ഓസ്ട്രേലിയന്‍ മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനായിയിരുന്നു കോഹ്ലി. 2018-19 ടെസ്റ്റ് പരമ്പര ഇന്ത്യ 2-1 ന് നേടിയത് കോഹ്ലിയുടെ നേതൃത്വത്തിലായിരുന്നു. നവംബര്‍ 22 വെള്ളിയാഴ്ച പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ഇന്ത്യന്‍ ടീമിന്റെ തന്ത്രങ്ങള്‍ കൃത്യമായി ഫലവത്തായി.
ഇന്ത്യയെ വെറും 150 റണ്‍സിന് പുറത്താക്കിയ ഓസ്‌ട്രേലിയയെ അതിനേക്കാള്‍ മാരകമായ രീതിയില്‍ ഇന്ത്യ തിരിച്ചാക്രമിക്കുകയും ഏഴു വിക്കറ്റ് നഷ്ടമാക്കുകയും ചെയ്തു. ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ ബൗളിംഗ് തന്ത്രങ്ങള്‍ ഏറ്റവും മികച്ചതായിരുന്നു. ഇന്ത്യയുടെ സ്റ്റാന്‍ഡ്-ഇന്‍ ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയെ ആദ്യ ദിനത്തില്‍ മുന്‍ നായകന്‍ കോഹ്ലി സഹായിച്ചതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു.
ഇത് കോഹ്ലിയുടെ ആരാധകര്‍ക്ക് വലിയ രീതിയിലുള്ള നൊസ്റ്റാള്‍ജിയയാണ് സമ്മാനിച്ചത്. എറിയുന്ന ഓരോ ഡെലിവറിയിലും ആക്രമണോത്സുകനായ കോഹ്ലിയെയാണ് കളത്തില്‍ കണ്ടത്. തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തെത്തുടര്‍ന്ന് ഒന്നാം ടെസ്റ്റിനുള്ള ടീമില്‍ ചേരാന്‍ നായകന്‍ രോഹിത് ശര്‍മ്മയ്ക്ക് കഴിഞ്ഞിരുന്നില്ല. പകരം ജസ്പ്രീത് ബുംറയായിരുന്നു ക്യാപ്റ്റന്റെ തൊപ്പി അണിഞ്ഞത്.
2022 ജൂലായ്ക്ക് ശേഷം ബുംറയുടെ രണ്ടാം തവണയാണ് ഒരു ടെസ്റ്റ് മത്സരത്തില്‍ ക്യാപ്റ്റനാകുന്നത്. ആദ്യ മത്സരത്തില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടു. എന്നാല്‍ ഓസ്ട്രേലിയയുടെ ബാറ്റിംഗില്‍ ബുംറയെ സഹായിച്ചുകൊണ്ട് കോഹ്ലി അദ്ദേഹത്തിന്റെ ജോലിഭാരം കുറച്ചു. ടീമിന് അനുയോജ്യമായ രീതിയില്‍ ഫീല്‍ഡ് സെറ്റ് ചെയ്യാനും ബുംറെയെ കോഹ്ലി സഹായിച്ചു.
ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സില്‍ ജോഷ് ഹേസല്‍വുഡിന്റെ ഷോട്ട് പിച്ച് പന്തില്‍ ബാറ്റ് വെച്ച് അഞ്ച് റണ്‍സിന് പുറത്തായി കോഹ്ലിക്ക് ബാറ്റിംഗില്‍ കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ സമ്മര്‍ദത്തില്‍ ഓസ്ട്രേലിയന്‍ ബാറ്റര്‍മാര്‍ തകരാന്‍ തുടങ്ങിയപ്പോള്‍ സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ സ്റ്റാര്‍ പ്ലെയര്‍ നിര്‍ദേശം കൊടുക്കുകയും സംസാരം തുടരുകയും ചെയ്തിരുന്നു.