ഇന്ത്യന്‍ ടീമില്‍ കളിക്കാരനായ കാലത്ത് ടീമിന്റെ നെടുന്തൂണുകളില്‍ ഒരാളായിരുന്ന രാഹുല്‍ദ്രാവിഡ്. 2023 ലോകകപ്പിലും ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ടീമിന്റെ നെടുന്തൂണാണ് ദ്രാവിഡ്. ഇത്തവണ പക്ഷേ പരിശീലകനായി ടീമിന്റെ പിന്‍നിരയിലാണെന്ന് മാത്രം. ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ച ടീമിനെയും കൊണ്ടുവരുമ്പോള്‍ 20 വര്‍ഷം മുമ്പ് കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമായ ഭാഗ്യം തിരിച്ചുവരുമോ? ക്രിക്കറ്റ് പ്രേമികള്‍ ഒന്നടങ്കം ഇന്ത്യ കപ്പുയര്‍ത്തണമെന്ന് ആഗ്രഹിക്കുന്നതിലെ ഒരു കാര്യം രാഹുല്‍ദ്രാവിഡാണ്.
ക്രിക്കറ്റിലെ ക്ലാസ്സിക് ബാറ്റ്‌സ്മാന്‍മാരുടെ ഗണത്തില്‍ അഗ്രഗണ്യനായ രാഹുല്‍ ദ്രാവിഡിന്റെ കരിയറില്‍ ഒരു ലോകകപ്പ് ഇല്ലാതെ പോയതില്‍ ഇപ്പോഴും ദു:ഖിക്കുന്ന അനേകം കായികപ്രേമികളുണ്ട്. 2003 ല്‍ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തില്‍ ദക്ഷിണാഫ്രിക്കയില്‍ ഇറങ്ങിയ ടീമിലെ നിര്‍ണ്ണായക താരങ്ങളില്‍ ഒരാളായിരുന്നു ദ്രാവിഡ്. ഈ ടീമില്‍ വിക്കറ്റ് കീപ്പറുടെ അധിക ചുമതലകൂടി രാഹുലിന് വഹിക്കേണ്ടി വന്നിരുന്നു. കപ്പുയര്‍ത്തുമെന്ന് എല്ലാവരും വിശ്വസിച്ചിരുന്ന ടീം ഫൈനലില്‍ ഓസ്‌ട്രേലിയയോട് വന്‍ തോല്‍വി ഏറ്റുവാങ്ങി കപ്പ് നഷ്ടപ്പെടുത്തി. ഇത്തവണ ഫോം വെച്ചു നോക്കിയാല്‍ ഇന്ത്യ കലാശപ്പോരില്‍ ഓസീസിനെ തന്നെയായിരിക്കും നേരിടാന്‍ സാധ്യത. ഈ മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയിച്ച് കപ്പുയര്‍ത്താനായാല്‍ ദ്രാവിഡിന് അതൊരു മധുരപ്രതികാരം കൂടിയാകും.
മുന്‍ ഇന്ത്യന്‍ നായകന്‍ കൂടിയായ രാഹുല്‍ ദ്രാവിഡിനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചത് 2021 നവംബര്‍ 17ന് ന്യൂസിലന്‍ഡിനെതിരായ പരമ്പരയോടെയാണ്. രണ്ട് വര്‍ഷത്തേക്കായിരുന്നു കാലാവധി. ഇന്ത്യ എ ടീമിന്റെയും അണ്ടര്‍ 19 ടീമിന്റെയും പരിശീലകന്‍, ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ഡയറക്ടര്‍ എന്നിങ്ങനെയെല്ലാമുള്ള പ്രവര്‍ത്തി പരിചയവും ഇന്ത്യയെ രണ്ട് അണ്ടര്‍ 19 ലോകകപ്പ് ഫൈനലുകളില്‍ എത്തിച്ചതുമായിരുന്നു രാഹുലിന്റെ പരിശീലകനാകാനുള്ള യോഗ്യത. ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷവും ഇന്ത്യന്‍ ക്രിക്കറ്റില്‍ സജീവമായിരുന്ന അദ്ദേഹം ഇന്ത്യ എ, ഇന്ത്യ അണ്ടര്‍ 19 ടീമുകളുടെ പരിശീലകനായി നിരവധി യുവ കളിക്കാരെ വളര്‍ത്തിയെടുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. അവരില്‍ ചിലരാണ് ഇപ്പോള്‍ സീനിയര്‍ ഇന്ത്യന്‍ ടീമിലെ വിലമതിക്കാനാവാത്ത താരങ്ങളായി മാറിയത്.
കളിക്കാരനെന്ന നിലയില്‍ വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ തുടങ്ങിയ സീനിയര്‍ താരങ്ങള്‍ക്കൊപ്പം ഡ്രസിംഗ് റൂം പങ്കിട്ടിട്ടുണ്ട് എന്നതാണ് നിലവിലെ ഇന്ത്യന്‍ ടീമില്‍ അദ്ദേഹത്തിനുള്ള ഏറ്റവും വലിയ ഗുണം. അതുപോലെ തന്നെ ക്രിക്കറ്റിലെ ആധുനിക ഗെയിം മനസ്സിലാക്കുന്നു, ഗെയിമിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്തയും വിശകലനവും നിലവിലെ ഇന്ത്യന്‍ ടീമിന്റെ സവിശേഷതകള്‍ നോക്കിയാലറിയാം.
ഇന്ത്യ എ, അണ്ടര്‍ 19 ടീമുകളില്‍ ദ്രാവിഡ് വിജയിച്ചതിന്റെ ഒരു കാരണം ഡാറ്റയ്ക്കും അനലിറ്റിക്‌സിനും വളരെയധികം ഊന്നല്‍ നല്‍കിയതാണ്. അദ്ദേഹം എതിരാളികളെ പഠിക്കുന്നു, സംഖ്യകള്‍ പരിശോധിക്കുന്നു, മാച്ച് അപ്പുകളും തന്ത്രങ്ങളും സൃഷ്ടിക്കുന്നു, ഇതാണ് ഈ ഘട്ടത്തില്‍ ഇന്ത്യന്‍ ടീമിന് വേണ്ടത്.നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ജോലി ചെയ്തിരുന്ന സമയത്ത്, ഡാറ്റയുടെ സംയോജനത്തിനും വിശകലനത്തിനും അദ്ദേഹം എല്ലായ്‌പ്പോഴും നിര്‍ബന്ധിച്ചു. ക്രിക്കറ്റിലെ ആധുനിക പ്രവണതകളും സമ്പ്രദായങ്ങളും അദ്ദേഹത്തിന് നന്നായി പഠിക്കുകയും ചെയ്തു. അതേസമയം, കളിക്കാരുമായി സംസാരിക്കുന്നതിലും അവര്‍ക്ക് പ്രത്യേക റോളുകള്‍ നല്‍കുന്നതിലും തുടര്‍ന്ന് അവരെ പരമാവധി പിന്തുണയ്ക്കുന്നതിലും വിശ്വസിക്കുന്ന ഒരു അത്ഭുതകരമായ ആശയവിനിമയക്കാരനാണ് അദ്ദേഹം.