Oddly News

തലയും കാലും പുറത്ത് ; കാറിനുള്ളില്‍ കുടുങ്ങി ഒട്ടകം! പിന്നാലെ സംഭവിച്ചത്

ജോധ്‌പൂര്‍: രാജസ്‌ഥാനിലെ ജോധ്‌പൂരില്‍ കാറിനുള്ളില്‍ ഒട്ടകം കുടുങ്ങി. ബുധനാഴ്‌ച ഫലോഡി- ദേച്ചു റോഡിലാണു സംഭവം. ജോധ്‌പൂര്‍ സ്വദേശിയായ രാംസിങ്‌ ഓടിച്ചിരുന്ന വാഹനമാണ്‌ ഒട്ടകവുമായി കൂട്ടിയിടിച്ചത്‌. ഒട്ടകം പെട്ടെന്ന്‌ റോഡിലേക്ക്‌ ഓടിയിറങ്ങിയതിനാല്‍ രാംസിങ്ങിനു കാര്‍ ബ്രേക്ക്‌ ചെയ്യാനോ കൂട്ടിയിടി ഒഴിവാക്കാനോ കഴിഞ്ഞില്ല. ഒട്ടകത്തിന്റെ ദേഹത്തും മുറിവുകളുണ്ട്. മണിക്കൂറുകളോളം രക്ഷപ്പെടാനാകാതെ കുടുങ്ങിക്കിടക്കുന്ന ഒട്ടകത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.

ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ബമ്പര്‍, ബോണറ്റ്‌, വിന്‍ഡ്‌ഷീല്‍ഡ്‌ എന്നിവ തകര്‍ന്നു. തെറിച്ചുപോയ ഒട്ടകം കാറിന്റെ മുന്‍വശത്തെ ചില്ലും മേല്‍ക്കൂരയും തകര്‍ത്ത്‌ ഉള്ളിലേക്കു പതിക്കുകയായിരുന്നു. ഒട്ടകം ശരീരത്തില്‍ പതിച്ച്‌ രാംസിങ്ങിനു ഗുരുതര പരുക്കേറ്റു. നാട്ടുകാര്‍ അദ്ദേഹത്തെ ജോധ്‌പൂരിലെ ആശുപത്രിയിലേക്കു മാറ്റി. ഒട്ടകത്തെ പുറത്തിറക്കാന്‍ വൈകി. രണ്ട്‌ മണിക്കൂറിനുശേഷം ജെ.സി.ബി. ഉപയോഗിച്ച്‌ വാഹനം വെട്ടിപ്പൊളിച്ചശേഷമാണ്‌ അതിനെ പുറത്തുകൊണ്ടുവന്നത്‌. ഒട്ടകത്തിന്‌ കാര്യമായ പരുക്കുകളൊന്നും സംഭവിച്ചില്ല. പുറത്തെടുത്തയുടന്‍ അത്‌ ഓടി രക്ഷപ്പെട്ടു.

കാറിനുള്ളിൽ നിന്ന് രക്ഷപ്പെടാൻ പാടുപെടുന്ന ഒട്ടകത്തിന്റെ തലയും മുകൾഭാഗവും വാഹനത്തിൽ നിന്ന് പുറത്തേക്ക് തള്ളിനിൽക്കുന്നത് വീഡിയോയിൽ കാണാം. റോഡിന്റെ വശങ്ങളിൽ അലഞ്ഞുതിരിയുകയായിരുന്ന ഒട്ടകം പെട്ടെന്ന് ഓടിക്കൊണ്ടിരുന്ന കാറിന് നേർക്ക് വരികയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. സംഭവം അപ്രതീക്ഷിതമായതിനാൽ ഡ്രൈവർ ബ്രേക്ക് ചവിട്ടുന്നതിന് മുൻപ് അപകടം സംഭവിക്കുകയായിരുന്നു