Movie News

ബോളിവുഡിലെ സര്‍പ്രൈസ് ഹിറ്റ് ‘കില്‍’ ദക്ഷിണകൊറിയയിലേക്ക്

കൊലപാതകവും രക്തച്ചൊരിച്ചിലും രൂക്ഷമായ രീതിയില്‍ ചിത്രീകരിച്ച ഞെട്ടിക്കുന്ന വയലന്‍സുള്ള ഇന്ത്യന്‍ സിനിമ നിഖില്‍ നാഗേഷ് ഭട്ടിന്റെ ‘കില്‍’ കൊറിയയിലേക്കും. സിനിമ ഓഗസ്റ്റ് 29 ന് തീയേറ്ററുകളില്‍ എത്തി. കില്ലിന്റെ കൊറിയന്‍ റിലീസ് പ്രഖ്യാപിക്കാന്‍ കില്‍ നടന്‍ രാഘവ് ജുയല്‍ തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ എത്തിയത്. ലാറ്റിനമേരിക്കാന്‍ രാജ്യങ്ങളില്‍ ഉള്‍പ്പെടെ റിലീസ് ചെയ്യാനൊരുങ്ങുകയാണ്.


സെപ്തംബറില്‍ മെക്സിക്കോ, അര്‍ജന്റീന, പെറു, മറ്റ് തെക്കേ അമേരിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ കില്‍ റിലീസ് ചെയ്യാനിരിക്കുകയാണ്. അതിന് മുന്നോടിയായിട്ടാണ് ദക്ഷിണ കൊറിയയില്‍ റിലീസ് ചെയ്തിരിക്കുന്നത്. വയലന്‍സ് സിനിമകള്‍ ഏറെ ആകര്‍ഷിക്കുന്ന പ്രേക്ഷകസമൂഹമാണ് കൊറിയയിലുള്ളത്. ഗുനീത് മോംഗയുടെ സിഖ്യ എന്റര്‍ടൈന്‍മെന്റും കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിച്ച സിനിമയുടെ പ്രധാന കണ്ടന്റ് അതിതീവ്രമായ വയലന്‍സാണ്. ഒരുപക്ഷേ ഇന്ത്യന്‍ പ്രേക്ഷകര്‍ ഇതുവരെ ബിഗ് സ്‌ക്രീനില്‍ കണ്ടിട്ടില്ലാത്ത പോരാട്ടവും രക്തച്ചൊരിച്ചിലുമാണ് സിനിമ കാണിച്ചു തന്നത്. 2022-ല്‍ ഇന്ത്യയില്‍ ചിത്രീകരിച്ച ഈ ചിത്രം, റിലീസ് ഈ വര്‍ഷമാണ് നടത്തിയത്.


സിനിമയ്ക്ക് ഒരു ദക്ഷിണകൊറിയന്‍ കണക്ഷനുമുണ്ട്. സിനിമയ്ക്കായി ആക്ഷന്‍ കോറിയോഗ്രാഫി ഒരുക്കിയത് കൊറിയന്‍ സംഘട്ടന സംവിധായകനായ സെ-യോങ് ഓയായിരുന്നു. ബോളിവുഡില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത പോലെ പാട്ടോ നൃത്തമോ കൂടാതെയുള്ള ഒരു പുതുമുഖങ്ങളുടെ സിനിമ ഇത്രയും സ്വീകരിക്കപ്പെടുന്നത് ഇതാദ്യമാണ്. ആറാഴ്ചയാണ് തിയറ്ററുകളില്‍ സിനിമ ഓടിയത്. തിയേറ്ററുകളില്‍ പിടിക്കാന്‍ കഴിയാത്തവര്‍ക്ക് ഒടിടിയില്‍ സിനിമ കാണാനാകും. ഇന്ത്യയില്‍ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ ഇത് ഉടന്‍ റിലീസ് ചെയ്യും.