മതപരിവര്‍ത്തനം തടയുന്നതിനുള്ള നിയമം കൂടുതല്‍കടുപ്പിക്കാന്‍ ഛത്തീസ്ഗഢ് സര്‍ക്കാര്‍. നിയമസഭയുടെ ശീതകാലസമ്മേളനത്തില്‍ ഇതിനുള്ള ഭേദഗതി അവതരിപ്പിച്ചേക്കും. ഛത്തീസ്ഗഡില്‍ മലയാളികളായ കന്യാസ്ത്രീകള്‍ അറസ്റ്റിലായ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ നീക്കത്തിന് രാഷ്ടീയപ്രാധാന്യമുണ്ട്.
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് കൂടുതല്‍ ശിക്ഷ ലഭിക്കുന്ന ചട്ടങ്ങള്‍ പുതിയ ഭേദഗതിയില്‍ വന്നേക്കും. മതം മാറാന്‍ ആഗ്രഹിക്കുന്നവര്‍ രണ്ട് മാസം മുന്‍പ് പ്രാദേശിക അധികൃതര്‍ക്ക് നോട്ടീസ് നല്‍കണമെന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഭേദഗതികള്‍ പ്രാബല്യത്തിലായാല്‍ സമാനമായ സംഭവങ്ങളില്‍ ക്രൈസ്തവ മിഷനറിമാര്‍ക്കെതിരേയും മറ്റും കടുത്തനിയമനടപടികള്‍ സ്വീകരിക്കാന്‍ പോലീസിന് അവസരം ലഭിക്കും. വെറും വാക്കുകളുടെ പേരില്‍ പോലും പലരും സംശയത്തിന്റെ നിഴലിലാകും. ഇത് കേരളത്തിലും മറ്റും ബിജെപിക്ക് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കും. ഛത്തീസ്ഗഡ് മതസ്വാതന്ത്ര്യ നിയമത്തില്‍ ഭേദഗതിവരുത്തി കൂടുതല്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ രൂപരേഖ തയ്യാറാക്കിവരുകയാണെന്ന് ഛത്തീസ്ഗഢ് ആഭ്യന്തരമന്ത്രി വിജയ് ശര്‍മ സൂചിപ്പിച്ചു.
നിര്‍ബന്ധിത മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയായിരുന്നു മലയാളികളായ കന്യാസ്ത്രീകള്‍ പ്രീതി മേരിയേയും വന്ദന ഫ്രാന്‍സിസിനേയും പൊലീസ് അറസ്റ്റ് ചെയ്ത്.




