Crime

‘തീക്കട്ടയിൽ ഉറുമ്പരിച്ചു?’; മോൻസണ്‍ മാവുങ്കലിന്റെ വീട്ടിൽ മോഷണം, 20 കോടിയുടെ ‘വിലപിടിപ്പുള്ള’ വസ്തുക്കൾ നഷ്ടമായി

കൊച്ചി: പുരാവസ്തു തട്ടിപ്പ് പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ കലൂരിലെ വാടക വീട്ടില്‍ മോഷണമെന്നു പരാതി. കൊച്ചി കലൂരിലെ വാടക വീട്ടിലാണു മോഷണം നടന്നത്. തട്ടിപ്പുവസ്തുക്കള്‍ സൂക്ഷിച്ചിരുന്നത് ഈ വീട്ടിലാണ്. പോലീസ് പരിശോധന നടത്തി.
പരോളിലുള്ള മോന്‍സണുമായാണു പരിശോധന നടത്തിയത്. ഏതാണ്ട് 20 കോടിയോളം വിലയുള്ള സാധനങ്ങള്‍ മോഷണം പോയെന്നു മോന്‍സന്റെ അഭിഭാഷകന്‍ പറഞ്ഞു.

സ്വര്‍ണ ഖുറാനുകള്‍, വാച്ചുകള്‍ എന്നിവ നഷ്ടപ്പെട്ടു. എന്തൊക്കെ വസ്തുക്കള്‍ മോഷണം പോയി എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. നിലവില്‍ ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ് മോന്‍സന്റെ വീടും സാധനങ്ങളും. ഈ സാധനങ്ങള്‍ എടുക്കാന്‍ മോന്‍സണ് ഹൈക്കോടതിയുടെ അനുമതി ലഭിച്ചിരുന്നു.ഈ ഉത്തരവ് അനുസരിച്ചു വീട്ടിലുള്ള സാധനങ്ങള്‍ തിട്ടപ്പെടുത്താനായാണു മോന്‍സനുമായി ഉദ്യോഗസ്ഥര്‍ കലൂരിലെ വീട്ടിലെത്തിയത്. അപ്പോഴാണു വീടിന്റെ ഒരുഭാഗം പൊളിഞ്ഞതായി ശ്രദ്ധയില്‍ പെടുന്നത്. ഇതിനുള്ളില്‍ ഉണ്ടായിരുന്ന പുരാവസ്തുക്കളില്‍ പലതും മോഷണം പോയെന്നു മോന്‍സന്റെ പരാതിയിലാണു പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്.

സി.സി ടി.വി പൊളിച്ചു മാറ്റിയാണു മോഷണം നടത്തിയിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് കോടതിയില്‍ നിന്നു കമ്മിഷനുള്‍പ്പടെയുള്ളവര്‍ വന്നു പരിശോധിച്ച സമയത്തു വീടിനു കേടുപാടുകള്‍ ഉണ്ടായിരുന്നില്ല. ഹൈക്കോടതി ഉത്തരവുപ്രകാരം വന്നുനോക്കിയപ്പോഴാണു മോഷണ വിവരം അറിഞ്ഞതെന്നും അഭിഭാഷകന്‍ പറഞ്ഞു. മോന്‍സണ്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ മോഷണം നടന്നതായി മകന്‍ മനസ് മോന്‍സണ്‍ എറണാകുളം നോര്‍ത്ത് പോലീസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണു മോഷണം നടന്നതെന്നും വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടമായെന്നു സംശയമുണ്ടെന്നും പരാതിയില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലും മോഷണം നടന്നിരുന്നു.