Movie News

‘ഭ്രമയുഗത്തിൽ ഇനി കൊടുമൺ പോറ്റി’; മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് മാറ്റാൻ തയ്യാറെന്ന് സംവിധായകന്‍

മമ്മൂട്ടി നായകനായ ഭ്രമയുഗം എന്ന സിനിമയുടെ മുഖ്യകഥാപാത്രത്തി​ന്റെ പേരും കഥയും വിവാദത്തിലായതിനെ തുടര്‍ന്ന് നായകന്റെ പേര് കൊടുമണ്‍ പോറ്റി എന്ന് മാറ്റാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനില്‍ അപേക്ഷ നല്‍കി സിനിമയുടെ അണിയറക്കാര്‍. അതേസമയം കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ മാറ്റം സ്വീകരിച്ചോയെന്ന് പരിശോധിക്കാന്‍ സമയം തേടി. ഹര്‍ജി ഇന്നു വീണ്ടും പരിഗണിക്കും. യൂട്യൂബിൽ പങ്കുവെച്ച സിനിമയുടെ ഓഡിയോ ജുക്ക് ബോക്‌സിൽ പോറ്റിയുടെ തീം കൊടുമൺ പോറ്റി തീം എന്നാക്കി മാറ്റിയിട്ടുണ്ട്.

ഭ്രമയുഗം എന്ന സിനിമയിലെ നായക കഥാപാത്രമായ കുഞ്ചമൺ പോറ്റിയുടെ ചിത്രീകരണം ചോദ്യം ചെയ്ത് പരമ്പരാഗത ബ്രാഹ്‌മണ കുടുംബമായ പുഞ്ചമണ്‍ ഇല്ലത്തിലെ അംഗമാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഐതീഹ്യമാല എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ആചാരാനുഷ്ഠാനങ്ങളില്‍ ചരിത്രപരമായി ഏര്‍പ്പെട്ടിരിക്കുന്ന ഹര്‍ജിക്കാരുടെ കുടുംബ വംശപരമ്പരയാണെന്ന് ഹര്‍ജിയില്‍ ആരോപിച്ചു. സിനിമയിലെ കഥാപാത്രം ദുര്‍മന്ത്രവാദങ്ങളും മറ്റും ചെയ്യുന്നതായി കാണിച്ചിരിക്കുന്നത് തങ്ങളുടെ കുടുംബത്തിന്റെ സത്കീർത്തിയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി കോട്ടയത്തെ കുഞ്ചമൺ ഇല്ലക്കാരാണ് ഹൈക്കോടതിയിൽ ഹര്‍ജി സമര്‍പ്പിച്ചത്.

ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രമായ കുഞ്ചമൺ പോറ്റിക്ക് ഐതിഹ്യമാലയുമായി യാതൊരു ബന്ധവും ഇല്ലെന്നും തീർത്തും ഭാവനയിൽ ഉണ്ടായ കഥാപാത്രവും കഥയുമാണ് ചിത്രത്തിന്റേത് എന്നും കൊച്ചിയിൽ വെച്ച് നടന്ന പത്രസമ്മേളനത്തില്‍ രാഹുൽ സദാശിവന്‍ പറഞ്ഞു. ഫെബ്രുവരി 15-നാണ് ഭ്രമയുഗത്തിന്റെ ആ​ഗോള റിലീസ് തീരുമാനിച്ചിരിക്കുന്നത്. ജിസിസിയിലും വമ്പൻ റിലീസിനാണ് ഭ്രമയുഗം തയായറെടുത്തത്.