Sports

ഹര്‍ദിക് പാണ്ഡ്യ എന്തുകൊണ്ടാണ് ഇപ്പോള്‍ ടെസ്റ്റ് കളിക്കാത്തത്? ചുവന്നപന്തുമായി മടങ്ങിവരുന്നു?

ഇന്ത്യ സൃഷ്ടിച്ച ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായിട്ടും ഹര്‍ദിക് പാണ്ഡ്യ എന്തുകൊണ്ടാണ് ടെസ്റ്റ് കളിക്കാത്തതെന്നത് ആരാധകരുടെ വലിയ കണ്‍ഫ്യൂഷനാണ്. എന്നാല്‍ ദേ ഹര്‍ദിക് ഉടന്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തും. ഇക്കാര്യത്തില്‍ ഏറ്റവും പുതിയ അപ്ഡേറ്റ് നല്‍കിയിരിക്കുന്നതും താരമാണ്. കഴിഞ്ഞ ഏതാനും ദിവസമായി ചുവന്നപന്തുമായി നില്‍ക്കുന്ന രീതിയിലുള്ള ചിത്രങ്ങളാണ് ഹര്‍ദിക് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നത്. താരത്തിന് ടെസ്റ്റ് മത്സരങ്ങളോടുള്ള അതൃപ്തി മാറിയെന്ന സൂചനയായി കരുതുന്നുണ്ട്.

അതേസമയം 2018 മുതല്‍ ടെസ്റ്റ് ടീമിലെ പ്രവേശനം ഒഴിവാക്കിക്കൊണ്ടിരിക്കുന്നതായിട്ടാണ് താരത്തിനെതിരേ ഉയര്‍ന്നിട്ടുള്ള പ്രധാന ആരോപണങ്ങളിലൊന്ന്. ഇതേവര്‍ഷം ഇംഗ്ളണ്ടിലെ സൗത്താംപ്ടണില്‍ ഇന്ത്യ 60 റണ്‍സിന് പരാജയപ്പെട്ട ടെസ്റ്റ് മത്സരത്തിന് ശേഷം ഇതുവരെ ഹര്‍ദിക് ഇന്ത്യയുടെ വൈറ്റ് ജഴ്സിയില്‍ കളിച്ചിട്ടേയില്ല. എന്നാല്‍ ഹര്‍ദിക് ടെസ്റ്റ് ടീമിലേക്ക് മടങ്ങിവരുന്നതിനായി തന്റെ ബറോഡ ടീമിനൊപ്പം രഞ്ജി കളിക്കാനുള്ള തയ്യാറെടുപ്പിലാണെന്നതാണ് ഏറ്റവും പുതിയ സൂചനയാകുന്നത്. ഇക്കാര്യം ബറോഡ ക്രിക്കറ്റ് ടീമും സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവില്‍ ഇന്ത്യന്‍ ടീം ബംഗ്ളാദേശിനെതിരേയുള്ള ക്രിക്കറ്റ് പരമ്പരയിലെ ടെസ്റ്റ് മത്സരത്തില്‍ കളിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടു ടെസ്റ്റ് മത്സരങ്ങളുളള ഈ പരമ്പരയ്ക്ക് ശേഷം ഇന്ത്യന്‍ ന്യൂസിലന്റിനെതിരേ കളിക്കുന്നുണ്ട്. അതിന് പിന്നാലെയാണ് ബോര്‍ഡര്‍-ഗവാസ്‌ക്കര്‍ ട്രോഫിക്കായി ഓസ്ട്രേലിയയ്ക്ക് എതിരേയുള്ള മത്സരങ്ങള്‍. അതേസമയം ബംഗ്ളാദേശിനെതിരേ ടെസ്റ്റ് ടീമില്‍ കളിക്കുന്നില്ലെങ്കിലും താരം ടി20 മത്സരങ്ങളില്‍ കളിച്ചേക്കുമെന്നാണ് സൂചനകള്‍. ഗ്വാളിയോറില്‍ ഒക്ടോബര്‍ 6 നാണ് മത്സരം നടക്കുക.


ഇന്ത്യക്കായി ഇതുവരെ 11 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ഹാര്‍ദിക് പാണ്ഡ്യ 17 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. ഇതിന് പുറമെ ഒരു സെഞ്ച്വറി ഉള്‍പ്പെടെ 532 റണ്‍സും താരത്തിന്റെ പേരിലുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 29 മത്സരങ്ങളാണ് പാണ്ഡ്യ കളിച്ചത്. അതില്‍ 48 വിക്കറ്റുകളും 1351 റണ്‍സും ഉണ്ട്. ഓസ്ട്രേലിയയ്ക്ക് എതിരേയുള്ള ടെസ്റ്റ് ടീമില്‍ പാണ്ഡ്യ മടങ്ങിവരുമെന്നാണ് കരുതുന്നത്. ടെസ്റ്റ് ടീമില്‍, പ്രത്യേകിച്ച് ഓസ്‌ട്രേലിയന്‍ പിച്ചുകള്‍ വേഗതയേറിയതും ബൗണ്‍സുള്ളതുമാണ്. പേസര്‍മാര്‍ക്ക് സഹായം വാഗ്ദാനം ചെയ്യുന്ന ഈ പിച്ചില്‍ താരത്തിന്റെ സാന്നിദ്ധ്യം ഗുണമാകും.