ചെന്നൈ: തമിഴ്നാട്ടിലെ നീലാങ്കരൈയിൽ ഒരു വാഹനാപകടത്തിൽ പരിക്കേറ്റ കാളക്കുട്ടിയെ അതിൻ്റെ ഇപ്പോഴത്തെ ഉടമ രക്ഷപ്പെടുത്തി. ബംഗാൾ ഉൾക്കടലിന് അഭിമുഖമായി അംബരചുംബിയായ കെട്ടിടത്തിൻ്റെ 28-ാം നിലയിൽ കഴിയുന്ന ഈ മൂന്ന് മാസം പ്രായമുള്ള കാളക്കുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
‘മിസ്റ്റർ അലക്സ്’ എന്ന് പേരുള്ള ഈ കാളക്കുട്ടിയെ എങ്ങനെയാണ് രക്ഷപ്പെടുത്തിയതെന്നും എന്തുകൊണ്ടാണ് ഉയരമുള്ള ഫ്ലാറ്റിൽ താമസിപ്പിക്കുന്നതെന്നും അതിൻ്റെ ഉടമ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. മൃഗങ്ങളെ രക്ഷിക്കുന്നയാളും സാമൂഹ്യപ്രവർത്തകനുമായ സായി വിഘ്‌നേഷ് തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ പങ്കുവെച്ചത്. “അലക്സ്! ഒരു അപ്പാർട്ട്‌മെൻ്റിൽ താമസിക്കുന്ന കാളക്കുട്ടി!” എന്ന തലക്കെട്ടോടെയാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തത്.
വീഡിയോയിൽ മിസ്റ്റർ അലക്സിൻ്റെ ഉടമ പറയുന്നത്- കാർ ഇടിച്ചതിനെ തുടർന്ന് വളരെ മോശം അവസ്ഥയിലായിരുന്ന അലക്സിനെ താനാണ് രക്ഷിച്ചത്. കൃത്യമായ വൈദ്യസഹായവും പരിചരണവും നൽകുന്നതിനായി, ഒരു മാസം പോലും പ്രായമില്ലാതിരുന്ന അലക്സിനെ അവർ വീട്ടിലേക്ക് കൊണ്ടുവന്നു. സ്നേഹവും കരുതലും കാരണം കാളക്കുട്ടി ശക്തനായി വളരുകയും രക്ഷകൻ്റെ കുടുംബത്തിൻ്റെ ഭാഗമാവുകയും ചെയ്തു. വീട്ടിലെ നായകളോടൊപ്പം കളിക്കുന്നതും അവനിഷ്ടമാണ്.
മിസ്റ്റർ അലക്സിനെക്കുറിച്ച് സംസാരിക്കുമ്പോൾ, അവനൊരു ശാന്തസ്വഭാവക്കാരനും ഓമനിക്കാൻ ഇഷ്ടമുള്ളവനുമാണെന്ന് ഉടമ വിഘ്‌നേഷിനോട് പറഞ്ഞു. ഈ വീഡിയോക്ക് സമൂഹമാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ചിലർ അത്ഭുതം പ്രകടിപ്പിച്ചപ്പോൾ, മറ്റു ചിലർ മിസ്റ്റർ അലക്സിൻ്റെ രക്ഷകയോട് ചോദ്യങ്ങൾ ചോദിച്ചു, ചിലരാകട്ടെ വീഡിയോ കണ്ട സന്തോഷം പങ്കുവെച്ചു.




