Featured Oddly News

കിടപ്പുമുറി കൈയടക്കി കാളയും പശുവും! അഭയം തേടി 2 മണിക്കൂര്‍ യുവതി അലമാരയിൽ; വീഡിയോ

ഫരീദാബാദിലെ ദാബുവ കോളനിയിൽ നിന്നും പുറത്തുവരുന്ന ഒരു വിചിത്ര സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. അപ്രതീക്ഷിതമായി കിടപ്പുമുറിയിലേക്ക് ഒരു പശുവും കാളയും അതിക്രമിച്ചു കയറിയതിനെ തുടർന്ന് ജീവൻ ഭയന്ന്, സഹായം എത്തുന്നതുവരെ ഒരു യുവതി ഏകദേശം രണ്ട് മണിക്കൂർ ഒരു അലമാരയിൽ അഭയംതേടി.

ബുധനാഴ്ച രാവിലെയാണ് സംഭവം. റിപ്പോർട്ടുകൾ പ്രകാരം സപ്ന സാഹു എന്ന യുവതി വീട്ടിൽ പ്രാർത്ഥന നടത്തുകയായിരുന്നു. കുട്ടികൾ അമ്മായിയുടെ വീട്ടിൽ പോയിരുന്നു. പെട്ടെന്ന്, ഒരു പശു നേരെ അവരുടെ കിടപ്പുമുറിയിലേക്ക് ഓടിക്കയറി. പിന്നാലെ ഒരു കാളയും വന്നു. അവര്‍ക്ക് പ്രതികരിക്കാൻ കഴിയുന്നതിന് മുമ്പ്, കാള കിടക്കയിലേക്ക് കയറി.

അകത്തുള്ള മൃഗങ്ങളെ കണ്ടപ്പോൾ പരിഭ്രാന്തയായ സ്വപ്ന പെട്ടെന്ന് അലമാരയിൽ കയറി ഒളിച്ചു. കന്നുകാലികൾ മുറിയിൽ നിന്ന് പുറത്തുപോകാൻ കൂട്ടാക്കാതെ നിന്നതിനാല്‍ അവൾ ഏകദേശം രണ്ട് മണിക്കൂറോളം അലമാരയില്‍ ഇരിക്കേണ്ടിവന്നു.

ശബ്ദം കേട്ട് അയൽക്കാർ സഹായിക്കാൻ ഓടിക്കൂടി. പടക്കം പൊട്ടിക്കുക, വെള്ളം ചീറ്റിക്കുക, ഭയപ്പെടുത്താൻ വടി ഉപയോഗിക്കുക തുടങ്ങി വിവിധ മാര്‍ഗങ്ങള്‍ അവർ പരീക്ഷിച്ചു. പക്ഷേ, ഒന്നും ഫലിച്ചില്ല, കന്നുകാലികൾ അകത്തുതന്നെ കിടക്കയില്‍ തുടർന്നു.

ഒടുവിൽ, ഒരു അയൽക്കാരൻ തന്റെ വളർത്തുനായയെ കൊണ്ടുവന്നു, അത് കുരയ്ക്കാൻ തുടങ്ങി. പേടിച്ചരണ്ട പശുവും കാളയും ഒടുവിൽ ഒന്നൊന്നായി മുറിയിൽ നിന്ന് ഇറങ്ങി. അതിനുശേഷം മാത്രമാണ് സ്വപ്നയെ അലമാരയിൽ നിന്ന് രക്ഷപ്പെടുത്തിയത്. പേടിച്ചരണ്ട അവളെ പരിശോധനയ്ക്കായി ഒരു ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയി ചികിത്സിക്കക്ക് വിധേയയാക്കുകയും ചെയ്തു.

https://twitter.com/Ambujtimes/status/1905191270009704581

ഞെട്ടിക്കുന്ന സംഭവം ഫരീദാബാദിൽ വർദ്ധിച്ചുവരുന്ന തെരുവ് മൃഗങ്ങളുടെ ഭീഷണി ഉയർത്തിക്കാട്ടുകയാണ്. ജനവാസ കേന്ദ്രങ്ങളിൽ യഥേഷ്ടം അലഞ്ഞുതിരിയുന്ന കന്നുകാലികളെ നിയന്ത്രിക്കാൻ കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *