Crime

ദുരാത്മാക്കളെ ഒഴിപ്പിക്കാന്‍ ആഭിചാരം; യുവതിയെ മദ്യം കുടിപ്പിച്ചു; ബീഡി വലിപ്പിച്ചു, ഭസ്മം തീറ്റിച്ചു; ഭര്‍ത്താവും മന്ത്രവാദിയും പിടിയില്‍, അമ്മായിയമ്മ ഒളിവില്‍

കോട്ടയം: മരിച്ചുപോയ ബന്ധുക്കളുടെ ദുരാത്മാക്കള്‍ കൂടിയിട്ടുണ്ടെന്നു പറഞ്ഞ് ആഭിചാരക്രിയയുടെ പേരില്‍ യുവതിക്കു പത്തു മണിക്കൂര്‍ നീണ്ട ക്രൂരമായ ശാരീരിക, മാനസിക പീഡനം. ഭര്‍ത്താവും മന്ത്രവാദിയും അടക്കം മൂന്നുപേര്‍ അറസ്റ്റില്‍. യുവാവിന്റെ മാതാവും കൂട്ടുപ്രതികളും ഒളിവിലാണ്.

പത്തനംതിട്ട പെരുന്തുരുത്തി ഭാഗത്ത് പന്നിക്കുഴി മാടാച്ചിറ വീട്ടില്‍ ശിവദാസ്(54), യുവതിയുടെ ഭര്‍ത്താവായ മണര്‍കാട് തിരുവഞ്ചൂര്‍ കൊരട്ടിക്കുന്നേല്‍ അഖില്‍ ദാസ്(26), ഇയാളുടെ പിതാവ് ദാസ് (55)എന്നിവരെയാണ് ഇന്നലെ മണര്‍കാട് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രണയവിവാഹിതരാണ് യുവതിയും ഭര്‍ത്താവും. യുവതിയുടെ ശരീരത്തില്‍ മരിച്ചുപോയ ബന്ധുക്കളുടെ ദുരാത്മാക്കള്‍ കൂടിയിട്ടുണ്ടെന്നു ഭര്‍ത്താവിന്റെ അമ്മ ആരോപിക്കുകയായിരുന്നു. തുടര്‍ന്ന്, ഇവര്‍ ഇടപാട് ചെയ്തതനുസരിച്ചു വീട്ടിലെത്തിയ തിരുവല്ല മുത്തൂര്‍ സ്വദേശിയായ ശിവന്‍ തിരുമേനി എന്നു വിളിക്കുന്ന പൂജാരിയെ ആഭിചാരക്രിയയ്ക്ക് ഏര്‍പ്പാടാക്കി.

കഴിഞ്ഞ രണ്ടിനു രാവിലെ 11 മുതല്‍ രാത്രി ഒന്‍പതു വരെ ആഭിചാരക്രിയകള്‍ നീണ്ടു. ഇതിന്റെ ഭാഗമായി യുവതിക്കു മദ്യം നല്‍കിയശേഷം ബലമായി ബീഡി വലിപ്പിക്കുക, ഭസ്മം തീറ്റിക്കുക, ശരീരത്തില്‍ പൊള്ളല്‍ ഏല്‍പ്പിക്കുക എന്നിവ ഉള്‍പ്പെടെ മറ്റു ശാരീരിക ഉപദ്രവങ്ങളും ഏല്‍പ്പിച്ചു. യുവതിയുടെ മാനസികനില തകരാറിലായതിനെത്തുടര്‍ന്നു പിതാവ് പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മണര്‍കാട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. സംഭവത്തിനുശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു മാറിനിന്ന ഒന്നാം പ്രതിയെ തിരുവല്ല മുത്തൂര്‍ ഭാഗത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതികളായ, യുവാവിന്റെ മാതാവും മറ്റുള്ളവരും ഒളിവിലാണ്.

കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. മണര്‍കാട് എസ്.എച്ച.ഒ: അനില്‍ ജോര്‍ജ്, എസ്.ഐമാരായ ആഷ് ടി. ചാക്കോ, രാധാകൃഷ്ണന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അനൂപ്, വിജേഷ്, സുബിന്‍ പി. സജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതികളെ അറസ്റ്റ് ചെയ്തത്.