Oddly News

ചാറ്റ് ജിപിടി ചതിച്ചാശാനേ… ഡേറ്റിംഗ് നടത്തുന്നയാൾ വിവാഹിതനാണെന്ന് യുവതിക്ക് ചാറ്റ് ജിപിടിയുടെ മറുപടി

ന്യൂയോർക്ക് നഗരത്തിൽ അത്താഴവിരുന്നിനായി ഒത്തുകൂടിയ 27 വയസ്സുകാരിയായ ഡേറ്റിംഗ് കോച്ചും നാൽപ്പതുകാരനായ ഒരു ഫിനാൻഷ്യൽ പ്രൊഫഷണലും തമ്മിലുള്ള കൂടിക്കാഴ്ച അപ്രതീക്ഷിത സംഭവങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. ബ്ലെയ്ൻ ആൻഡേഴ്സൺ എന്ന യുവതിയാണ്, താൻ ഡേറ്റിംഗിന് പോയ വ്യക്തിയെക്കുറിച്ചുള്ള അവിശ്വസനീയമായ കാര്യങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വെളിപ്പെടുത്തിയ അനുഭവം പങ്കുവെച്ചത്.

ഭക്ഷണത്തിനിടയിൽ ആ വ്യക്തി സംഭാഷണത്തിന് പകരം നിരന്തരം തന്റെ ഫോൺ ഉപയോഗിക്കുകയും ചാറ്റ് ജിപിടി (ChatGPT) നൽകുന്ന മറുപടികൾ ഉറക്കെ വായിക്കുകയുമായിരുന്നു. കോക്ടെയിലുകൾ മുതൽ പൊതുവിജ്ഞാന വിവരങ്ങൾ വരെ അയാൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനോട് ചോദിച്ചുകൊണ്ടിരുന്നു. സ്വാഭാവികമായ ഒരു സംഭാഷണം പോലും അയാൾ നടത്തിയിരുന്നില്ലെന്ന് യുവതി പറയുന്നു.

ഒടുവിൽ അയാൾക്ക് ചാറ്റ് ജിപിടിയോടുള്ള അമിത താൽപ്പര്യത്തെക്കുറിച്ച് യുവതി കളിയായി ചോദിച്ചപ്പോൾ, “ചാറ്റ് ജിപിടിയും ഞാനും അടുത്ത സുഹൃത്തുക്കളാണ്” എന്നായിരുന്നു അയാളുടെ മറുപടി. തുടർന്ന് തന്റെ ഫോൺ യുവതിക്ക് നൽകിയ അയാൾ, തന്നേക്കുറിച്ച് എന്തുവേണമെങ്കിലും ആപ്പിനോട് ചോദിക്കാൻ വെല്ലുവിളിച്ചു.

കൗതുകം തോന്നിയ യുവതി, “നിങ്ങൾ മറ്റാരുമായും പങ്കുവെക്കാത്ത, എന്നിൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു കാര്യം പറഞ്ഞുതരുമോ?” എന്ന് ചാറ്റ് ജിപിടിയോട് ചോദിച്ചു. എന്നാൽ അതിന് ലഭിച്ച മറുപടി ഇരുവരെയും ഞെട്ടിച്ചു കളഞ്ഞു. “നിങ്ങളുടെ ഭാര്യയ്ക്ക് നിങ്ങൾ എത്രത്തോളം കരുതലുള്ള ഭർത്താവാണെന്നും, മക്കൾക്ക് നല്ലൊരു അച്ഛനാണെന്നും ഉള്ള കാര്യം എനിക്കറിയാം” എന്നായിരുന്നു ആപ്പിന്റെ മറുപടി. താൻ ഡേറ്റിംഗ് നടത്തുന്ന ആൾക്ക് ഒരു കുടുംബമുണ്ടെന്ന സത്യം യുവതി ആ നിമിഷമാണ് തിരിച്ചറിഞ്ഞത്. ഇതേക്കുറിച്ച് അയാൾ യാതൊന്നും മുൻപ് വെളിപ്പെടുത്തിയിരുന്നില്ല.

സമൂഹമാധ്യമങ്ങളിൽ വൈറലായ ഈ വാർത്തയ്ക്ക് നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത്. “പുരുഷന്മാർ നാൽപ്പതുകളിൽ എത്തുമ്പോൾ കൂടുതൽ ആകർഷകരായി തോന്നുമെന്ന് പറയാറുണ്ട്, എന്നാൽ ഇതിന് പിന്നിലെ യാഥാർത്ഥ്യം പല യുവതികൾക്കും അറിയില്ല” എന്ന് ഒരു ഉപയോക്താവ് കുറിച്ചു. മറ്റൊരാൾ പ്രതികരിച്ചത്, “ഈ വാർത്ത വായിക്കുമ്പോൾ ലോകത്തെയോർത്ത് സങ്കടം തോന്നുന്നു” എന്നാണ്. “ചാറ്റ് ജിപിടി സൗജന്യമായി ബാക്ക്ഗ്രൗണ്ട് ചെക്കിംഗ് നടത്തുകയാണെന്നും, ആദ്യം തന്നെ ഇത് ചോദിച്ചിരുന്നെങ്കിൽ സമയം ലാഭിക്കാമായിരുന്നു” എന്നും പരിഹാസരൂപേണ കമന്റുകൾ വരുന്നുണ്ട്.