Health

കുഞ്ഞിനായി മുലപ്പാല്‍ ശേഖരിച്ച് വയ്ക്കാം; ജോലിക്ക് പോകുന്ന അമ്മമാര്‍ ഇത് അറിഞ്ഞിരിക്കണം

അമ്മയുടെ മുലപ്പാല്‍ കുഞ്ഞിന്റെ ജീവനും ജീവിതത്തിനും അമൃതാണ്. ഏതാണ്ട് 23 ലക്ഷം കുഞ്ഞുകള്‍ ലോകത്ത് പ്രതിവര്‍ഷം മരിക്കുന്നതായിയാണ് കണക്കുകള്‍. അതില്‍ അധികവും കുഞ്ഞ് ജനിച്ച് ആദ്യ 28 ദിവസത്തിനുള്ളില്‍ തന്നെയാണ്. അതിനാല്‍തന്നെ നവജാത ശിശുക്കളുടെ ആരോഗ്യം വളരെ പ്രധാനവും അതില്‍തന്നെ മുലപ്പാലിന്റെ പ്രധാന്യവും എടുത്തുപറയേണ്ടതുമാണ്.

നവജാതശിശുവിന്റെ തലച്ചോറിന്റെയും കണ്ണിന്റെയും വികാസത്തെയും മാനസിക വളര്‍ച്ചയെയും സഹായിക്കുന്നതും മുലപ്പാല്‍ തന്നെയാണ്. നിര്‍ജലീകരണം തടയാനും നവജാത ശിശുവിന്റെ ശരീരോഷ്മാവ് ക്രമീകരിക്കുന്നതിനും സഹായിക്കും. മുലപ്പാലിലെ ആന്റിബോഡികള്‍ പ്രമേഹം , സീലിയാക് ഡിസീസ്, രക്താര്‍ബുദം, വയറിളക്കം എന്നിവയില്‍ നിന്നും കുഞ്ഞിനെ സംരക്ഷിക്കാന്‍ സഹായകമാകും.

അമ്മയ്ക്കു പ്രസവാനന്തര രക്തസ്രാവം കുറയ്ക്കാനും സ്തനാര്‍ബുദം, അണ്ഡാശയാര്‍ബുദം എന്നിവയില്‍ നിന്നുള്ള സംരക്ഷണത്തിനും മുലപ്പാല്‍ നല്‍കുന്നത് സഹായകമാകും. പ്രസവിച്ചയുടന്‍ തന്നെ വരുന്ന ഇളം മഞ്ഞ നിറത്തിലുള്ള പാലാണ് കൊളസ്ട്രം. പോഷകങ്ങളാലും ആന്റിബോഡികളാലും സമൃദ്ധമായ ഇത് കുഞ്ഞിനെ അണുബാധയില്‍ നിന്നും സംരക്ഷിക്കുന്നു. ദഹന വ്യവസ്ഥിതികളുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനും സഹായിക്കും. ആദ്യം ആറ് മാസം മുലപ്പാല്‍ മാത്രം കൊടുത്താല്‍ മതി. കുറഞ്ഞത് 2 വയസ്സുവരെയെങ്കിലും നല്‍കണം.

ജോലിക്കു പോകുന്ന അമ്മമാര്‍ നേരിടുന്ന ഒരു പ്രധാനപ്രശ്നമാണ് മുലയൂട്ടല്‍. ജോലിക്കു പോകുന്ന സമയത്തും മുലപ്പാല്‍ ശേഖരിച്ചു വച്ചു കുഞ്ഞിനു നല്‍കാം. കൈകളും സ്തനങ്ങളും സോപ്പും വെള്ളവുമുപയോഗിച്ചു കഴുകി വൃത്തിയാക്കിയ ശേഷം കൈകള്‍ കൊണ്ടോ, പമ്പുപയോഗിച്ചോ മുലപ്പാല്‍ പിഴിഞ്ഞെടുക്കാം. ശേഷം അത് അണുവിമുക്തമാക്കിയ പാത്രത്തില്‍ സൂക്ഷിക്കാം. അന്തരീക്ഷ ഊഷ്മാവില്‍ 4 മണിക്കൂറും റഫ്രിജറേറ്ററില്‍ 4 ദിവസം വരെയും പാല്‍സൂക്ഷിക്കാം. വെള്ളത്തില്‍ ഇറക്കിവച്ചു തണുപ്പു മാറ്റാം. നേരിട്ടു ചൂടാക്കരുത്. തണുപ്പു മാറ്റിയ പാല്‍ പിന്നീട് 2 മണിക്കുറിനുള്ളില്‍ ഉപയോഗിക്കണം.