Oddly News

ബട്ടണില്‍ ഒന്ന് വിരലമര്‍ത്തിയാല്‍ ഏത് പട്ടിക്കും ചാറ്റ് ചെയ്യാം!

കാലത്തിനനുസരിച്ച് സകലതിനും മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന സമയത്ത് നായകളെയും മാറ്റാന്‍ ഗവേഷകര്‍. നായകള്‍ക്കായി അവതരിപ്പിക്കുന്നത് സ്മാര്‍ട്ട് ബട്ടണുകള്‍! നായകളുടെ മനസ് അറിയാന്‍ സൗണ്ട്ബോര്‍ഡ് ബട്ടണുകള്‍ സഹായിക്കുമെന്നാണു കാലിഫോര്‍ണിയ സാന്‍ ഡീഗോ സര്‍വകലാശാലയിലെ ഗവേഷകര്‍ അവകാശപ്പെടുന്നത്.

കോവിഡ് കാലത്താണു ചില ഗവേഷകര്‍ നായകളെ ബട്ടണുകള്‍ ഉപയോഗിച്ച് ആശയവിനിമയം നടത്താന്‍ പ്രേരിപ്പിച്ചത്. കമ്പ്യൂട്ടറുകളിലും സ്മാര്‍ട്ട് ഫോണുകളിലും കാണുന്ന ബട്ടനുകളായിരുന്നു അവര്‍ക്കു പ്രചോദനമായത്. ചില നായകളുടെ ആശയവിനിമയ കഴിവുകള്‍ തങ്ങളെ അമ്പരപ്പിച്ചെന്നാണു ഗവേഷകര്‍ പറയുന്നത്. എന്നാല്‍ ഇതേ രീതി പൂച്ചകളില്‍ പരീക്ഷിച്ചെങ്കിലും പരാജയപ്പെട്ടു.

നായയുടെ കുരയ്ക്കലും കരച്ചിലും ശരീര ഭാഷയും അവലോകനം ചെയ്താണ് അവയുടെ മനസ് അറിയാന്‍ ഇതുവരെ ശ്രമം നടത്തിയിരുന്നത്. ബട്ടണ്‍ പരിശീലനം നായകള്‍ക്ക് അവരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും ആശയവിനിമയം ചെയ്യാന്‍ കൂടുതല്‍ സൗകര്യപ്രദമായ മാര്‍ഗമായി മാറിയെന്നാണു ഗവേഷകര്‍ പറയുന്നത്.

പരീക്ഷണത്തിനായി വ്യത്യസ്ത ശബ്ദം പുറപ്പെടുവിക്കുന്ന സൗണ്ട് ബോര്‍ഡുകളാണ് നായകള്‍ക്കു നല്‍കിയത്. ഓരോ ബട്ടനും ഓരോ വാക്കുകള്‍/ശബ്ദങ്ങളെയാണു പ്രതിനിധീകരിച്ചിരുന്നത്. ഭക്ഷണം, ആഗ്രഹം, സന്തോഷം, സങ്കടകരം തുടങ്ങിയ ആശയങ്ങള്‍ ബട്ടണുകളില്‍ ഉള്‍പ്പെുത്തി. 30 നായകളിലായിരുന്നു പരീക്ഷണം നടന്നത്. കോവിഡ്കാലത്ത് 29 നായഉടമകള്‍ ഗവേഷകരുടെ മാര്‍ഗനിര്‍ദേശപ്രകാരം വീട്ടില്‍ തന്നെയാണ് പരീക്ഷണങ്ങള്‍ തുടര്‍ന്നത്. പരീക്ഷണങ്ങളുടെ ഒടുവിലാണ് വാക്കുകളോട് നായകള്‍ ഉചിതമായി പ്രതികരിക്കുന്നുവെന്ന് ഗവേഷകര്‍ കണ്ടെത്തിയത്.

തലച്ചോറിന്റെ പ്രവര്‍ത്തനംകൂടി പരിശോധിച്ചശേഷമാണു ഗവേഷകര്‍ അന്തിമ നിഗമനത്തിലെത്തിയത്. മനുഷ്യ ഭാഷയിലെ 215 വ്യത്യസ്ത വാക്കുകള്‍ വരെ നായകള്‍ പഠിക്കുമെന്നാണു ഗവേഷകര്‍ പറയുന്നത്. ദിവസങ്ങള്‍ നീണ്ട പരിശീലനത്തില്‍ നായകള്‍ കൂടുതല്‍ ബട്ടനുകളും ഒപ്പം വാക്കുകളും പഠിച്ചെന്നാണു ഗവേഷണ സംഘാംഗമായ ഡോ. ഫെഡറിക്കോ റൊസാനോ പറയുന്നത്.