Health

വയസ്സായാൽ തടി കൂടുമോ? മെറ്റബോളിസത്തെക്കുറിച്ച് നമ്മൾ വിശ്വസിച്ചിരുന്ന കാര്യങ്ങൾ തെറ്റോ? ഡോക്ടറുടെ തുറന്നുപറച്ചിൽ

പ്രായമാകുമ്പോള്‍ മെറ്റബോളിസം (ഉപാപചയ പ്രവര്‍ത്തനം) കുറയുന്നതിന്റെ കാരണങ്ങളെക്കുറിച്ചും, ഇതില്‍ പ്രായത്തിന് മാത്രമുള്ള പങ്കിനെക്കുറിച്ചും യുഎസ് ഹൃദയരോഗ വിദഗ്ദ്ധന്‍ വ്യക്തമാക്കുകയാണ്. ശരീരം ഊര്‍ജ്ജം വിനിയോഗിക്കുന്നതിനെയും കലോറി എരിച്ചുകളയുന്നതിനെയും ആണ് മെറ്റബോളിസം എന്ന് ഹാര്‍വാര്‍ഡ് ഹെല്‍ത്ത് നിര്‍വചിക്കുന്നത്.

കലോറി എരിച്ചുകളയുന്നത് ശരീരഭാരം കുറയ്ക്കാന്‍ അത്യാവശ്യമായതിനാല്‍, മെറ്റബോളിസം മെച്ചപ്പെടുത്തുക എന്നത് പലരുടെയും ലക്ഷ്യമാണ്. മെറ്റബോളിസം വേഗത്തിലാകുന്നത് ശരീരം എത്രത്തോളം കാര്യക്ഷമമായി കൊഴുപ്പ് കുറയ്ക്കുന്നു എന്നതിനെ സ്വാധീനിക്കുന്നു.

പ്രായമാകുമ്പോള്‍ ഈ പ്രക്രിയ സ്വാഭാവികമായും മന്ദഗതിയിലാകുമെന്ന് പലരും വിശ്വസിക്കുന്നു. എന്നാല്‍ ഇത് പൂര്‍ണ്ണമായ സത്യമല്ല. 20 വര്‍ഷത്തിലേറെ പരിചയസമ്പന്നനായ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റും ഫങ്ഷണല്‍ മെഡിസിന്‍ വിദഗ്ദ്ധനുമായ ഡോ. സഞ്ജയ് ഭോജ്രാജ്, പ്രായത്തിനപ്പുറം മെറ്റബോളിസത്തെ ബാധിക്കുന്ന വലിയ ഘടകങ്ങളെക്കുറിച്ച് തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ വ്യക്തമാക്കിയിരുന്നു.

മെറ്റബോളിസം മന്ദഗതിയിലാകുന്നത് എന്തുകൊണ്ട്?

പ്രായമാകുന്നതു കൊണ്ട് മാത്രം മെറ്റബോളിസം കുറയുന്നു എന്നാണ് പലരും കരുതുന്നത്. എന്നാല്‍ പ്രായത്തിന് ഇതില്‍ ചെറിയ പങ്കുണ്ടെങ്കിലും മറ്റ് വലിയ കാരണങ്ങളാണ് ഇതിനു പിന്നിലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. ‘പ്രായം കാരണം മെറ്റബോളിസം കുറയാം, പക്ഷേ മിക്കപ്പോഴും ഇത് പ്രായവുമായി മാത്രം ബന്ധപ്പെട്ട ഒന്നല്ല. സത്യത്തില്‍ ആളുകള്‍ ശാരീരിക അധ്വാനം കുറയ്ക്കുന്നതും പേശികളുടെ അളവ് (Lean muscle mass) കുറയുന്നതുമാണ് പ്രധാന കാരണം,’ – ഡോക്ടര്‍ പറയുന്നു.

പ്രായമാകുമ്പോള്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ കുറയുന്നതും പേശികള്‍ സ്വാഭാവികമായി ക്ഷയിക്കുന്നതും ശരീരം കലോറി എരിച്ചുകളയുന്ന രീതിയെ ബാധിക്കുന്നു. ജോലിത്തിരക്ക്, ശാരീരിക ബുദ്ധിമുട്ടുകള്‍ അല്ലെങ്കില്‍ വ്യായാമം ചെയ്യാനുള്ള മടി എന്നിവ കാരണം വ്യായാമം പലപ്പോഴും മുന്‍ഗണനാ പട്ടികയില്‍ നിന്ന് പുറത്താകുന്നു. ഇത് പില്‍ക്കാലത്ത് മെറ്റബോളിസം പോലുള്ള ശരീരത്തിലെ സുപ്രധാന പ്രവര്‍ത്തനങ്ങളെ ബാധിക്കും.

നിങ്ങള്‍ ചെയ്യേണ്ടത്:

സജീവമായിരിക്കുക : മെറ്റബോളിസം നിലനിര്‍ത്താന്‍ എന്നും സജീവമായിരിക്കണം. ജിമ്മില്‍ പോകുന്നത് മാത്രമല്ല വ്യായാമം. നടത്തം, ലിഫ്റ്റിന് പകരം പടികള്‍ കയറുക, ഭക്ഷണശേഷം അല്‍പ്പനേരം നടക്കുക തുടങ്ങിയ ചെറിയ കാര്യങ്ങളിലൂടെയും ഇത് സാധ്യമാക്കാം.

പേശീബലം വര്‍ദ്ധിപ്പിക്കുക (Strength Training) : പേശികളുടെ അളവ് നിലനിര്‍ത്തുന്നത് മെറ്റബോളിസം ശരിയായി നടക്കാന്‍ സഹായിക്കും. 2011-ലെ ഒരു പഠനമനുസരിച്ച്, സ്‌ട്രെങ്ത് ട്രെയിനിംഗ് പ്രായമാകുമ്പോള്‍ ഉണ്ടാകുന്ന ഇത്തരം തളര്‍ച്ചകളെ പ്രതിരോധിക്കാന്‍ സഹായിക്കും.

സുരക്ഷിതമായ വ്യായാമം: പ്രായമായവര്‍ക്ക് സ്‌ട്രെങ്ത് ട്രെയിനിംഗ് സുരക്ഷിതമാണോ എന്ന സംശയം പലര്‍ക്കുമുണ്ട്. എന്നാല്‍ ശരിയായ നിര്‍ദ്ദേശങ്ങളോടെയും മേല്‍നോട്ടത്തോടെയും ചെയ്യുന്നത് തികച്ചും സുരക്ഷിതമാണെന്ന് 2019-ലെ ഒരു പഠനം വ്യക്തമാക്കുന്നു. ആഴ്ചയില്‍ 2-3 തവണ പ്രധാന പേശികള്‍ക്ക് ആയാസം നല്‍കുന്ന വ്യായാമങ്ങള്‍ ചെയ്യുന്നത് ഫലപ്രദമാണ്.

ശ്രദ്ധിക്കുക : ഈ റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് പ്രൊഫഷണല്‍ മെഡിക്കല്‍ ഉപദേശത്തിന് പകരമല്ല.

Leave a Reply

Your email address will not be published. Required fields are marked *