Crime

തലകുനിച്ച് സാംസ്കാരിക കേരളം, പള്‍സര്‍ സുനിക്ക് കോടതി മുറ്റത്ത് പുഷ്പവൃഷ്ടി, ജയ് വിളി

സാംസ്കാരിക കേരളത്തെ നാണംകെടുത്തി നടിയെ ആക്രമിച്ച കേസില്‍ ഏഴര വര്‍ഷത്തെ വിചാരണത്തടവിനുശേഷം പുറത്തിറങ്ങിയ ഒന്നാം പ്രതി പള്‍സര്‍ സുനിയെ സ്വീകരിച്ചതു മാലയിട്ട്. എറണാകുളം സബ്ജയിലില്‍ നാലേകാലോടെ കോടതി ഉത്തരവുമായെത്തിയാണു ബന്ധുക്കള്‍ പള്‍സര്‍ സുനിയെ കൊണ്ടുപോയത്. ജയിലിനുപുറത്തു പുഷ്പവൃഷ്ടി നടത്തിയും ജയ് വിളിച്ചുമാണ് പള്‍സര്‍ സുനിയെ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.

സുനിയുടെ അഭിഭാഷകന്‍ അഡ്വ. പ്രതീഷ് കോടതി ഉത്തരവുമായി ജയിലിലെത്തിയിരുന്നു. കനത്തപോലീസ് കാവലിലാണു സുനി ജയിലില്‍ നിന്നും പോയത്. ഇതിനുപിന്നില്‍ ഉന്നതരുടെ പങ്കുണ്ടോയെന്നു സ്‌പെഷല്‍ ബ്രാഞ്ച് പരിശോധിക്കും. വിശദമായ അന്വേഷണം സ്‌പെഷല്‍ ബ്രാഞ്ച് നടത്തുമെന്നാണു സൂചന.

നടിയെ ആക്രമിച്ച കേസിലെ വിചാരണ അവസാനഘട്ടത്തിലേക്ക് എത്തുന്നതിനിടെയാണ് കേസിലെ ഒന്നാം പ്രതിക്കു ജാമ്യം. കര്‍ശന വ്യവസ്ഥകളോടെ ജാമ്യം. വിചാരണ കോടതിയാണ് പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചത്. എറണാകുളം ജില്ല വിട്ട് പോകരുത്, മാധ്യമങ്ങളോട് സംസാരിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, ഒരു സിമ്മില്‍ കൂടുതല്‍ ഉപയോഗിക്കരുത്, സിം വിവരങ്ങള്‍ കോടതിയില്‍ ഹാജരാക്കണം, ഒരു ലക്ഷം രൂപയുടെ ബോണ്ട് നല്‍കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് പള്‍സര്‍ സുനിക്ക് കോടതി ജാമ്യം അനുവദിച്ചത്.