Good News

കത്രീനയെ മുതൽ ആലിയയെവരെ സാരിയിൽ സുന്ദരിയാക്കുന്ന ഡോളി ജെയിന്‍, രണ്ടുലക്ഷം രൂപ വാങ്ങുന്ന സാരി ഡ്രേപ്പര്‍

ഒരു സാരി ഉടുക്കാന്‍ രണ്ടു ലക്ഷം രൂപയാകുമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? എന്നാല്‍ വിശ്വസിച്ചേ പറ്റു. ഒരു സാരി ഉടുപ്പിക്കാനായി ഡോളി ജെയിന്‍ ശമ്പളമായി വാങ്ങുന്നത് ടാക്‌സ് ഉള്‍പ്പടെ രണ്ടു ലക്ഷം രൂപയാണ്. പലർക്കും സാരി ഉടുക്കുന്നത് ഒരു ബാലികേറാമലയാണ്. പക്ഷെ അതൊരു കലയായി സ്വീകരിച്ചിട്ടുള്ളവർ ഉണ്ട്. അടുത്തകാലം വരെ സാരി ഉടുപ്പിക്കുന്നത് ഒരു പ്രത്യേക കരിയർ തന്നെ ആണെന്ന് പലർക്കും അറിയില്ലായിരുന്നു. എന്നാൽ, ഡോളി ജെയിൻ എന്ന കൊൽക്കത്തക്കാരിയ്ക്ക് സാരിയിലൂടെ വന്ന ഭാഗ്യം ചെറുതല്ല. ഇന്ന് ഇന്ത്യൻ ഫാഷൻ ലോകത്തെ ഏറ്റവും പ്രശസ്തയായ സാരി ഡ്രേപ്പറാണ് ഡോളി.

തന്റെ വിവാഹശേഷമാണ് ഇവര്‍ സാരി ഉടുക്കുന്നതില്‍ പരീക്ഷണം ആരംഭിച്ചത്.325 വിവിധ രീതികളില്‍ ഇവര്‍ക്ക് സാരി ഉടുക്കാന്‍ അറിയാം. വളരെ ഭംഗിയായ രീതിയില്‍ ഡോളി സാരി ഉടുക്കുന്നത് വളരെ പെട്ടെന്ന് തന്നെ ആളുകളുടെ ശ്രദ്ധ പിടിച്ച് പറ്റി. പിന്നാലെ സാരി ഉടുപ്പിക്കാനായി പലവരും അവരെ വിളിച്ച് തുടങ്ങിയപ്പോള്‍ അവര്‍ അതൊരു തൊഴിലായി സ്വീകരിച്ചു.

പ്രശസ്ത ഡിസൈനറായ സന്ദീപ് ഖോസ്ല ഉള്‍പ്പടെയുള്ളവര്‍ ഇവരെ സാരി ഉടുപ്പിക്കാന്‍ ശുപാര്‍ശ ചെയ്ത് തുടങ്ങി. വെറും പതിനെട്ടര സെക്കന്റുകള്‍ കൊണ്ട് സാരി ഉടുത്ത് റെക്കോര്‍ഡ് സ്വന്തമാക്കിയട്ടുണ്ട് ഡോളി. ഇന്ന് ഡോളി ജെയ്ന്‍ ഇന്ത്യയിലെ തന്നെ പല ആഡംബര കല്ല്യാണങ്ങളിലെയും നിറ സാന്നിധ്യമാണ്. താര സുന്ദരികളായ ദീപക സോനം , പ്രിയങ്ക ചോപ്ര ഉള്‍പ്പടെയുള്ളവര്‍ക്ക് ഡോളി സാരി ഉടുപ്പിച്ച് നല്‍കിയട്ടുണ്ട്. ദീപിക പദുകോൺ, നയൻ‌താര, കിയാരാ, കത്രീന തുടങ്ങി അംബാനി കുടുംബത്തിലെ സുന്ദരിമാരെയും സാരി വിശേഷ അവസരങ്ങളിലും വിവാഹദിനത്തിലും സാരി ഉടുപ്പിച്ചത് ഡോളി ആണ്.സാരി ഉടുപ്പിക്കുന്നതിന് രണ്ടുലക്ഷം വരെ ഡോളിക്കായി മുടക്കാൻ ആർക്കും മടിയുമില്ല. 3500 രൂപ മുതൽ 2 ലക്ഷം രൂപ വരെയാണ് സാരി ഉടുപ്പിക്കുന്നതിന് ഡോളി ഈടാക്കുന്നത്.