Lifestyle

ജെ.പി. നഡ്ഡക്ക് പിന്‍ഗാമി, ആരാണ് പുതിയ ബിജെപി ദേശീയ വർക്കിംഗ് പ്രസിഡന്റ് നിതിൻ നബിൻ ?

ന്യൂഡൽഹി: ബീഹാർ മന്ത്രിയായ നിതിൻ നബിനെ പാർട്ടിയുടെ ദേശീയ വർക്കിംഗ് പ്രസിഡന്റായി നിയമിച്ച് ഭാരതീയ ജനതാ പാർട്ടി . ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ് പുറത്തിറക്കിയ ഉത്തരവിൽ, നബിന്റെ നിയമനം പാർട്ടിയുടെ പാർലമെന്ററി ബോർഡ് അംഗീകരിച്ചതായി പറയുന്നു.

അഞ്ച് തവണ എം‌എൽ‌എ ആയ നബിൻ, നിലവിൽ നിതീഷ് കുമാർ നേതൃത്വം നൽകുന്ന ബീഹാർ സർക്കാരിൽ റോഡ് നിർമ്മാണ വകുപ്പ് മന്ത്രിയാണ്. 2020 ജനുവരി മുതൽ ബിജെപി ദേശീയ അധ്യക്ഷനായിരുന്ന കേന്ദ്രമന്ത്രി ജെ.പി. നഡ്ഡക്ക് പകരക്കാരനായാണ് അദ്ദേഹം എത്തുന്നത്.

2020 ജനുവരിയിൽ ചുമതലയേറ്റ നിലവിലെ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ തന്റെ മുഴുവൻ കാലാവധിയും പൂർത്തിയാക്കിയിരുന്നു. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള പ്രധാന രാഷ്ട്രീയ നാഴികക്കല്ലുകളിലൂടെ പാർട്ടിയെ നയിക്കുന്നതിനായി അദ്ദേഹത്തിന് നിരവധി തവണ കാലാവധി നീട്ടി നൽകിയിരുന്നു.

ആരാണ് നിതിൻ നബിൻ?

മുതിർന്ന ബിജെപി നേതാവ് നവീൻ കിഷോർ പ്രസാദ് സിൻഹയുടെ മകനാണ് നബിൻ. 2006-ൽ പട്ന വെസ്റ്റിൽ നിന്നുള്ള ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചാണ് അദ്ദേഹം ബീഹാർ നിയമസഭയിൽ പ്രവേശിക്കുന്നത്. ബിജെപിയുടെ യുവമോർച്ചക്ക് വേണ്ടി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹത്തിന് പാര്‍ട്ടിയിലെ സംസ്ഥാന ചുമതല വഹിച്ചുള്ള അനുഭവപരിചയവുമുണ്ട്.

ബീഹാർ സർക്കാരിൽ റോഡ് നിർമ്മാണ വകുപ്പ്, നഗര വികസന, ഭവന നിർമ്മാണ വകുപ്പ്, നിയമ വകുപ്പ് എന്നിവയുടെ മന്ത്രിസ്ഥാനങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.

2008-ൽ ബിജെപിയിൽ ഭാരതീയ ജനതാ യുവമോർച്ചയുടെ ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായും യുവജന വിഭാഗത്തിന്റെ കോ-ഇൻ-ചാർജായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 2010-2013 കാലയളവിൽ യുവമോർച്ചയുടെ ദേശീയ ജനറൽ സെക്രട്ടറിയായി. 2016-19 മുതൽ ബീഹാറിലെ യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്ന അദ്ദേഹം, 2019-ൽ സിക്കിമിലെ ബിജെപി തിരഞ്ഞെടുപ്പ് ചുമതലയുള്ള ആളായിരുന്നു. 2019 ജൂണിൽ അദ്ദേഹത്തെ സിക്കിം സംസ്ഥാന ബിജെപി ഓർഗനൈസേഷൻ ഇൻ-ചാർജ് ആയി നിയമിച്ചു.

ബീഹാർ സംസ്ഥാന രാഷ്ട്രീയത്തിലെ പ്രധാന വ്യക്തിത്വമായ നബിൻ, അടുത്തിടെ നടന്ന ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ പട്ന ജില്ലയിലെ ബാങ്കിപ്പൂർ നിയമസഭാ മണ്ഡലത്തിൽ ആർജെഡിയുടെ രേഖാ കുമാരിയെ 51,000-ത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തി സീറ്റ് നിലനിർത്തിയിരുന്നു. 2020 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നടനും രാഷ്ട്രീയക്കാരനുമായ ശത്രുഘ്നൻ സിൻഹയുടെ മകൻ ലവ് സിൻഹയെയും നബിൻ വൻ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയിരുന്നു.

പാർട്ടിയുടെ ഉന്നത നേതൃത്വ ഘടനയിൽ മാറ്റങ്ങൾ വരുത്തുന്ന പ്രക്രിയ നടക്കുന്ന സമയത്താണ് ഏറ്റവും പുതിയ ഈ സംഘടനാ അഴിച്ചുപണി.

പ്രധാനമന്ത്രി മോദിയുടെ പ്രശംസ

പ്രധാനമന്ത്രി നരേന്ദ്ര മോദി നിതിൻ നബിനെ അഭിനന്ദിച്ചുകൊണ്ട്, അദ്ദേഹത്തിന്റെ ഊർജ്ജവും അർപ്പണബോധവും വരും കാലങ്ങളിൽ തങ്ങളുടെ പാർട്ടിയെ ശക്തിപ്പെടുത്തുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് പറഞ്ഞു.