Lifestyle

‘ഈ മാലിന്യങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറിയതില്‍ സന്തോഷമുണ്ട്‌’; എപ്‌സ്‌റ്റീന്‍ ഫയലുകളില്‍ ബില്‍ ഗേറ്റ്‌സിന്റെ പേര്‌, പ്രതികരണവുമായി മെലിന്‍ഡ

വാഷിങ്‌ടണ്‍: മുന്‍ ഭര്‍ത്താവും മൈക്രോസോഫ്‌റ്റ്‌ സഹസ്‌ഥാപകനുമായ ബില്‍ ഗേറ്റ്‌സിന്റെ പേര്‍ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്‌റ്റീന്റെ രേഖകളില്‍ വന്നതു സംബന്ധിച്ചു പ്രതികരണവുമായി മെലിന്‍ഡ ഫ്രഞ്ച്‌ ഗേറ്റ്‌സ്‌. അത്‌ തന്റെ ദാമ്പത്യത്തിലെ വേദനാജനകമായ സമയങ്ങളെ ഓര്‍മ്മിപ്പിച്ചുവെന്ന്‌ അവര്‍ പറഞ്ഞു.
ആരോപണം സംബന്ധിച്ച്‌ തന്റെ മുന്‍ ഭര്‍ത്താവടക്കമുള്ളവര്‍ മറുപടി പറയണമെന്നും അവര്‍ പറഞ്ഞു. ‘ഈ മാലിന്യങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറിയതില്‍ എനിക്ക്‌ സന്തോഷമുണ്ട്‌.
എന്തൊക്കെ ചോദ്യങ്ങള്‍ അവശേഷിക്കുന്നുവോ അത്‌ അവരോടും എന്റെ മുന്‍ ഭര്‍ത്താവിനോടും ഉള്ളതാണ്‌. അവര്‍ അതിന്‌ മറുപടി പറയണം.’- മെലിന്‍ഡ പറഞ്ഞു. 27 വര്‍ഷത്തെ ദാമ്പത്യത്തിന്‌ ശേഷം 2021ലാണ്‌ ഇരുവരും വിവാഹമോചനം നേടിയത്‌.
യു.എസ്‌. നീതിന്യായ വകുപ്പ്‌ പുറത്തുവിട്ട രേഖകളില്‍, ബില്‍ ഗേറ്റ്‌സിന്‌ ലൈംഗിക രോഗം പിടിപെട്ടിരുന്നുവെന്ന്‌ എപ്‌സ്‌റ്റീന്‍ ആരോപിച്ചതായി പറയുന്നു. ആ വാദത്തെ ബില്‍ ഗേറ്റ്‌സ്‌ ‘തികച്ചും അസംബന്ധം’ എന്ന്‌ വിളിച്ചു. ഒരു ‘നുണയന്റെ’ വാദങ്ങളാണ്‌ കുറിപ്പുകളിലുള്ളതെന്നു ബില്‍ ഗേറ്റ്‌സിന്റെ വക്‌താവ്‌ അഭിപ്രായപ്പെട്ടു.
എപ്‌സ്‌റ്റീന്റെ ഇരകളാരും ബില്‍ ഗേറ്റ്‌സിനെതിരേ ആരോപണം ഉന്നയിച്ചിട്ടില്ല, അദ്ദേഹത്തിന്റെ പേര്‍ ഫയലുകളില്‍ ഉള്‍പ്പെട്ടതുകൊണ്ട്‌ ക്രിമിനല്‍ പ്രവര്‍ത്തിയുണ്ടെന്ന്‌ അര്‍ത്ഥമാക്കുന്നില്ലെന്ന്‌ അദ്ദേഹം പറഞ്ഞു.
വേര്‍പിരിയുന്നതിന്‌ മുമ്പ്‌, തന്റെ ഭര്‍ത്താവിന്‌ എപ്‌സ്‌റ്റീനുമായുണ്ടായിരുന്ന ബന്ധത്തില്‍ മെലിന്‍ഡ ഫ്രഞ്ച്‌ ഗേറ്റ്‌സ്‌ അസ്വസ്‌ഥയായിരുന്നുവെന്ന്‌ യു.എസ്‌. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. അവരുടെ വേര്‍പിരിയല്‍ പ്രഖ്യാപിച്ചതിന്‌ ശേഷം, 2019ല്‍ ഒരു മൈക്രോസോഫ്‌റ്റ്‌ ജീവനക്കാരിയുമായി തനിക്ക്‌ ബന്ധമുണ്ടായിരുന്നതായി ബില്‍ ഗേറ്റ്‌സ്‌ സമ്മതിച്ചിരുന്നു.
2013 ജൂലൈ 18ലെ രണ്ട്‌ ഇമെയിലുകള്‍ എപ്‌സ്‌റ്റീന്‍ തയാറാക്കിയതായി രേഖകളിലുണ്ട്‌. പക്ഷേ അവ ബില്‍ഗേറ്റ്‌സിന്‌ അയച്ചിരുന്നോ എന്ന്‌ വ്യക്‌തമല്ല.
ഒരു ഇമെയിലില്‍ റഷ്യന്‍ പെണ്‍കുട്ടികളുമായുള്ള ലൈംഗിക ബന്ധത്തിന്റെ അനന്തരഫലങ്ങള്‍ കൈകാര്യം ചെയ്യാന്‍ ബില്ലിനായി മരുന്ന്‌ സംഘടിപ്പിക്കേണ്ടി വന്നതിനെക്കുറിച്ച്‌ എപ്‌സ്‌റ്റീന്‍ പരാതിപ്പെടുന്നു.
‘പ്രിയപ്പെട്ട ബില്‍’ എന്ന്‌ തുടങ്ങുന്ന രണ്ടാമത്തെ ഇമെയില്‍ സന്ദേശത്തില്‍ ബില്‍ ഗേറ്റ്‌സ്‌ താനുമായുള്ള സൗഹൃദം അവസാനിപ്പിച്ചതിനെക്കുറിച്ച്‌ എപ്‌സ്‌റ്റീന്‍ പരാതിപ്പെടുന്നുണ്ട്‌.
ബില്‍ ഗേറ്റ്‌സ്‌, തന്റെ അന്നത്തെ ഭാര്യ മെലിന്‍ഡയില്‍നിന്ന്‌ ഉള്‍പ്പെടെ, ലൈംഗിക രോഗം മറച്ചുവയ്‌ക്കാന്‍ ശ്രമിച്ചുവെന്ന്‌ കൂടുതല്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നു. ലൈംഗിക കടത്ത്‌ കേസില്‍ വിചാരണ കാത്തുനില്‍ക്കെ 2019ല്‍ ന്യൂയോര്‍ക്കിലെ ജയിലില്‍വച്ചാണ്‌ എപ്‌സ്‌റ്റീന്‍ മരിച്ചത്‌.