Crime

‘മാസം 40,000 രൂപ വേണം’; ഭിന്നശേഷിക്കാരനായ ഭര്‍ത്താവിനെ ഓഫീസിലെത്തി മര്‍ദിച്ച് ഭാര്യ

ഭിന്നശേഷിക്കാരനായ തന്റെ ഭര്‍ത്താവിനെ ഓഫീസിലെത്തി മര്‍ദിച്ച് ഭാര്യ. ചെന്നൈയില്‍ കഴിഞ്ഞ ജൂണ്‍ പത്തിന് നടന്ന സംഭവത്തിന്റെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. സെന്തില്‍ നാഥന്‍ എന്നയാളെയാണ് ഭാര്യ മാരാമണിയാണ് മര്‍ദിച്ചത്.

ഓഫീസിലെത്തി ആദ്യം സെന്തില്‍ നാഥനുമായും സഹപ്രവര്‍ത്തകരുമായും യുവതി വാക്കേറ്റത്തിലേര്‍പ്പെട്ടു. പിന്നാലെയാണ് മര്‍ദനം ആരംഭിച്ചത്. തടയാന്‍ ശ്രമിച്ച സഹ​‍പ്രവര്‍ത്തകരെ ഓഫീസിലിരുന്ന വസ്തുക്കള്‍ ഉപയോഗിച്ച് യുവതി എറിയുകയും ചെയ്യുന്നുണ്ടായിരുന്നു. മര്‍ദനം കടുത്തതോടെ സെന്തിലിന്റെ സഹപ്രവര്‍ത്തകര്‍ യുവതിയെ തിരിച്ചും മര്‍ദിച്ചു. ഒടുവില്‍ ഓഫീസിലുണ്ടായിരുന്നവരെല്ലാം ചേര്‍ന്ന് യുവതിയെ പുറത്താക്കുകയായിരുന്നു. തുടർന്ന് അവൾ തന്റെ അമ്മയെന്ന് പറയപ്പെടുന്ന മറ്റൊരു സ്ത്രീയോടൊപ്പം ഓഫീസ് വിട്ടു.

സംഭവത്തിന് പിന്നാലെ സെന്തില്‍ വികലാംഗ സംഘടനയില്‍ പരാതി നല്‍കി. ഇരുവരും തമ്മില്‍ വിവാഹമോചനകേസുണ്ടെന്നും സൂചനകളുമുണ്ട്. ഭാര്യക്ക് മകനെ വേണ്ടെന്നും പണം മാത്രം മതിയെന്നും യുവാവ് മാധ്യമങ്ങളോട് പ്രതികരിച്ചു. മാസം 40,000 രൂപ വേണമെന്നാണ് യുവതിയുടെ ആവശ്യമെന്നും സെന്തില്‍ പറഞ്ഞു. യുവാവിന്റെ പരാതിയില്‍ ഭാര്യക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.