തൊടുപുഴ: മകനെയും മകന്റെ ഭാര്യയെയും രണ്ട് കൊച്ചുമക്കളെയും തീകൊളുത്തി കൊലപ്പെടുത്തിയ ഹമീദിനുള്ള ശിക്ഷ നാളെ കോടതി വിധിക്കും. ഉറങ്ങിക്കിടക്കുകയായിരുന്ന മകനെയും മരുമകളെയും രണ്ട് കൊച്ചുമക്കളെയും വീട്ടില്‍ പൂട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്തിയ കേസിലാണ് പ്രതി ചീനിക്കുഴി ആലിയേകുന്നേല്‍ ഹമീദ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്
പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയതായി ജഡ്ജ് ആഷ് കെ.ബാല്‍ വിധി പ്രസ്താവിച്ചു. ഭാവഭേദമില്ലാതെയാണ് ഹമീദ് വിധി ശ്രവിച്ചത്. എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോയെന്ന ജഡ്ജിയുടെ ചോദ്യത്തിന് അസുഖബാധിതനാണെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നുമായിരുന്നു ഹമീദിന്റെ ആവശ്യം.
പ്രതിയുടെ പ്രായവും ശ്വാസംമുട്ടല്‍ ഉള്‍പ്പെടെയുള്ള അസുഖവും പരിഗണിച്ച് ശിക്ഷയില്‍ ഇളവ് വേണമെന്ന് പ്രതിഭാഗം അഭിഭാഷകനും വാദിച്ചു. എന്നാല്‍, പ്രതി ആസൂത്രിതമായി നടത്തിയ കൊലപാതകമായിരുന്നെന്നും നിസഹായകരായവരെയാണ് പ്രതി ജീവനോടെ കത്തിച്ചതെന്നും പ്രോസിക്യൂഷന് കോടതില്‍ ചൂണ്ടിക്കാട്ടി. ശിക്ഷക്ക് പ്രായം പരിഗണിക്കരുതെന്നും സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എം.സുനില്‍ മഹേശ്വരന് പിള്ളയും ആവശ്യപ്പെട്ടു. തുര്‍ന്ന് ശിക്ഷയിലുള്ള വിധി 30 ലേയ്ക്ക് മാറ്റിയതായി അറിയിച്ച് കോടതി നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ മുട്ടം ജില്ലാ ജയിലിലേയ്ക്ക് മാറ്റി.
2022 മാര്‍ച്ച് 19 ന് പുലര്‍ച്ചെ 12.30ന് ഉറങ്ങിക്കിടക്കുകയായിരുന്ന മുഹമ്മദ് ഫൈസലിനെയും കുടുംബത്തെയും കൊലപ്പെടുത്തിയ വാര്‍ത്ത നാടിനെയാകെ ഞെട്ടിച്ചിരുന്നു. അര്‍ധരാത്രി ഫൈസലും ഭാര്യയും മക്കളും ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം പ്രതി വീട്ടിലെ ടാങ്കിലെ വെള്ളം മുഴുവന്‍ ഒഴുക്കി വിട്ടു. സമീപവീട്ടിലേക്ക് വെള്ളമെടുക്കുന്ന മോട്ടോറിന്റെ വൈദ്യുതിയും വിചേ്ഛദിച്ചു. തുടര്‍ന്ന് കിടപ്പുമുറിയുടെ വാതില്‍ പുറത്തുനിന്ന് പൂട്ടിയ ശേഷം പുറത്തെത്തി രണ്ട് പെട്രോള്‍ കുപ്പികള്‍ തീകൊളുത്തി ജനല്‍ വഴി അകത്തേക്ക് എറിഞ്ഞു. തീ ആളിക്കത്തിയതോടെ നിലവിളിച്ച് എഴുന്നേറ്റ ഫൈസലും കുടുംബവും മുറിയോട് ചേര്‍ന്ന ശുചിമുറിയില്‍ കയറി തീകെടുത്താന്‍ ശ്രമിച്ചെങ്കിലും വെള്ളമുണ്ടായിരുന്നില്ല.
പ്രതികാര ദാഹിയായി നിന്ന ഹമീദിനെ ഓടിയെത്തിയ അയല്‍വാസി രാഹുല്‍ തള്ളി വീഴ്ത്തിയെങ്കിലും അയാള്‍ പുറത്തിറങ്ങി വീണ്ടും ജനലിലൂടെ പെട്രോള്‍ കുപ്പികള്‍ എറിഞ്ഞു. നിലവിളിയും പൊട്ടിത്തെറി ശബ്ദവും കേട്ട് ഉറക്കമുണര്‍ന്ന് ഓടിയെത്തിയ അയല്‍വാസികള്‍ക്ക് അകത്തേക്ക് കടക്കാനായില്ല. വിദ്യാര്‍ഥികളായ മെഹറിന്റെയും അസ്നയുടെയും കത്തിക്കരിഞ്ഞ പുസ്തകങ്ങളും കൊലുസും കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും ദുരന്തസ്ഥലത്തെ കരള്‍ നുറുക്കുന്ന കാഴ്ചയായിരുന്നു. ഹമീദിനെ പോലീസ് സംഭവ ദിവസം തന്നെ അറസ്റ്റ് ചെയ്തു.




