Health

സ്ത്രീകള്‍ക്ക് രതി ആസ്വദിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുന്നത് എന്തുകൊണ്ട് ? രതിമൂര്‍ച്ഛയുടെ രസതന്ത്രം

രതി എന്നത് ഗുരുവില്ലാത്ത കല എന്നതുകൊണ്ട് തന്നെയാണ് രതിമൂര്‍ച്ഛയെപ്പറ്റി ഇത്രയേറെ സംശയങ്ങളും തെറ്റിദ്ധാരണകളും നിലനില്‍ക്കുന്നത്. മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട ലൈംഗികാവയവം ഏതെന്ന് ചോദിച്ചാല്‍ അല്‍പ്പം അത്ഭുതംതോന്നാമെങ്കിലും ഇരുചെവികള്‍ക്കിടയിലുള്ള മസ്തിഷ്‌കം എന്നതുതന്നെയാണ് ശരിയായ ഉത്തരം.

പ്രധാന ലൈംഗികാവയവങ്ങളായ പുരുഷനിലെ ലിംഗവും വൃഷ്ണവും, സ്ത്രീയിലെ യോനിയും, ഗര്‍ഭാശയവും അണ്ഡാശയവും എല്ലാം മസ്തിഷ്‌കത്തിന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസരണമായാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ലൈംഗികത എന്നത് മനസുമായി അഭേദ്യബന്ധമുണ്ടെന്ന് പറയുന്നത്.

ഓക്‌സിട്ടോസിന്‍, ഡോപ്പമിന്‍ എന്നീ ജൈവരാസതന്മാത്രകള്‍ തലച്ചോറില്‍ സൃഷ്ടിക്കുന്ന പ്രകമ്പനങ്ങളാണ് രതിമൂര്‍ച്ഛ എന്ന അവസ്ഥയിലെത്തിക്കുന്നത്. നമ്മുടെ ബോധമണ്ഡലത്തെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗങ്ങള്‍ താല്‍ക്കാലികമായി ‘സ്വിച്ച് ഓഫ്’ ആവുന്നതിനാലാണ് രതിമൂര്‍ച്ഛയില്‍ പങ്കാളികള്‍ പരസ്പരം മതിമറന്ന് അനുഭൂതിയിലെത്തുന്നത്. പക്ഷേ, അതിന് സ്വച്ഛമായ മനസ് വേണമെന്ന് മാത്രം.

കാരണം ലൈംഗികമായ ബന്ധപ്പെടലിനെ വെറും ശാരീരികമായ പ്രവര്‍ത്തനങ്ങളായി കാണുകയും, ഭാര്യയ്ക്ക് ഭര്‍ത്താവിനോടും, ഭര്‍ത്താവിന് ഭാര്യയോടുമുള്ള ഒരു കടമ – ജോലിയായി ഇതിനെ കാണുകയോ, അതോടൊപ്പംതന്നെ ലൈംഗികമായി ബന്ധപ്പെടുമ്പോള്‍ത്തന്നെ ആധിയും ഭയവും ആകാംക്ഷയും മറ്റ് നിഷേധാത്മകചിന്തകളും വിടാതെ പിന്തുടരുകയും ചെയ്യുമ്പോഴാണ് രതിമൂര്‍ച്ഛ ആസ്വദിക്കാന്‍ ആവാതെ പോവുന്നത്. മനസും ശരീരവും ഒരവസ്ഥയില്‍ നിലനിര്‍ത്തുന്നതിനുള്ള കഴിവാണ് ഇവിടെ വേണ്ടത്.

രതിമൂര്‍ച്ഛയില്‍ എത്തും മുമ്പേ

രതിമൂര്‍ച്ഛയിലെത്താതെ തന്നെ രതിസൂഖം ആസ്വദിക്കാന്‍ സാധിക്കും. പ്രത്യേകിച്ചും പുരുഷന്മാര്‍ക്ക്. സ്ത്രീയെ സംബന്ധിച്ചാണെങ്കില്‍ ആദ്യം മനസുകൊണ്ടും പിന്നെ ശരീരംകൊണ്ടും ലൈംഗികതയെ ആസ്വദിച്ചാല്‍ മാത്രമേ രതിമൂര്‍ച്ഛയില്‍ എത്താനാവൂ. അതിനാലാണ് സ്ത്രീകള്‍ക്ക് രതിമൂര്‍ച്ഛയ്ക്കായി കൂടുതല്‍ സമയം വേണ്ടിവരുന്നത്.

സംഗീതനിശയിലെ സിംഫണിയിലെ ലയംപോലെയാണ് രതിമൂര്‍ച്ഛ. വ്യക്തി താല്‍പ്പര്യവും പരസ്പര വിശ്വാസവുമാണ് ഈയോരവസ്ഥ പ്രാപ്യമാക്കാന്‍ വേണ്ടത്. കിടപ്പറയിലെത്തുമ്പോഴും പിന്തുടരുന്ന മോഹഭംഗങ്ങളും ആധിയുമാണ് യഥാര്‍ഥ വില്ലന്‍. അതുകൊണ്ടാണ് ഡോക്ടര്‍മാര്‍ ദമ്പതികളെ ആദ്യം പരസ്പരം അറിയാന്‍ പഠിപ്പിക്കുന്നത്. അതിനാല്‍ ഏതുകാര്യത്തിലും എന്നതുപോലെ ആരോഗ്യകരമായ ശരിയായ മനോനിയന്ത്രണം ആണ് രതിമൂര്‍ച്ഛയുണ്ടാവാന്‍ അടിസ്ഥാനമായി വേണ്ടത്.

