ചണ്ഡീഗഢ്: പഞ്ചാബ് പോലീസില്‍ ഡി.ഐ.ജി. ആയിരുന്ന ഇന്ദര്‍ജിത് സിങ് സിദ്ദു വിരമിച്ചതിനുശേഷം തെരുവിലേക്കിറങ്ങുകയായിരുന്നു;തെരുവുകള്‍ വൃത്തിയാക്കാന്‍. സ്വയം ഏറ്റെടുത്ത ആ ജീവിതദൗത്യത്തിന് രാജ്യത്തിന്റെ ആദരവ്. മുന്‍ ഐ.പി.എസ്. ഉദ്യോഗസ്ഥനായ ഇന്ദര്‍ജിത് സിദ്ദുവിന് 88-ാം വയസില്‍ പത്മശ്രീ. ‘അണ്‍സങ് ഹീറോസ്’ വിഭാഗത്തിലാണു പുരസ്കാരം.
1964 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനായ സിദ്ദു 1996 ലാണ് വിരമിച്ചത്. ഇതിനു പിന്നാലെ അദ്ദേഹം ചണ്ഡിഗഡിലെ സെക്ടര്‍ 49 ല്‍ തന്റെ ചുറ്റുപാടുമുള്ള പ്രദേശങ്ങള്‍ വൃത്തിയാക്കുക എന്ന ദൗത്യം ഏറ്റെടുക്കുകയായിരുന്നു. എല്ലാദിവസവും രാവിലെ ആറു മണിക്കു വീട്ടില്‍നിന്നിറങ്ങി തെരുവുകളില്‍നിന്നു ചപ്പുചവറുകളും മാലിന്യങ്ങളും ശേഖരിച്ചുമാറ്റും.
ഐ.എ.എസ്.-ഐ.പി.എസ്. ഓഫീസേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് അദ്ദേഹം താമസിക്കുന്നത്. മാലിന്യപ്രശ്നത്തെക്കുറിച്ച് അധികൃതര്‍ക്കു പല തവണ പരാതി നല്‍കിയിട്ടും ഫലം കാണാത്തതിനാല്‍ താന്‍ സ്വയം മുന്നിട്ടിറങ്ങുകയായിരുന്നെന്ന് സിദ്ദു പറഞ്ഞു. ഒരു ബാഗോ ഉപേക്ഷിക്കപ്പെട്ട റിക്ഷയോ ഉപയോഗിച്ച് മാലിന്യങ്ങള്‍ മാറ്റി സംസ്കരിക്കുകയായിരുന്നു പതിവ്.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ദൗത്യം തുടരുകയാണ്. തുടക്കത്തില്‍ ആളുകള്‍ പരിഹസിച്ചു. എന്നാല്‍, പിന്നീട് ഇതൊരു അയല്പക്ക പ്രസ്ഥാനമായി മാറി. കുടുംബാംഗങ്ങളും നാട്ടുകാരുമെല്ലാം ഇപ്പോള്‍ അദ്ദേഹത്തിനു പിന്തുണയുമായി ഒപ്പമുണ്ട്.
‘വൃത്തിയാക്കുന്നതില്‍ എനിക്കു ലജ്ജയില്ല. ദൈവഭക്തിയോടു ചേര്‍ന്നു നില്‍ക്കുന്നതാണ് ശുചീകരണപ്രവര്‍ത്തനങ്ങള്‍. നിങ്ങള്‍ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയാണെങ്കില്‍, അവരുടെ തെരുവുകള്‍ മാലിന്യരഹിതമാണ്. എന്തുകൊണ്ടാണ് നമ്മുടേത് അങ്ങനെയായിക്കൂടാ?’.-സിദ്ദു പറഞ്ഞു. സ്വച്ഛ് ഭാരത് സര്‍വേയില്‍ ചണ്ഡിഗഡിനു താഴ്ന്ന സ്ഥാനമാണ് നിലവിലുള്ളത്.
ഇന്ദര്‍ജിത് സിങ് സിദ്ദുവിന്റെ പ്രവര്‍ത്തനങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലും വൈറലായിട്ടുണ്ട്. വ്യവസായി ആനന്ദ് മഹീന്ദ്ര ഉള്‍പ്പെടെ നിരവധി പ്രശസ്തരുടെ പ്രശംസയും നേടി.




