Crime Featured

വിജിലന്‍സ് വീട്ടില്‍ റെയ്ഡിനു വന്നു ; എൻജിനീയറുടെ ജനലിലൂടെ 500ന്റെ നോട്ടുമഴ, പിടിച്ചെടുത്തത് 2.1 കോടി

അഴിമതിക്കാരനായ എഞ്ചിനീയറുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡിന് വന്നപ്പോള്‍ ജനലിലൂടെ നോട്ടുമഴ. ഒഡീഷയിലെ ആര്‍ഡബ്ല്യു ഡിവിഷനിലെ പ്ലാന്‍ റോഡ്സിന്റെ ചീഫ് എഞ്ചിനീയറായ ബൈകുന്ത നാഥ് സാരംഗിയാണ് റെയ്ഡിന് ഇരയായത്. ഇയാളുടെ അനധികൃത സ്വത്ത് സമ്പാദന കേസ് വിജിലന്‍സ് ടീമിന്റെ റഡാറിന് കീഴിലായിരുന്നു.

ഏഴു സ്ഥലത്ത് ഒരേസമയം പോലീസ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് 2.1 കോടി രൂപ. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ ഭുവനേശ്വറിലെ തന്റെ ഫ്‌ലാറ്റിന്റെ ജനലിലൂടെ 500 രൂപ നോട്ടുകളുടെ കെട്ടുകള്‍ വലിച്ചെറിയുകയും ചെയ്തു. തന്റെ കെട്ടിടത്തിലേക്ക് ഉദ്യോഗസ്ഥര്‍ പ്രവേശിക്കുന്നത് കണ്ണില്‍ പെട്ടയുടനെ സാരംഗി പണം ജനാലവഴി എറിയുകയായിരുന്നു. തുടര്‍ന്ന് ഭുവനേശ്വറിലെ തന്റെ ഫ്‌ലാറ്റിന്റെ ജനലിലൂടെ 500 രൂപ മൂല്യമുള്ള പണക്കെട്ടുകള്‍ അയാള്‍ എറിഞ്ഞു. പക്ഷേ ആളുകള്‍ പണം എടുത്തതിനാല്‍ സാക്ഷികളുടെ സാന്നിധ്യത്തില്‍ വിജിലന്‍സിന് ഈ പണം എളുപ്പത്തില്‍ കണ്ടെടുക്കാനായി.

അറിയപ്പെടുന്ന വരുമാന സ്രോതസ്സുകള്‍ക്ക് ആനുപാതികമല്ലാത്ത സ്വത്ത് സാരംഗിക്ക് ഉണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. കണ്ടെടുത്ത മൊത്തം പണത്തില്‍ ഒരു കോടി രൂപ സാരംഗിയുടെ ഭുവനേശ്വര്‍ ഫ്‌ലാറ്റില്‍ നിന്നും 1.1 കോടി രൂപ അംഗുലിലെ വസതിയില്‍ നിന്നും പിടിച്ചെടുത്തു. തുക സ്ഥിരീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ കറന്‍സി എണ്ണല്‍ യന്ത്രങ്ങള്‍ ഉപയോഗിച്ചു.

എട്ട് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമാര്‍, 12 ഇന്‍സ്പെക്ടര്‍മാര്‍, ആറ് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തിയത്. കരഡഗാഡിയയിലെ (അംഗുല്‍) ഒരു ഇരുനില വീടും, ദുംദുമയിലെ (ഭുവനേശ്വര്) ഒരു ഫ്ളാറ്റും, സിയൂലയിലെ (പിപ്പിലി, പുരി) മറ്റൊരു ഫ്ളാറ്റും പരിശോധിച്ച വസ്തുക്കളില്‍ ഉള്‍പ്പെടുന്നു.