക്കുകയാണ്. വീഡിയോയിൽ കോരാർ ഫോറസ്റ്റ് റേഞ്ചിൽ അച്ഛനെയും മകനെയും ഒരു വനംവകുപ്പ് ഉദ്യോഗസ്ഥനെയും കരടി ആക്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഉള്ളത്.
വീഡിയോയുടെ തുടക്കത്തിൽ മൂന്ന് പേരെയും ആക്രമിക്കാൻ കരടി ദേഷ്യത്തോടെ കാട്ടിലേക്ക് ഓടുന്നത് കാണാം. യൂണിഫോമിട്ട ഫോറസ്റ്റ് ഗാർഡിനെ മൃഗം ആക്രമിക്കുന്നത് വീഡിയോയിൽ പതിഞ്ഞിരുന്നു. കരടി ഉദ്യോഗസ്ഥനെ കൈകളിൽ ചേർത്തുപിടിച്ച് ഞെരുക്കുന്ന നിലയിൽ ആയിരുന്നു. അതുകൊണ്ട് തന്നെ രക്ഷപെടുകയെന്നത് അയാൾക്ക് എളുപ്പമായിരുന്നില്ല.
പിന്നീട് അദ്ദേഹം ഫോറസ്റ്റ് ഗാർഡ് നാരായൺ യാദവ് ആണെന്ന് തിരിച്ചറിഞ്ഞു, കരടിയിൽ നിന്ന് രക്ഷപെട്ടെങ്കിലും നിലവിൽ നാരായണിന്റെ നില ഗുരുതരമായി തുടരുകയാണ്.
കരടി വിശ്രമിക്കാൻ ഇറങ്ങിയതാണോ , അതോ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ആവശ്യമായ നടപടികൾക്ക് വേണ്ടി പുറത്തുകൊണ്ടുവന്നതാണോ എന്നത് വ്യക്തമല്ല.
വാർത്താ ഏജൻസിയായ РТІയുടെ റിപ്പോർട്ട് അനുസരിച്ച്, അധികാരികൾ പിന്നീട് JCB ഉപയോഗിച്ചാണ് വനത്തിൽ നിന്ന് അച്ഛൻ്റെയും മകൻ്റെയും മൃതദേഹങ്ങൾ നീക്കം ചെയ്തത്.
കരടിയെ ഇതുവരെ പിടികൂടാനായിട്ടില്ല. രണ്ട് പേരുടെ ജീവനെടുത്തത്തോടെ പ്രദേശവാസികൾ ഇപ്പോൾ കടുത്ത ഭീതിയിലാണ്.