Healthy Food

വാഴപ്പഴത്തിന് നീലനിറമോ? അതും വാനില ഐസ്ക്രീമിന്റെ രുചിയിൽ…

പല തരത്തിലുള്ള വാഴപ്പഴങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാകാം, കഴച്ചിട്ടുണ്ടാകാം. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി ഐസ്‌ക്രീം ബനാനയെപ്പറ്റി നിങ്ങള്‍ കണ്ടിട്ടോ കേട്ടിട്ടോ ഉണ്ടോ? ഇത് ബ്ലു ജാവ ബനാന എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ഈ പേര് കേട്ട് മുഴുവന്‍ നീല നിറത്തിലാണെന്ന് കരുതിയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഈ വാഴപ്പഴത്തിന് ഇളം നീലയും ഇളം പച്ചയും കലര്‍ന്ന നിറമാണുള്ളത്. എന്നാല്‍ ഇത് പഴുത്തുകഴിഞ്ഞാല്‍ നേരിയ മഞ്ഞനിറത്തിലേക്ക് മാറും. തൊലി മാറ്റിയാല്‍ മറ്റ് വാഴപ്പഴത്തിന് സമാനമായ നിറമായിരിക്കും.

ഇതിന്റെ രുചിക്കും വളരെ പ്രത്യേകതകളുണ്ട്. വാനിലയുടെ രുചി പോലെയാണ് നമ്മള്‍ക്ക് അനുഭവപ്പെടുന്നത്. അതിനാല്‍ തന്നെ ഇതിന് വാനില ബനാന , ഹവായിയിന്‍ ബനാന എന്നിങ്ങനെ പല പേരുകളിലും അറിയപ്പടുന്നു. ഇത് കൂടുതലായി കാണുന്നത് സൗത്ത് ഈസ്റ്റ് ഏഷ്യയിലാണ്.

ഈ വാഴപ്പഴം ഫൈബറിന്റെ ഒരു നല്ല സ്രോതസാണ്. അതിനാല്‍ തന്നെ നിരവധി ആരോഗ്യ ഗുണങ്ങളും ഇതിനുണ്ട്. ആന്റി ഓക്സിഡന്റിനാല്‍ സമ്പന്നമാണിത്. ഹൃദയാഘാതം, പ്രമേഹം, ചില കാന്‍സറുകള്‍ എന്നിവയെ പ്രതിരോധിക്കാന്‍ ഇത് സഹായിക്കും. മാംഗനീസ്, ഫൈബര്‍, ഇരുമ്പ്, ഫോസ്ഫറസ്, സെലേനിയം തുടങ്ങിയ ശരീരത്തിന് ആവശ്യമായ മൂലകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്.

ഈ ഐസ്‌ക്രീം വാഴപ്പഴവും കോള്‍ഡ് കോഫിയും, വാനില ഐസ്‌ക്രീമും, ബ്ലുബെറീസും, കൊക്കോ പൗഡറുമൊക്കെ ഉപയോഗിച്ച് നല്ല അടിപൊളി ഷേക്കും തയ്യാറാക്കാന്‍ കഴിയും.