ലോകമൊട്ടാകെയുള്ളയുള്ള സംഗീതാസ്വാദരുടെ ആവേശമാണ് ദക്ഷിണ കൊറിയൻ പോപ്പ് സംഗീത ഗ്രൂപ്പായ ബിടിഎസ്. ഈ രാജ്യത്തെ പൂര്ണ്ണാരോഗ്യവാന്മാരായ എല്ലാ പൗരന്മാരും സൈനികസേവനം ചെയ്തിരിക്കണം എന്ന് നിര്‍ബ്ബന്ധമുണ്ട്. അതനുസരിച്ച് സൈനിക സേവനം ചെയ്യുന്ന അവരുടെ സൈനിക സേവനവും സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൊന്നാണ്. ഇപ്പോഴിതാ എലൈറ്റ് ഗ്രാജുവേറ്റ്സ് ആയി 5 ആഴ്ചത്തെ അടിസ്ഥാന സൈനിക പരിശീലനം പൂർത്തിയാക്കിയ ബിടിഎസ് താരങ്ങളായ വിയും ആർഎമ്മും ഇതിന്റെ സന്തോഷം ആരാധകരുമായി പങ്കിട്ടു.

മികച്ച രീതിയില്‍ ട്രെയിനിങ്ങ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് മാത്രം നല്കുന്ന എലൈറ്റ് ഗ്രാജുവേറ്റ്സ് പദവി ഇത്തവണ ആറു പേര്‍ക്കാണ് നല്കയത്. അതില്‍ രണ്ടുപേര്‍ ബിടിഎസ് താരങ്ങളാണെന്നതാണ് ആരാധകരുടെ സന്തോഷം. നാന്സണിലെ സൈനിക ക്യാമ്പില്‍ നടന്ന ഈ പ്രത്യേക ചടങ്ങില്‍ ഇവര്‍ ബഹുമതികള്‍ ഏറ്റുവാങ്ങുന്നതിന്റെ വീഡിയോയും പുറത്തുവന്നു.
ബിടിഎസ് താരങ്ങളായ വിയുടെയും ആര്‍എമ്മിന്റെയും സൈനിക വേഷത്തിലുള്ള ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ആര്‍എം ചിത്രങ്ങള്‍ പങ്കുവച്ചിട്ടുള്ളത്. ബിടിഎസ് താരങ്ങള്‍ സൈനിക വേഷത്തിലുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത് ആദ്യമായാണ്. ഏറെ അഭിമാനം എന്നാണ് ചിത്രങ്ങള്‍ കണ്ട ആരാധകര്‍ പ്രതികരിച്ചത്.