തട്ടിപ്പ് ആരോപിച്ച് ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ വിസ അപേക്ഷകള്‍ കൂട്ടത്തോടെ റദ്ദാക്കാന്‍ കാനഡയില്‍ നീക്കം. കഴിഞ്ഞ ഓഗസ്‌റ്റില്‍ ഉപരിപഠനാര്‍ത്ഥമുള്ള ഇന്ത്യക്കാരുടെ വിസ അപേക്ഷകളില്‍ 74 ശതമാനവും കാനഡ നിരസിച്ചിരുന്നു. ഇത് ആകെ അപേക്ഷകളുടെ നാലില്‍ മൂന്നോളം വരും.
നിലവില്‍ ഈ അധികാരപരിധി വിപുലീകരിക്കുന്ന നിയമനിര്‍മാണനീക്കമാണ് പുരോഗമിക്കുന്നത്.
‘ഇമിഗ്രഷന്‍, റെഫ്യൂജീസ്, സിറ്റിസണ്‍ഷിപ് കാനഡ’ (ഐ.ആര്‍.സി.സി), ‘കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി’ (സി.ബി.എസ്.എ) എന്നിവ യു.എസ്. പങ്കാളികളുമായി ചേര്‍ന്നാണ് വിസ നിരസിക്കാനുള്ള അധികൃതരുടെ അധികാരം വര്‍ധിപ്പിക്കുന്ന വര്‍ക്കിങ് ഗ്രൂപ്പ് രൂപീകരിച്ചത്. ‘വെല്ലുവിളിയുയര്‍ത്തുന്ന രാജ്യങ്ങള്‍’ എന്ന ഗണത്തില്‍പ്പെടുത്തി ഇന്ത്യയില്‍നിന്നും ബംഗ്ലാദേശില്‍നിന്നുമുള്ള അപേക്ഷകരെ ഒറ്റപ്പെടുത്താനുള്ള നീക്കമാണിത്.
പകര്‍ച്ചവ്യാധി, യുദ്ധം എന്നീ ഘട്ടങ്ങളിലും ‘ചില പ്രത്യേക’ രാജ്യങ്ങളില്‍നിന്നുള്ള വിസ ഉടമകളുടെ കാര്യത്തിലും കൂട്ടത്തോടെ വിസ റദ്ദാക്കാനുള്ള അധികാരം പ്രയോഗിക്കപ്പെട്ടേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. പകര്‍ച്ചവ്യാധി, യുദ്ധം എന്നീ ഘട്ടങ്ങളില്‍ ഈ അധികാരം ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നതായി കാനഡ കുടിയേറ്റകാര്യമന്ത്രി ലെനാഡിയാബ് വ്യക്‌തമാക്കിയെങ്കിലും ചില പ്രത്യേക രാജ്യങ്ങളില്‍നിന്നുള്ളവരുടെ വിസ വ്യവസ്‌ഥ സംബന്ധിച്ച് മൗനം പാലിച്ചു.
വിസ റദ്ദാക്കല്‍ വ്യവസ്‌ഥകള്‍ നിയമമാക്കുന്നതു സംബന്ധിച്ച ബില്‍ കാനഡ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. എത്രയും വേഗം ഇത് പാസാക്കാനുള്ള നീക്കത്തിലാണ് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍. നിര്‍ദിഷ്‌ട നിയമനിര്‍മാണത്തിനെതിരേ മുന്നൂറിലേറെ സാമൂഹികസംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവന്നു. കൂട്ടത്തോടെ നാടുകടത്താനുള്ള സര്‍ക്കാര്‍ സംവിധാനമാണ് ഇതിലൂടെ അണിയറയില്‍ ഒരുങ്ങുന്നതെന്നു പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
കാനഡയില്‍ സ്‌ഥിരതാമസാനുമതി തേടിയുള്ള ഇന്ത്യക്കാരുടെ അപേക്ഷകള്‍ 2023 മേയില്‍ പ്രതിമാസം അഞ്ഞൂറില്‍ താഴെയായിരുന്നത് 2024 ജൂലൈയായപ്പോഴേക്ക് രണ്ടായിരത്തോളമായതും ഇപ്പോഴത്തെ നീക്കത്തിനു കാരണമായെന്നു വിലയിരുത്തപ്പെടുന്നു.
ഇതുമൂലം വിസാ നടപടിക്രമങ്ങള്‍ക്കു വേണ്ടിവരുന്ന കാലാവധി 30 ദിവസത്തില്‍നിന്ന് 54 ദിവസമായെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഒരു ദശാബ്‌ദത്തിനിടെ കാനഡയില്‍ ഏറ്റവും കൂടുതല്‍ രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ എത്തിയത് ഇന്ത്യയില്‍നിന്നാണ്. കഴിഞ്ഞ ഓഗസ്‌റ്റില്‍ മാത്രം ഇതില്‍ ആയിരത്തിലേറെ വിസ അപേക്ഷകള്‍ നിരസിക്കപ്പെട്ടു.