തലച്ചോറിലെ വിസ്മയം

ലൈംഗികാവയവങ്ങളില്‍നിന്നും ഉല്‍ഭവിക്കുന്ന സംവേദനങ്ങള്‍ തലച്ചോറിലേക്ക് എത്തി, ഈ സംവേദനങ്ങളെ തലച്ചോറില്‍ ശരിയായി വിശകലനം ചെയ്യുമ്പോഴാണ് മേല്‍പ്പറഞ്ഞ ജൈവരാസമാറ്റങ്ങള്‍ സംഭവിക്കുന്നത്.

രതിമൂര്‍ച്ഛ എന്ന അനുഭൂതി അനുഭവഭേദ്യമാകുന്നത്. ഇതിനായി ഹൈപോഗ്രാസ്ടിക്, പെല്‍വിക്, പുഡന്‍ഡല്‍, വേഗസ് എന്നീ പ്രധാന പേരുകളില്‍ അറിയപ്പെടുന്ന നാഡീ ഞരമ്പുകളിലൂടെയാണ് ഈവിധ സംവേദനങ്ങള്‍ തലയില്‍ എത്തുന്നത്.

തലച്ചോറിലെ അനുഭൂതിയുടെ കേന്ദ്രം അഥവാ പ്ലഷര്‍സെന്ററില്‍ നമ്മുടെ വികാരങ്ങളുടെ ഉദ്ദീപനം മൂലം അമൈഗ്ഡാല, ന്യൂക്ലിയാസ് അക്യൂംബന്‍സ് എന്നീ കേന്ദ്രങ്ങളില്‍ നിന്നും ഡോപമിന്‍ എന്ന ജൈവരാസതന്മാത്രകളെ സ്വതന്ത്രമാക്കുകയും, സെറിബല്ലം എന്ന ഭാഗം മസിലുകളുടെ സങ്കോചവികാസങ്ങള്‍ക്ക് നേരിട്ട് നിര്‍ദ്ദേശം നല്‍കുകയും, പിറ്റിയൂട്ടറിഗ്രന്ഥി സുഖാനുഭൂതി നല്‍കാന്‍ സഹായിക്കുന്ന എന്റോര്‍ഫിന്‍, ഓക്‌സിട്ടോസിന്‍, വാസോപ്രസിന്‍ എന്നീ ജൈവരാസതന്മാത്രകളെ സ്വതന്ത്രമാക്കുന്നതിന്റെ കൂടി ഫലമായിട്ടാണ് ബോധമണ്ഡലത്തെ സ്വാധീനിച്ച് പങ്കാളികള്‍ തമ്മിലുള്ള വിശ്വാസവും, സ്‌നേഹവും പരസ്പരബന്ധവും ഊട്ടിയുറപ്പിക്കുകയും ലൈംഗികബന്ധത്തിലൂടെ അര്‍ദ്ധ നാരീശ്വര സങ്കല്‍പ്പത്തിലേക്ക് മനുഷ്യരെ മാനസികമായി ഉയര്‍ത്തുന്നതും.

ഇതോടൊപ്പം ഇടതു കണ്ണിന്റെ പിറകിലായി നമ്മുടെ ബോധവും സ്വഭാവവും നിയന്ത്രിക്കുന്ന ലാറ്ററല്‍ ഓര്‍ബിറ്റോ ഫ്രോണ്ടല്‍ കോര്‍ട്ടക്‌സ് എന്ന ഭാഗവും നേരത്തേ പറഞ്ഞ രീതിയില്‍ താല്‍ക്കാലികമായി സ്വിച്ച് ഓഫ് ആവുന്നതിനാലാണ് രതിമൂര്‍ച്ഛയ്ക്ക് ശേഷം പരിസരബോധം ഇല്ലാത്തവിധം ഉറക്കവും, ആലസ്യവും മസിലുകളുടെ അയവും, സുഖാനുഭൂതിയും എല്ലാം അനുഭവഭേദ്യമാക്കുന്നത്.

സ്ത്രീകളില്‍ പക്ഷേ, ആകാംക്ഷയെ നിലനിര്‍ത്തുന്ന പെരിഅക്വിഡക്ടല്‍ ഗൈറെ കൂടുതലായി ഉദ്ദീപിപ്പിക്കപ്പെടുന്നതിന്റെ ഫലമായും, ഇതോടൊപ്പം അമൈഗ്ഡാല, ഹൈപ്പോകംപസ് എന്നീ ഭാഗങ്ങള്‍ പുരുഷന്മാരില്‍ സ്വിച്ച് ഓഫ് ആവുന്നത്ര വേഗത്തില്‍ സ്ത്രീകളില്‍ സ്വിച്ച് ഓഫ് ആവാത്തതിനാലും ആണ് സ്ത്രീകള്‍ക്ക് രതി ആസ്വദിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *