അനിശ്ചിതത്വം നിറഞ്ഞ ഒരു ലോകത്ത് നല്ല ഭാവിയുള്ള കുഞ്ഞുങ്ങള്‍ ഉണ്ടാകാന്‍ എന്തുചെയ്യണം? ലക്ഷ്യബോധത്തോടെയും അറിവോടെയും വളര്‍ത്തണം എന്നത് ഒരു കാലഹരണപ്പെട്ട ചിന്തയാണോ? എന്തായാലും ‘മംഗളകരവും’ ‘അനുഗ്രഹീതവുമായ’ ഭാവി ഉറപ്പാക്കാന്‍ കുട്ടികള്‍ നല്ല മുഹൂത്തത്തില്‍ ജനിക്കണമെന്നതാണ് ഇന്ത്യാക്കാരുടെ കണ്ടെത്തലെന്ന് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതിനായി നാളും സമയവും നോക്കി നല്ല സമയത്തെ ജനനം ഉറപ്പാക്കാന്‍ ആളുകള്‍ ആഗ്രഹിക്കുകയും അതിനായി ഡോക്ടറോട് ആവശ്യപ്പെടുന്നതും സാധാരണമാകുകയാണ്. ഇതിനെ ഇപ്പോള്‍ ‘മുഹൂര്‍ത്ത ഡെലിവറികള്‍’ എന്നാണ് വിളിക്കുന്നത്. പണ്ടുകാലത്ത് കൂടുതലും സ്വാഭാവിക പ്രസവങ്ങളായിരുന്നു നടന്നിരുന്നത്. അതുകൊണ്ട്തന്നെ ജനനസമയം ഗണിക്കുന്നതും ജാതകമെഴുതുന്നതും ജനനശേഷമുള്ള കാര്യങ്ങളായിരുന്നു. എന്നാല്‍ ഇന്ന് കൂടുതല്‍ പ്രസവങ്ങളും സിസേറിയന്‍ ആണ്. അതുകൊണ്ട്തന്നെ് അമ്മയ്ക്കും കുഞ്ഞിനും മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെങ്കില്‍ ജനനസമയം തീരുമാനിക്കാന്‍ ഡോക്ടര്‍ക്കുള്ള സാദ്ധ്യത ഏറെയാണ്.
2024 ജനുവരിയില്‍, അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനായി ആളുകള്‍ തയ്യാറെടുക്കുമ്പോള്‍, അതേ തീയതിയില്‍ തന്നെ കുഞ്ഞുങ്ങളെ പ്രസവിക്കുന്നതിനായി നിരവധി ഗര്‍ഭിണികള്‍ ആശുപത്രികളില്‍ എത്തിയതായിട്ടാണ് റിപ്പോര്‍ട്ട്. ജനുവരി 22 നായിരുന്നു അയോദ്ധ്യയിലെ ക്ഷേത്രം തുറന്നുകൊടുത്തത്. കുഞ്ഞ് ഈ ‘മംഗള’കരമായ സമയത്തിലും നാളിലും ജനിക്കാന്‍ വേണ്ടി ഡോക്ടര്‍മാരോട് പല മാതാപിതാക്കളും മുന്‍കൂട്ടി ആവശ്യം ഉന്നയിച്ചിരുന്നതായിട്ടാണ് ഇന്ത്യാടുഡേ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
അതേസമയം ഈ സംഭവം ‘മുഹൂര്‍ത്ത പ്രസവങ്ങളു’ടെ കാര്യത്തില്‍ ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. നല്ല നാളും സമയവും നോക്കിയുള്ള ജനനങ്ങള്‍, ഇന്ത്യയിലുടനീളം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കും ഇതിനായുള്ള അഭ്യര്‍ത്ഥനകള്‍ കൂടുതല്‍ ലഭിക്കുകയും ചെയ്യുന്നുണ്ട്. ചില ക്ലിനിക്കുകള്‍ ഒരു പടി കൂടി കടന്ന് അവരുടെ സേവനങ്ങളുടെ പട്ടികയില്‍ ‘മുഹൂര്‍ത്ത് ഡെലിവറി’ എന്ന ഒരു പാക്കേജ് വരെ സെറ്റ് ചെയ്തിരിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഗര്‍ഭാവസ്ഥയുടെ പ്രായം അനുയോജ്യമാണെന്നും അത്യാഹിതമില്ലെന്നും ഉറപ്പാക്കിയശേഷമാണ് ക്ലിനിക്കുകള്‍
ജ്യോതിഷികള്‍ പ്രവചിച്ച ഇത്തരം പ്രസവങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്.
എന്നാല്‍ സേവനങ്ങള്‍ നല്‍കാന്‍ ബുദ്ധിമുട്ടുള്ള സമയങ്ങളില്‍ ഈ ആവശ്യം ഉന്നയിക്കുന്നത് ചില പ്രശ്‌നങ്ങളുണ്ടാക്കുന്ന ഒന്നാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഉദാഹരണത്തിന് അര്‍ദ്ധരാത്രിയില്‍, അല്ലെങ്കില്‍ പുലര്‍ച്ചെ ഒരു മണിക്ക് ശേഷം ഇങ്ങിനെയുള്ള സമയങ്ങളിലെ ഡെലിവറികള്‍ ചിലപ്പോഴൊക്കെ കുഞ്ഞിനും അമ്മയ്ക്കും അനുയോജ്യമല്ലായിരിക്കാമെന്നും ചില ഡോക്ടര്‍മാര്‍ പറയുന്നു.
മുഹൂര്‍ത്ത പ്രസവം ആവശ്യപ്പെടുന്നതിന്റെ എണ്ണം വര്‍ഷം തോറും കൂടിവരുന്നതായും പറയുന്നു. സിസേറിയന്‍ പ്രസവങ്ങള്‍ 2015-2016ല്‍ 17.2% ആയിരുന്നത് 2019-2021ല്‍ 21.5% ആയി ഉയര്‍ന്നതായി ദേശീയ കുടുംബാരോഗ്യ സര്‍വേകളില്‍ നിന്നുള്ള ഡാറ്റ വെളിപ്പെടുത്തുന്നു. കുഞ്ഞിന് പൂര്‍ണ്ണ വളര്‍ച്ചയെത്താതെ (37 ആഴ്ചയില്‍ താഴെ) മുഹൂര്‍ത്ത പ്രസവത്തിന് വേണ്ടി മാത്രം മാതാപിതാക്കള്‍ നിര്‍ബന്ധിക്കുന്നത് നവജാതശിശുവിന് സങ്കീര്‍ണതകളിലേക്ക് നയിച്ചേക്കാമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. കുട്ടിയുടെ ഭാവി നിര്‍ണ്ണയിക്കാന്‍ കൃത്യമായ ജനനസമയം കണ്ടെത്തുന്നതിന് പകരം നല്ല ആരോഗ്യവും ശരിയായ വൈദ്യ പരിചരണവും കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് പ്രധാനം എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.